കേരളത്തിലെ വിജിലന്‍സ് സംവിധാനത്തിന്റെ വിശ്വാസ്യത പൂര്‍ണ്ണമായി നഷ്ടപ്പെട്ടു; അഴിമതി കേസുകള്‍ ഒതുക്കി തീര്‍ക്കുന്നതിലാണ് ബെഹ്റയുടെ വൈദഗ്ധ്യം പ്രകടമായത്; മുഖ്യമന്ത്രിയുടെ അഴിമതിക്കെതിരായ പ്രഖ്യപനങ്ങളെല്ലാം പൊള്ളത്തരമാണെന്നും വി എം സുധീരൻ

കേരളത്തിലെ വിജിലന്‍സ് സംവിധാനത്തിന്റെ വിശ്വാസ്യത പൂര്‍ണ്ണമായി നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് കോൺഗ്രസ്സ് നേതാവ് വിഎം സുധീരന്‍. അഴിമതി നിരോധന പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്ക് നിര്‍വഹിക്കേണ്ട സുപ്രധാന ഘടകമായ വിജിലന്‍സ് വകുപ്പിന് കാലങ്ങളായി വന്നു കൊണ്ടിരുന്ന മൂല്യശോഷണം അതിന്റെ പാരമ്യത്തില്‍ എത്തി നില്‍ക്കുകയാണെന്നും സുധീരൻ ഫേസ്ബുക്കിൽ കുറിച്ചു.
അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുക എന്നതിനേക്കാളുപരി അത്തരം കേസുകള്‍ ഒതുക്കി തീര്‍ക്കുന്നതിലാണ് ലോക്നാഥ് ബെഹ്റയുടെ വൈദഗ്ധ്യം പ്രകടമായത്. ബെഹ്റയെ വഴിവിട്ട് നിയമിച്ചത് തന്നെ അഴിമതിക്കാരെ വെള്ളപൂശാനും രക്ഷിക്കാനുമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അഴിമതിക്കെതിരായ പ്രഖ്യപനങ്ങളുടെ പൊള്ളത്തരം ഇതോടെ ജനങ്ങള്‍ക്ക് പൂര്‍ണമായി ബോധ്യപ്പെട്ടിരിക്കുകയാണ്. ഈ സര്‍ക്കാരിന്റെ കാലത്ത് അഴിമതിക്കാരെ തൊടില്ല എന്നത് വ്യക്തമായിരിക്കുകയാണെന്നും സുധീരൻ കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
കേരളത്തിലെ വിജിലൻസ് സംവിധാനത്തിന്റെ വിശ്വാസ്യത സമ്പൂർണമായി നഷ്ടപ്പെട്ടിരിക്കുന്നു. അഴിമതി നിരോധന പ്രവർത്തനങ്ങളിൽ നിർണായക പങ്ക് നിർവഹിക്കേണ്ട സുപ്രധാന ഘടകമായ വിജിലൻസ് വകുപ്പിന് കാലങ്ങളായി വന്നു കൊണ്ടിരുന്ന മൂല്യശോഷണം അതിന്റെ പാരമ്യത്തിൽ എത്തി നിൽക്കുകയാണ് ഈ അവസ്ഥയിൽ വിജിലൻസ് വകുപ്പിനെ എത്തിക്കുക എന്നതാണ് ലോക് നാഥ് ബെഹ്റയിൽ അർപ്പിക്കപ്പെട്ട ദൗത്യം. അത് അദ്ദേഹം രാഷ്ട്രീയ യജമാനന്മാരുടെ ഇച്ഛയ്ക്ക് അനുസരിച്ച് പൂർത്തിയാക്കി. അഴിമതി ആരോപണങ്ങൾ അന്വേഷിക്കുക എന്നതിനേക്കാൾ ഉപരി അഴിമതി കേസുകൾ ഒതുക്കി തീർക്കുന്നതിലാണ് അദ്ദേഹത്തിന്റെ വൈദഗ്ധ്യം പ്രകടമായത്.
ബെഹ്റയെ വഴിവിട്ട് നിയമിച്ചത് തന്നെ അഴിമതിക്കാരെ വെള്ളപൂശാനും രക്ഷിക്കാനുമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അഴിമതിക്കെതിരായ പ്രഖ്യപനങ്ങളുടെ പൊള്ളത്തരം ഇതോടെ ജനങ്ങൾക്ക് പൂർണമായി ബോധ്യപ്പെട്ടിരിക്കുകയാണ്. ഈ സർക്കാരിന്റെ കാലത്ത് അഴിമതിക്കാരെ തൊടില്ല എന്നതും വ്യക്തമായി.
അഴിമതിക്കെതിരായി എന്തെങ്കിലും നിലപാട് സി.പി.എം കേന്ദ്ര നേതൃത്വത്തിനോ ഇടതു മുന്നണിയിൽ തന്നെ മറ്റാർക്കെങ്കിലോ ഉണ്ടെങ്കിൽ ഇന്നത്തെ വിജിലൻസ് സംവിധാനത്തിന് പകരം സ്റ്റേറ്റ് വിജിലൻസ് കമ്മീഷൻ രൂപീകരിക്കുന്നതിന് വേണ്ട മുൻകൈ അവരുടെ ഭാഗത്ത് നിന്നുണ്ടാകണം.അത് യാഥാർത്ഥ്യമാക്കുകയും വേണം. അല്ലാത്തപക്ഷം കേരളം അഴിമതിക്കാരുടെ പറുദീസയായി മാറും.
https://www.facebook.com/Malayalivartha