പരിശീലനക്കാലത്ത് മേലുദ്യോഗസ്ഥര്‍ ഉണ്ടാക്കുന്ന മാനസിക വിഷമങ്ങള്‍ തുറന്നു പറഞ്ഞ് വനിതാ പോലീസുകാര്‍

സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പരിശീലനം പൂര്‍ത്തിയാക്കിയ 358 വനിതാ സിവില്‍ ഉദ്യോഗസ്ഥര്‍ക്ക് ക്യാമ്പുകളില്‍ നേരിടേണ്ടി വരുന്നത് മേലധികാരികളുടെ ക്രൂരപീഡനങ്ങള്‍. സംസ്ഥാന പൊലീസ് മേധാവിയുടെ സര്‍ക്കുലറിനെപ്പോലും കാറ്റില്‍ പറത്തി ഗര്‍ഭിണികളായ 22 പൊലീസുകാരെ പേരൂര്‍ക്കട എസ്.എ.പി ക്യാമ്പില്‍ രാത്രികാല ജോലിക്ക് എസ്.എ.പി കമാന്‍ഡന്റ് നിയോഗിച്ചു.
വനിതാ പൊലീസുകാരെ പ്രത്യേകിച്ച് ഗര്‍ഭിണികളെയും മുലയൂട്ടുന്ന അമ്മമാരെയും രാത്രി ജോലിക്ക് നിയോഗിക്കരുതെന്ന മുന്‍ ഡി.ജി.പി ഡോ.ടി.പി. സെന്‍കുമാറിന്റെ സര്‍ക്കുലര്‍ നിലനില്‍ക്കെയാണ് സംഭവം.
ഗര്‍ഭിണികളായ പൊലീസുകാര്‍ക്ക് കാക്കി സാരി ധരിക്കാമെന്നാണ് കീഴ്‌വഴക്കം. സാരി ധരിക്കാനുള്ള അനുവാദം ചോദിച്ച് ഇവര്‍ ഉന്നതരുടെ മുന്നിലെത്തിയെങ്കിലും നിരസിക്കപ്പെട്ടു. മുകളില്‍ നിന്നുള്ള ഉത്തരവ് പ്രകാരമേ സാരി ധരിക്കാന്‍ കഴിയൂ എന്നും അതുവരെ യൂനിഫോമിന് മുകളില്‍ ബെല്‍റ്റ് കെട്ടണമെന്നുമാണ് ബന്ധപ്പെട്ടവര്‍ നല്‍കിയ നിര്‍ദേശം.
രാത്രി ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കി പകല്‍ ജോലി നല്‍കണമെന്ന് മേലുദ്യോഗസ്ഥരോട് അഭ്യര്‍ഥിച്ചെങ്കിലും പ്രതികരണം അനുകൂലമായില്ലെന്ന് വനിതാ പൊലീസുകാരുടെ കുടുംബാംഗങ്ങള്‍ പറയുന്നു. പരിശീലന കാലയളവായതിനാല്‍ ഇതിനെതിരെ പരാതി നല്‍കാന്‍പോലും ഇവര്‍ക്ക് ഭയമാണ്. ഗര്‍ഭിണികള്‍ക്ക് കൃത്യമായ ഉറക്കം ലഭിക്കേണ്ടത് കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിന് അത്യാവശ്യമാണ്. രാത്രിജോലിക്ക് നിയോഗിക്കപ്പെട്ടതിനാല്‍ പലര്‍ക്കും നല്ല ഉറക്കം പോലും ലഭിക്കുന്നില്ല.
ദിവസങ്ങള്‍ക്കു മുമ്പ് രാത്രികാല പാറാവ് ഡ്യൂട്ടിക്ക് ശേഷം നിയമസഭക്ക് മുന്നിലെ ട്രാഫിക് നിയന്ത്രിക്കാന്‍ പറഞ്ഞുവിട്ട പൊലീസുകാരി കവാടത്തിന് മുന്നില്‍ ഛര്‍ദിക്കുകയും ബോധരഹിതയാവുകയും ചെയ്തിരുന്നു. അത്യാവശ്യം ലഭിക്കേണ്ട ഭക്ഷണംപോലും ക്യാമ്പുകളില്‍ നല്‍കുന്നില്ലെന്നും ആരോപണമുണ്ട്. മതിയായ വനിതാ പൊലീസുകാരില്ലാത്തതാണ് ഇത്തരക്കാരെ രാത്രികാല ഡ്യൂട്ടിക്ക് നിയോഗിക്കേണ്ടിവരുന്നതിന് കാരണമെന്നാണ് എസ്.എ.പി ക്യാമ്പ് അധികൃതരുടെ വിശദീകരണം. എം.എസ്.പി, എസ്.എ.പി, കെ.എ.പി ഒന്നുമുതല്‍ അഞ്ചുവരെ ബറ്റാലിയനുകളിലാണ് 358 വനിതാ പൊലീസുകാരുള്ളത്.
മാസംതോറും ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ബോധിപ്പിക്കുന്നതിന് സി.ഐ റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥര്‍പോലും ക്യാമ്പുകളിലില്ല. ശരീരിക അസ്വസ്ഥതകള്‍ മൂലം ജോലിക്ക് ഹാജരായില്ലെങ്കില്‍ കാരണം ബോധിപ്പിക്കേണ്ടത് പുരുഷ ഉദ്യോഗസ്ഥരോടാണ്. ഏഴുമാസം മുമ്പ് പാസിങ് ഔട്ട് കഴിഞ്ഞവരാണ് 358 പേരും. സാധാരണനിലക്ക് പാസിങ് ഔട്ട് കഴിഞ്ഞവരെ അടുത്ത ദിവസംതന്നെ ലോക്കല്‍ സ്‌റ്റേഷനുകളില്‍ നിയമിക്കുകയാണ് പതിവ്.
എന്നാല്‍, ഇത്തവണ ഇവരെ ക്യാമ്പില്‍തന്നെ നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ നവംബര്‍ ഒന്നിന് വനിതാ പൊലീസുകാരില്ലാത്ത 60 പൊലീസ് സ്‌റ്റേഷനുകളില്‍ ഇവരെ നിയമിക്കണമെന്ന് വ്യക്തമാക്കി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിറക്കിയിരുന്നെങ്കിലും പിന്നീട് മരവിപ്പിച്ചു.
https://www.facebook.com/Malayalivartha