വിജിലൻസ് കേസുകളെല്ലാം അട്ടിമറിച്ച് സർക്കാർ പ്രതികളെ രക്ഷിക്കുകയാണെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നതിന് പിന്നിൽ ജേക്കബ് തോമസാണെന് സംശയിച്ച് സർക്കാർ

വിജിലൻസ് കേസുകളെല്ലാം അട്ടിമറിച്ച്, സർക്കാർ പ്രതികളെ രക്ഷിക്കുകയാണെന്ന വിധത്തിൽ ദൃശ്യമാധ്യമങ്ങൾ പുറത്തു വിടുന്ന വാർത്തകൾക്ക് പിന്നിൽ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസാണെന് സംശയിച്ച് സർക്കാർ. ഒരു സുപ്രഭാതത്തിൽ ഇതെല്ലാം പൊട്ടി വിടരണമെങ്കിൽ അതിനു പിന്നിൽ ഒരാൾ തന്നെയാണെന്ന് സി പി എം നേതാവ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞത് വെറുതെയല്ല.
വിജിലൻസ് ഡയറക്ടർ സ്ഥാനം അലങ്കരിച്ച ജേക്കബ് തോമസ് വൈരാഗ്യത്തോടെയാണ് പ്രതികൾക്ക് നേരേ പെരുമാറുന്നത് എന്നു കണ്ടപ്പോഴാണ് അദ്ദേഹത്തെ നീക്കാൻ സർക്കാർ തീരുമാനിച്ചത്. ഇ.പി.ജയരാജൻ കേസിൽ ജേക്കബ് സ്വീകരിച്ച നിലപാടുകൾ സർക്കാരിനെ ചൊടിപ്പിച്ചു.
മലബാർ സിമെന്റ്സ്, കോഴി, മരുന്ന് നികുതിക്കുറയ്ക്കൽ തുടങ്ങിയ കേസുകളാണ് ശനിയാഴ്ച മാധ്യമങ്ങളിൽ വന്നത്. ഞായറാഴ്ച ബഹ്റക്കെതിരായ റിപ്പോർട്ട് വന്നു. ഇതെല്ലാം വിവിധ മാധ്യമങ്ങൾക്ക് ജേക്കബ് തോമസ് നൽകിയതാണെന്ന് സർക്കാർ കരുതുന്നു. വിവരാവകാശ പ്രവർത്തകൻ അഡ്വ.ഡി ബി ബിനുവാണ് കേസുകളിൽ സർക്കാരിനെതിരെ ദൃശ്യ മാധ്യമ ചർച്ചകളിൽ പങ്കെടുത്തത്. അദ്ദേഹം ജേക്കബ് തോമസ് നേതൃത്വം നൽകുന്ന എക്സൽ കേരള എന്ന സംഘടനയുടെ സംസ്ഥാന ഭാരവാഹി മാണ്. ജേക്കബ് തോമസ് രംഗത്ത് വരുന്നതിന് പകരം ബിനുവിനെ ഇറക്കി എന്നാണ് സർക്കാർ കരുതുന്നത്.
ജേക്കബ് തോമസിനെതിരെ സർക്കാർ നിലപാട് കടുപ്പിച്ചപ്പോഴാണ് ജേക്കബ് നിലപാട് കടുപ്പിച്ചത്. വരും ദിവസങ്ങളിൽ സി പി എം നേതാക്കൾ ഉൾപ്പെട്ട അഴിമതി കേസുകളുടെ വിശദാംശങ്ങൾ പുറത്തു വരും. അതിന്റെ തുടക്കമാണ് സി പി എം നേതാവ് ഉണ്ണി ഉൾപ്പെട്ട മലബാർ സിമന്റ്സ് അഴിമതി പുറത്തുവന്നത്. ബഹ്റക്കെതിരെയാണ് ജേക്കബ് നീങ്ങുന്നത്. ബഹ്റ ജേക്കബിന്റെ അടുത്ത സുഹൃത്തായിരുന്നു എന്നത് വിധി വൈപരീത്യം.
പിണറായി വലിയൊരു അഴിമതിക്കാരനാണെന്നും അഴിമതിക്കാരെയെല്ലാം സംരക്ഷിക്കുന്നയാളാണെന്നും വരുത്തി തീർക്കുകയാണ് ജേക്കബ് തോമസിന്റെ ലക്ഷ്യം. അഴിമതിയുടെ കുടയാണ് ജേക്കബ് തോമസാണെന്ന് പിണറായി വരുത്തി തീർക്കാൻ ശ്രമിക്കുന്നു. അതിന്റെ മറുപടിയാണ് ജേക്കബ് തോമസ് നൽകാൻ പോകുന്നത്. ഇനി വിജിലൻസിനെ വെറുതെയിരിക്കാൻ ജേക്കബ് സമ്മതിക്കില്ല. സർക്കാരിനെയും വെറുതെയിരുത്താൻ അനുവദിക്കില്ല. ഉപദ്രവിച്ച് മനസമാധാനം കെടുത്തുകയാണ് ലക്ഷ്യം. അങ്ങനെ പൊതു സമൂഹത്തിൽ സർക്കാർ മോശക്കാരാകും.
പഴയ കാരണവൻമാർ പറയും, വേലിയിൽ കിടക്കുന്ന പാമ്പിനെയെടുത്ത് തോളത്ത് വയ്ക്കരുതെന്ന്. ഭരണത്തിന്റെ ആദ്യ നാളുകളിൽ തന്റെ ഇമേജ് ഉയർത്താനായി പിണറായി കണ്ടെത്തിയ വയ്യാവേലിയാണ് ജേക്കബ് തോമസ്. ജേക്കബ് തോമസിനെ എടുത്ത് തോളത്ത് വച്ച പിണറായി തന്നെ സ്വയം അനുഭവിക്കട്ടെ എന്നാണ് അദ്ദേഹത്തിന്റെ ശത്രുക്കളും മിത്രങ്ങളും ഒരുപോലെ പറയുന്നത്.
https://www.facebook.com/Malayalivartha