അര്‍ദ്ധരാത്രി വരെ പൊലീസുകാര്‍ യോഗം ചേര്‍ന്നത് വമ്പന്‍ സ്രാവുകളെ എങ്ങനെ രക്ഷിക്കാമെന്ന് കണ്ടെത്താനോ?

യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഉടന്‍ അറസ്റ്റുണ്ടാകില്ല. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ അറസ്റ്റ് എന്ന നടപടിയിലേക്ക് പോലീസ് കടക്കുകയുള്ളു. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണത്തെക്കുറിച്ച് മാധ്യമങ്ങള്‍ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുകയാണെന്നും, ഇത്തരം ഊഹാപോഹങ്ങള്‍ക്ക് പോലീസ് മറുപടി പറയേണ്ട കാര്യമില്ലെന്നുമാണ് റൂറല്‍ എസ്പി എവി ജോര്‍ജ് പറഞ്ഞത്. നടിയെ ആക്രമിച്ച കേസില്‍ സംശയത്തിന്റെ നിഴലില്‍ നിന്ന ദിലീപിനെയും അറസ്റ്റ് ചെയ്യില്ലെന്ന് ഏതാണ്ട് ഉറപ്പായി. കേസില്‍ ദിലീപിനെ ബന്ധിപ്പിക്കുന്ന തെളിവൊന്നുമില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
കേസില്‍ ദിലീപിന്റെയും നാദിര്‍ഷായുടെയും മൊഴി പൊലീസ് വീണ്ടും പരിശോധിച്ചു. 13 മണിക്കൂറോളമെടുത്താണ് അന്ന് ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയത്. ദിലീപിന്റെ മൊഴി 143 പേജും നാദിര്‍ഷയുടേത് 140 ഉം ആണുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. ഫോണ്‍ കോളുകളുടെ വിശദാംശങ്ങളാണു ചോദ്യങ്ങളില്‍ കൂടുതലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇരുവരെയും വൈകാതെ ചോദ്യം ചെയ്‌തെക്കുമെന്നാണ് വിവരം. അതിനപ്പുറം അറസ്റ്റിലേക്ക് പോകില്ല. ദിലീപിനേയും നാദിര്‍ഷായേയും ചോദ്യം ചെയ്ത് വിട്ടയക്കും.
കേസിലെ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ആലുവയില്‍ ചേര്‍ന്ന ഉന്നത പൊലീസ് ഉദ്യോസ്ഥരുടെ യോഗത്തില്‍ ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ചോദ്യം ചെയ്യലിന് ശേഷമേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്കു കടക്കൂ എന്നാണ് അന്വേഷണ സംഘം സൂചന നല്‍കിയത്. അന്വേഷണ സംഘത്തലവന്‍ ഐജി: ദിനേന്ദ്ര കശ്യപിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ഗൂഢാലോചന തെളിയിക്കാനായി പഴുതില്ലാത്ത വിധം തെളിവുകള്‍ ശേഖരിക്കണമെന്ന നിലപാടിലായിരുന്നു അന്വേഷണ സംഘം. കേസന്വേഷണത്തിന്റെ പുരോഗതി മൂന്നരമണിക്കൂറിലേറെ നീണ്ട യോഗത്തില്‍ വിലയിരുത്തി. കേസില്‍ ഇതുവരെ ശേഖരിച്ച തെളിവുകളും മൊഴികളും യോഗം പരിശോധിച്ചു. ആരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നോ അറസ്റ്റ് ഉടന്‍ ഉണ്ടാകുമോയെന്നോ വെളിപ്പെടുത്താന്‍ പൊലീസ് തയാറായില്ല.
സിബിഐയില്‍ പ്രവര്‍ത്തന പരിചയമുണ്ടെന്ന പേരില്‍ അന്വേഷണ മേല്‍നോട്ടത്തില്‍ നിയന്ത്രണം ഏറ്റെടുത്ത ദിനേന്ദ്ര കശ്യപ് അന്വേഷണ ചുമതല പലര്‍ക്കായി വീതിച്ചു നല്‍കി. പെരുമ്പാവൂര്‍ സിഐ ബിജു പൗലോസില്‍ അന്വേഷണം കേന്ദ്രീകരിക്കുന്നത് തടയാനാണ് ഈ നീക്കം. നേരത്തെ ദിലീപിലേക്ക് അന്വേഷണം എത്തിച്ച എഡിജിപി ബി സന്ധ്യയ്ക്ക് മഞ്ജു വാര്യരുമായി ബന്ധമുണ്ടെന്നും അതുകൊണ്ട് മാത്രമാണ് ദിലീപിനെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതെന്നും താര സംഘടനയിലെ പ്രമുഖര്‍ തന്നെ പലരോടും പറഞ്ഞിരുന്നു. സന്ധ്യ മാറിയാല്‍ എല്ലാം ശരിയാകുമെന്നായിരുന്നു ഇവരുടെ അഭിപ്രായം. അത് ശരിവയ്ക്കുന്ന തരത്തിലായിരുന്നു സന്ധ്യയെ തിരുവനന്തപുരത്തേക്ക് മാറ്റിയത്. അതിന് പിന്നാലെ ബിജു പൗലോസിനെ പൊലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തിയെന്നും സൂചന പുറത്തുവന്നു. ഇതോടെ ഗൂഢാലോചനക്കേസ് എങ്ങുമെത്തില്ലെന്ന സംശയം സജീവമാവുകയാണ്.
പള്‍സര്‍ സുനിയെ നേരത്തെ അറിയില്ലന്ന ദിലീപിന്റെ വാദങ്ങള്‍ പൊളിയുന്ന തെളിവുകള്‍ പുറത്തുവന്നിരുന്നു . ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ പള്‍സര്‍ സുനിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ചിത്രത്തിന്റെ ലൊക്കേഷനില്‍ പള്‍സര്‍ സുനി കൂടുതല്‍ ദിവസങ്ങളുണ്ടായിരുന്നതിന്റെ തെളിവുകള്‍ പൊലീസിനു ലഭിച്ചിരുന്നു. പള്‍സര്‍ സുനി ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയത് ഡ്രൈവറായാണെന്ന് തെളിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മുരുകനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ദിലീപ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ രണ്ട് ദിവസം പള്‍സര്‍ സുനി ലൊക്കേഷനിലുണ്ടായിരുന്നെന്നും വ്യക്തമായിട്ടുണ്ട്.
പ്രാഥമിക തെളിവുകള്‍ ദിലീപിനും കുടുംബങ്ങൾക്കും എതിരാണ്. അതിനാൽ തന്നെ ഇവരെ വിശദമായിത്തന്നെ ചോദ്യം ചെയ്ത് പോലീസ് നിയമ നടപടികൾ സ്വീകരിക്കണം എങ്കിൽ മാത്രമേ, ഈ ഗൂഢാലോചന തെളിയൂ. അതു ചെയ്യാതെ ഈ കേസിനെ കൂട്ടിയോജിപ്പിക്കാന്‍ കഴിയില്ലെന്ന നിഗമനവും ഉണ്ട്. അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന എഡിജിപി: ബി. സന്ധ്യ തിരുവനന്തപുരത്തായതിനാല്‍ ഇന്നലെ യോഗത്തില്‍ പങ്കെടുത്തില്ല. ഇത് ദുരൂഹമാണെന്നും വിലയിരുത്തലുണ്ട്. അട്ടിമറി സൂചനകള്‍ മനസ്സിലാക്കി യോഗത്തിന് എത്താത്തതെന്നാണ് വിലയിരുത്തല്‍. ഇതിനൊപ്പം എഡിജിപിയെ മനഃപൂര്‍വം ഒഴിവാക്കിയതാണെന്നും സൂചനയുണ്ട്. മേല്‍നോട്ട ചുമതലയുള്ള എഡിജിപി എത്താത് എന്ത് വിലയിരുത്തലാണ് നടന്നതെന്നാണ് ഉയരുന്ന ചോദ്യം.
നേരത്തെ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യലുകളുണ്ടാകുമെന്ന് ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജ് പറഞ്ഞിരുന്നു. ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ല. ചില നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇതുവരെ ലഭിച്ച തെളിവുകള്‍ യോഗം വിലയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ അറസ്റ്റില്‍ ഒന്നും പറയുന്നില്ല. മാധ്യമങ്ങളുടെ ഊഹാപോഹങ്ങളില്‍ പ്രതികരിക്കാനില്ലെന്നാണ് ജോര്‍ജ് പറയുന്നു. ഈ കേസില്‍ പെരുമ്പാവൂര്‍ സിഐയുടേതിന് സമാനമായി ഉറച്ച നിലപാടായിരുന്നു ജോര്‍ജ്ജിന്റേത്.
തന്റെ പരാതിയിലാണ് അന്വേഷണമെന്നതുള്‍പ്പെടെയുള്ള വാദങ്ങളെ പരസ്യമായി തള്ളിപ്പറയുകയും സിനിമാ ലോകത്തെ പ്രതിരോധത്തിലാക്കുകയും ചെയ്തത് ജോര്‍ജിന്റെ നിലപാടുകളായിരുന്നു. അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നത്. എന്നാല്‍ , ആരെയും അറസ്റ്റ് ചെയ്യാനുള്ള സഹാചര്യമോ തെളിവുകളോ ആയിട്ടില്ല. അതുകൊണ്ട് തന്നെ ഇതു സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്-ആലുവ റൂറല്‍ എസ്പി. അറിയിച്ചു.
https://www.facebook.com/Malayalivartha

























