അമൃതാനന്ദമയി മഠത്തിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് കേരളം സുപ്രീം കോടതിയില്‍

ഗെയില്‍ ട്രെഡ്‌വലിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അമൃതാനന്ദമയി മഠത്തിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് കേരളം സുപ്രീം കോടതിയില്‍. പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും കേസെടുക്കാന്‍ത്തക്ക തെളിവുകള്‍ ലഭിച്ചില്ലെന്നാണ് കേരളത്തിന്റെ വാദം. കേരളത്തിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ ഹാജരാകും. കേസെടുക്കാത്തതിന് ഡിവൈഎസ്പി കെ എസ് ബാലസുബ്രഹ്മണ്യം മുന്‍ ആഭ്യന്തരസെക്രട്ടറി എല്‍ രാധാകൃഷ്ണന്‍, കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ദേവേഷ് കുമാര്‍ തെഹര എന്നിവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്നാണ് ഹര്‍ജി നല്‍കിയ സുപ്രീംകോടതി അഭിഭാഷകന്‍ ദീപക് പ്രകാശിന്റെ ആവശ്യം. അമൃതാനന്ദമയി മഠത്തിനെതിരെ ഗെയില്‍ ട്രെഡ്‌വെല്‍ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാകില്ലെന്ന പോലീസ് നിലപാട് ചോദ്യം ചെയ്താണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും സ്വാധീനത്തിന് വഴങ്ങിയാണ് കേസെടുക്കാത്തതെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി അഭിഭാഷകന്‍ ദീപക് പ്രകാശാണ് ഹര്‍ജി നല്‍കിയത്. ദീപക് പ്രകാശിന്റെ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് കരുനാഗപ്പള്ളി പോലീസ് തീരുമാനിച്ചിരുന്നു. കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്ത പോലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്ന് സുപ്രീംകോടതി വിധിയുണ്ട്. ഈ വിധിയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര സെക്രട്ടറി, ഡിജിപി, കൊല്ലം എസ്.പി, കരുനാഗപ്പള്ളി എസ്.ഐ എന്നിവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യം. ഇത്തരമൊരു കേസില്‍ പരാമാവധി ഏഴ് ദിവസത്തിനുള്ളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി തന്നെ നേരത്തെ പുറപ്പെടുവിച്ച ലളിതാകുമാരി കേസിലെ വിധിയില്‍ പറയുന്നുണ്ട്. നടപടി ഉണ്ടായില്ലെങ്കില്‍ പൊലീസിനെതിരെ നിയമനടപടി ആകാമെന്നും വിധിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha