ക്രൈസ്റ്റ് കിംഗ് കോണ്‍വെന്റിൽ കന്യാസ്ത്രീമാരുടെ ക്രൂര പീഡനങ്ങൾക്ക് ഇരയായ 20 പെണ്‍കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; മൊഴികളിൽ ഉറച്ച് വിദ്യാർത്ഥിനികൾ

ക്രൈസ്റ്റ് കിംഗ് കോണ്‍വെന്റിലെ വിദ്യാര്‍ഥിനികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ടു കന്യാസ്ത്രീമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സിസ്റ്റര്‍മാരായ അംബിക, ബെന്‍സി എന്നിവരെ പ്രതികളാക്കി ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കടവന്ത്ര പൊലീസാണ് കേസെടുത്തത്. 20ഓളം പെണ്‍കുട്ടികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞദിവസമാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം. കോണ്‍വെന്റ് സ്കൂളില്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന 20 വിദ്യാര്‍ഥിനികള്‍ വെള്ളിയാഴ്ച രാത്രി പത്തരയോടെ കോണ്‍വെന്റിന്റെ പുറത്തുകടക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ലാല്‍സലാം റോഡിലൂടെ ചെട്ടിപ്പടി ഭാഗത്തെത്തിയപ്പോള്‍ നാട്ടുകാര്‍ തടഞ്ഞുനിറുത്തി കാര്യങ്ങള്‍ തിരക്കി. ഇതോടെയാണ് ക്രൂരമായ മാനസിക-ശാരീരികപീഡനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.
"രാത്രിയില്‍ ഫാന്‍ ഇട്ടാല്‍ നിങ്ങളുടെ വീട്ടില്‍കൊണ്ടുവന്നുതന്ന കാശിനല്ല ഫാന്‍ മേടിച്ചതെന്ന് ആക്ഷേപിക്കുമെന്നും ചെറിയ തെറ്റുകള്‍ക്കുപോലും ശാരീരികോപദ്രവമേല്‍പ്പിക്കുമെന്നും കുട്ടികള്‍ പറയുന്നു. ഭക്ഷണത്തില്‍ നിന്ന് പുഴു കിട്ടിയെന്ന് പരാതിപ്പെട്ടപ്പോള്‍ പുഴുവിനെ മാറ്റിയിട്ട് കഴിച്ചോളാനും വേണമെങ്കില്‍ കഴിച്ചാല്‍ മതിയെന്നുമാണ് കന്യാസ്ത്രീകള്‍ പറഞ്ഞത്". പിന്നീടുള്ള ഒരു മാസം കഞ്ഞിയും അച്ചാറും മാത്രമാണ് നല്‍കിയതെന്നും കുട്ടികള്‍ പരാതിപ്പെട്ടു.
മാതാപിതാക്കള്‍ കാണാനെത്തിയപ്പോള്‍ "ഒന്നും പഠിക്കാത്ത ഇവരെയൊക്കെ എന്തിനാ ഇവിടെ നിര്‍ത്തിയിരിക്കുന്നത്. കല്യാണം കഴിപ്പിച്ചു വിട്ടുകൂടേ" എന്ന് ചോദിച്ചുവെന്നും കുട്ടികളിലൊരാള്‍ പരാതിപ്പെട്ടു. രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളെയുള്‍പ്പെടെ ശാരിരികോപദ്രവമേല്‍പ്പിക്കാറുണ്ടെന്നും കുട്ടികള്‍ പറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയും വിദ്യാര്‍ഥിനികളുമായി കോണ്‍വെന്റിലെത്തുകയുമായിരുന്നു.
മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ സാമ്പത്തികമായി കഴിവില്ലാത്ത മാതാപിതാക്കളാണ് ഇവരെ കോണ്‍വെന്റില്‍ കൊണ്ടുവന്നാക്കിയത്. ദിവസവും ഇക്കാര്യം പറഞ്ഞ് കന്യാസ്ത്രീകള്‍ തങ്ങളെ പീഡിപ്പിക്കുന്നതായി കുട്ടികള്‍ പരാതിപ്പെടുന്നു. ചിലപ്പോഴൊക്കെ തങ്ങളെ കയ്യേറ്റം ചെയ്യാറുണ്ടെന്നും കുട്ടികള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha