സ്വകാര്യബസുകൾ അസഹനീയമായ വിധത്തിൽ സ്പീക്കറിൽ പാട്ട് വയ്ക്കുന്ന സമ്പ്രദായം അവസാനിപ്പിക്കാൻ പ്രത്യേക പരിശോധന നടത്തണം; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

സ്വകാര്യബസുകൾ അസഹനീയമായ വിധത്തിൽ സ്പീക്കറിൽ പാട്ട് വയ്ക്കുന്ന സമ്പ്രദായം അവസാനിപ്പിക്കാൻ പ്രത്യേക പരിശോധന നടത്തണമെന്നും പ്രായമായവർക്കും കുട്ടികൾക്കും സ്ത്രീകൾക്കും കയറാനാവാത്ത വിധം സ്വകാര്യബസുകളിൽ നിർമിച്ചിട്ടുള്ള ഉയരമുള്ള ചവിട്ടുപടികൾ ഒഴിവാക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. പൊതുജനങ്ങളുടെ സുരക്ഷിതയാത്രയ്ക്ക് അസൗകര്യങ്ങൾ ഒഴിവാക്കാനുള്ള ബാധ്യത പോലീസിനും ഗതാഗത വകുപ്പിനുമുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. കൊച്ചി ജനകീയ അന്വേഷണസമിതിക്കു വേണ്ടി ടി.എൻ. പ്രതാപൻ സമർപ്പിച്ച പരാതിയിലാണു നടപടി.
ഈ നിർദേശം നിയമം വഴി നൽകണമെന്നും നിയമനിർമാണം സംബന്ധിച്ചു ഗതാഗത കമ്മീഷണർ രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹനദാസ് ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനി നിർമിക്കുന്നതിൽനിന്നു വ്യത്യസ്തമായി ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങൾ ഘടിപ്പിക്കുന്ന ഇരുചക്രവാഹനങ്ങൾ പിടിച്ചെടുക്കണമെന്നും വാഹനങ്ങൾ പിടിച്ചെടുത്തശേഷം പുതിയതായി ഘടിപ്പിച്ച ഉപകരണങ്ങൾ അഴിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എയർഹോണ്‍, മ്യൂസിക്ഹോണ്‍ എന്നിവ ഉപയോഗിക്കുന്ന ബസുകൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha