മന്ത്രിമാർ സെക്രട്ടേറിയറ്റില്‍ എത്താതെ പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുത്ത് നടക്കുന്നു; സംസ്ഥാനത്തെ മന്ത്രിമാർക്ക് പഞ്ചിങ് ഏർപ്പെടുത്തിയാൽ ഒരു മന്ത്രിക്കും കഴിഞ്ഞ മൂന്നു മാസം ശമ്പളം കിട്ടില്ലെന്നും ചെന്നിത്തല

സംസ്ഥാനത്തെ മന്ത്രിമാർ പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുത്ത് നടക്കുകയാണെന്നും ആരും കൃത്യമായി സെക്രട്ടേറിയറ്റില്‍ എത്തുന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാർക്ക് പഞ്ചിങ് ഏര്‍പ്പെടുത്തിയാല്‍ ഒരുമന്ത്രിക്കും കഴിഞ്ഞ മൂന്നുമാസമായി കൃത്യമായി ശമ്പളം കിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
ആഴ്ചയില്‍ അഞ്ച് ദിവസം മന്ത്രിമാര്‍ സെക്രട്ടറിയേറ്റിലുണ്ടാകണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം പാലിക്കപ്പെടുന്നില്ല. ഇന്നലെ നടന്ന മന്ത്രിസഭാ യോഗം ക്വാറം തികയാതിരുന്നതിനെ തുടര്‍ന്ന് മാറ്റിവെച്ചതിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. സർക്കാരിന്റെ ഗതികേടാണ് ഇത് സൂചിപ്പിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
മന്ത്രിസഭായോഗം ചേരാന്‍ ക്വാറം നിര്‍ബന്ധമല്ലെന്നു ചിലര്‍ പറയുന്നത് അറിവില്ലായ്മ കൊണ്ടാണ്. മന്ത്രിസഭയെന്നതു സഹകരണ സംഘത്തിന്റെയോ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെയോ കമ്മിറ്റി യോഗമല്ലെന്നും ചെന്നിത്തല പരിഹസിച്ചു.
https://www.facebook.com/Malayalivartha