കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് ബഹ്‌റയെ വിജിലന്‍സ് ഡയറക്ടറാക്കിയതെന്ന് വിവരാവകാശ രേഖ

കേന്ദ്രആഭ്യന്തരമന്ത്രാലയം അറിയാതെയും ചട്ടങ്ങള്‍ ലംഘിച്ചുമാണ് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി പിണറായി വിജയന്‍ സര്‍ക്കാര്‍ നിയമിച്ചതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. മനോരമ ന്യൂസാണ് ഈ വിവരം പുറത്ത് കൊണ്ടുവന്നത്. താല്‍ക്കാലികമായി വിജിലന്‍സ് ഡയറക്ടറുടെ ചുമതലയുണ്ടായിരുന്ന ബഹ്‌റയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥിരം നിയമനം നല്‍കുകയായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് ഈ നിയമനം നടത്തിയത്. ഡയറക്ടറായ ശേഷം ടോംജോസ് ഐ.എ.എസ് ഉള്‍പ്പെടെയുള്ള 13 ഉന്നത ഉദ്യോഗസ്ഥര്‍ക്ക് എതിരെയുള്ള കേസുകള്‍ തെളിവില്ലെന്ന് പറഞ്ഞ് ബഹ്‌റ തീര്‍പ്പാക്കി. അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകുമ്പോള്‍ ഉദ്യോഗസ്ഥരെ മാറ്റുന്നതും പതിവായി. അഴിമതി കേസുകളില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ള 30 പേരുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി.
മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് അന്വേഷണം നേരായ ദിശയില്‍ പോകുമ്പോഴാണ് ഒറ്റ രാത്രി കൊണ്ട് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. മന്ത്രിയായിരുന്ന ഇ.പി ജയരാജനെതിരെ കേസെടുത്തെങ്കിലും അത് തെറ്റായിപ്പോയെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കടകംപള്ളി സുരേന്ദ്രന്‍, മേഴ്‌സിക്കുട്ടിയമ്മ എന്നീ മന്ത്രിമാര്‍ക്കെതിരെയുള്ള വിജിലന്‍സ് കേസുകളില്‍ തെളിവില്ലെന്ന് കാട്ടി കോടതിയല്‍ റിപ്പോര്‍ട്ട് നല്‍കി. ഇതിന് പുറമേ നിരവധി കേസുകളില്‍ തെളിവില്ലെന്ന് കാട്ടി റിപ്പോര്‍ട്ട് നല്‍കാനുള്ള ഒരുക്കത്തിലാണ്.
https://www.facebook.com/Malayalivartha