ഗുണ്ട ബിനുവിനെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവ് ; ബിനുവിനും കൂട്ടാളികൾക്കായും കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും തെരച്ചില്‍ ശക്തമാക്കി പോലീസ്

കുപ്രസിദ്ധ ഗുണ്ട ബിനുവിനെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവ്. തമിഴ്‌നാട് പോലീസാണ് ഇയാളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടത്. തൃശൂര്‍ സ്വദേശിയായ ബിന്നി പാപ്പച്ചനാണ് (45) ഗുണ്ട ബിനുവെന്ന പേരില്‍ കുപ്രസിദ്ധനായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഇയാളുടെ പിറന്നാളാഘോഷ ചടങ്ങില്‍ നിന്ന് 67 ഗുണ്ടകളെ തമിഴ്‌നാട് പോലീസ് സാഹസികമായി പിടികൂടിയിരുന്നു. എന്നാല്‍ ഗുണ്ട ബിനുവും ഇരുപതോളം ഗുണ്ടകളും വിദഗ്ധമായി രക്ഷപെട്ടു. ഇയാള്‍ക്കായി കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും പോലീസ് തെരച്ചില്‍ ശക്തമാക്കി.
ചൊവ്വാഴ്ചയാണ് ഗുണ്ട ബിനുവിന്റെ 45-ാം പിറന്നാളാഘോഷം നടന്നത്. ആഘോഷത്തില്‍ വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ചത് വാര്‍ത്തയായിരുന്നു. പിറന്നാളാഘോഷത്തിന് വന്ന ഗുണ്ടകള്‍ അമ്പത്തൂര്‍ ഔട്ടര്‍ റിങ് റോഡില്‍ ട്രാഫിക് ബ്ലോക് സൃഷ്ടിച്ചിരുന്നു. പിറന്നാള്‍ ആഘോഷ സ്ഥലത്ത് നിന്ന് വടിവാള്‍, കത്തി തുടങ്ങി നിരവധി ആയുധങ്ങളും പോലീസ് പിടിച്ചെടുത്തിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടിന് തുടങ്ങിയ പോലീസ് റെയ്ഡ് ബുധനാഴ്ച രാവിലെയാണ് അവസാനിച്ചത്. എട്ട് കാറുകള്‍, 45 ബൈക്കുകള്‍, 88 മൊബൈല്‍ ഫോണുകള്‍ എന്നിവയും പോലീസ് പിടിച്ചെടുത്തിരുന്നു.
സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഗുണ്ട ബിനു പിറന്നാളാഘോഷം സംഘടിപ്പിച്ചത്. ഇരുനൂറോളം ഗുണ്ടകള്‍ ആഘോഷത്തിന് എത്തിയതില്‍ എല്ലാവര്‍ക്കും ബിനവിനെ പരിചയം പോലുമില്ലായിരുന്നു. ഇതാണ് പോലീസിന് തുണയായത്. രാത്രി ഏഴ് മണിയോടെ ഗുണ്ടാ വേഷത്തില്‍ പോലീസും എത്തി. ഒരാഴ്ച മുന്‍പ് അറസ്റ്റിലായ മദന്‍ എന്ന ഗുണ്ടയാണ് പിറന്നാളാഘോഷത്തെക്കുറിച്ച് പോലീസിന് വിവരം നല്‍കിയത്. തുടര്‍ന്ന് ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ എസ്.കെ വിശ്വനാഥനും ഡപ്യൂട്ടി കമ്മീഷണര്‍ എസ്. സര്‍വേശ്വരനും ചേര്‍ന്ന് ഗുണ്ട ബിനുവിനെ കുടുക്കാന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു.
പിറന്നാള്‍ ആഘോഷം നടക്കുന്ന സ്ഥലത്ത് നേരത്തെ എത്തിയ പോലീസ് ആഘോഷം തുടങ്ങിയപ്പോള്‍ തോക്കുമായി ചാടി വീണു. തോക്ക് ചൂണ്ടി പോലീസ് രംഗത്ത് വന്നതോടെയാണ് സംഗതി പാളിയെന്നും ഗുണ്ട ബിനുവും കൂട്ടാളികളും മനസിലാക്കിയത്. രഹസ്യകോഡ് ഉപയോഗിച്ചായിരുന്നു പോലീസ് നീക്കം. പോലീസ് നീക്കം തുടങ്ങിയതോടെ ആഘോഷവേദിക്ക് സമീപത്തെ തടാകത്തിലൂടെയാണ് ചിലര്‍ രക്ഷപെട്ടത്. ഗുണ്ട ബിനുവും തടാകത്തിലൂടെ നീന്തിയാണ് രക്ഷപെട്ടത്.
https://www.facebook.com/Malayalivartha