സിനിമാപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം; ഡി.വൈ.എഫ്.ഐ നേതാവും സുഹൃത്തും അറസ്റ്റില്‍

പൊതുമരാമത്ത് വകുപ്പിന്റെ മല്ലപ്പള്ളി ഗസ്റ്റ് ഹൗസിലെ മുറിക്ക് വലിയതുക വാടക ആവശ്യപ്പെട്ട് ഗസ്റ്റ് ഹൗസിന്റെ മേല്‍തോട്ട ചുമതലക്കാരനായ ഡി.വൈ.എഫ്.ഐ നേതാവും സുഹൃത്തും ചേര്‍ന്ന് യുവതിയടക്കമുള്ള സിനിമാ പ്രവര്‍ത്തരെ മര്‍ദ്ദിച്ചു. കുട്ടികളുടെ ഹൃസ്വചിത്രത്തില്‍ അഭിനയിപ്പിക്കാന്‍ മകനുമായെത്തിയ അഭിഭാഷക കൂടിയായ നൂറനാട് സ്വദേശി ഹസീന, ഭര്‍ത്താവ് സുനീര്‍, മകന്‍ അഹദ്, സംവിധായകന്‍ രാജീവ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഹസീനയുടെ വസ്ത്രങ്ങള്‍ സംഘം വലിച്ചുകീറി. ഇവരുടെ പരാതിയെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ ആനിക്കാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് കിരണ്‍(35), കൂട്ടാളി സി.പി.എം പ്രവര്‍ത്തകന്‍ ചേര്‍ത്തോട് സ്വദേശി മഹേഷ്(28) എന്നിവരെ കീഴ്‌വായ്പ്പൂര് പൊലീസ് അറസ്റ്റ് ചെയ്തു.
മല്ലപ്പള്ളി പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസില്‍ ഞായറാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. കൊല്ലം സ്വദേശിയായ ആര്‍.രാജീവിന്റെ നേത്യത്വത്തില്‍ കുട്ടികളുടെ ഹൃസ്വ ചിത്രത്തിന്റെ ചിത്രീകരണം പ്രദേശത്ത് നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് സിനിമാ പ്രവര്‍ത്തര്‍ നാലുദിവസം മുമ്പ് ഗസ്റ്റ് ഹൗസില്‍ മുറിയെടുത്തിരുന്നു. ചിത്രത്തില്‍ അഭിനയിക്കാനെത്തിയ കുട്ടികളും ഇവരുടെ മാതാപിതാക്കളുമായിരുന്നു ഇവരിലധികവും. കറുകച്ചാല്‍, കവിയൂര്‍ എന്നിവിടങ്ങളിലെ ചിത്രീകരണത്തിനുശേഷം ഞായറാഴ്ച രാത്രി ചിത്രത്തില്‍ അഭിനയിക്കുന്ന എട്ടു വയസുകാരന്‍ അഹദിനെയും കൂട്ടി മാതാപിതാക്കള്‍ മുറിയിലെത്തി . ഇവര്‍ പോകുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെ കിരണും മഹേഷും മുറിയിലെത്തി.
മുറിക്ക് ദിവസവാടകയായി ആദ്യം ആയിരം രൂപ വീതം വേണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് ഇത് രണ്ടായിരം രൂപയായി. ഇതോടെ ദമ്പതികള്‍ ബില്ല് ചോദിച്ചു. പെട്ടന്ന് കിരണും മഹേഷും പ്രകോപിതരായി മര്‍ദ്ദനം അഴിച്ചുവിടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ സംവിധായകന്‍ രാജീവിനെയും സംഘം മര്‍ദ്ദിച്ചു. ഇവര്‍ അറിച്ചതിനെ തുടര്‍ന്ന് പൊലിസ് എത്തിയപ്പോഴേക്കും അക്രമി സംഘം രക്ഷപ്പെട്ടു. പരിക്കേറ്റ ഹസീനയും മറ്റും മല്ലപ്പള്ളി താലൂക്ക് ആസ്പത്രിയില്‍ ചികിത്സ തേടി. പൊലീസില്‍ പരാതിനല്‍കിയശേഷം ഇവര്‍ നാട്ടിലേക്ക് പോയി. ഇന്നലെ രാവിലെ കിരണ്‍ പൊലസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായരുന്നുവെന്ന് പറയുന്നു. പിന്നാലെ മഹേഷിനെയും അറസ്റ്റു ചെയ്തു. മല്ലപ്പള്ളി ഗസ്റ്റ് ഹൗസില്‍ മുറിക്ക് മുന്നൂറുരൂപയായിരുന്നു ദിവസ വാടക. ഇപ്പോള്‍ ഗസ്റ്റ് ഹൗസിന്റെ നിയന്ത്രണം ചില ഗുണ്ടാസംഘങ്ങളുടെ കൈകളിലാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. തോന്നുന്നപോലെയാണ് ഇവര്‍ പണം വാങ്ങുന്നത്. മദ്യപാനവും ചീട്ടുകളുയുമറ്റുമാണ് ഇവിടെ നടക്കുന്നതെന്നും പ്രദേശവാസികള്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha























