മട്ടന്നൂരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തി; സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് കണ്ണൂരിൽ ഹർത്താൽ

എടയന്നൂരിനടുത്ത് തെരൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തി. മട്ടന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ഷുഹൈബാ(30)നെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ പ്രതിഷേധിച്ച് കണ്ണൂരിൽ ഇന്ന് രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി അറിയിച്ചു. വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അര്‍ധരാത്രിയോടെയുണ്ടായ ആക്രമത്തില്‍ പരിക്കേറ്റ ഷുഹൈബിനെ കോഴിക്കോടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരിച്ചത്.
കൊലപാതകത്തിനുപിന്നില്‍ സി.പി.എമ്മാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നു. രാത്രി 11.30-ഓടെ തെരൂരിലെ തട്ടുകടയില്‍ ചായകുടിക്കുന്നതിനിടെ വാനിലെത്തിയ സംഘം ബോംബെറിയുകയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റിയാസ് (36), പള്ളിപ്പറമ്ബത്ത് നൗഷാദ് (28) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ വാനില്‍ കയറി രക്ഷപ്പെട്ടു. മൂന്നാഴ്ച മുമ്പ് എടയന്നൂര്‍ എച്ച്.എസ്.എസില്‍ എസ്.എഫ്.ഐ.-കെ.എസ്.യു. സംഘര്‍ഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഷുഹൈബ് റിമാന്‍ഡിലായിരുന്നുവെന്ന് പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha