ബസ് നിറുത്താൻ യാത്രക്കാരൻ ബെല്ലടിച്ചു! കണ്ടക്‌ടറുടെ വക തല്ലും...യാത്രക്കാരന്റെ വക ചില്ല് തകർക്കലും

സ്റ്റോപ്പിൽ ബസ് നിറുത്താത്തതിനെ തുടർന്ന് ബെല്ലടിച്ച യാത്രക്കാരനെ കെ.എസ്.ആർ.ടി.സി കണ്ടക്ടർ മർദ്ദിച്ചു. തുടർന്ന് ഒന്നര കിലോമീറ്റർ അപ്പുറത്ത് ബസ് നിറുത്തി ഇയാളെ ഇറക്കിവിട്ടു. പുറത്തിറങ്ങിയ യാത്രക്കാരൻ ബസിന്റെ പിൻവശത്തെ ചില്ല് കല്ലെറിഞ്ഞു തകർത്തു.
ഇന്നലെ രാവിലെ 6.30ന് ബാലരാമപുരം റസൽപുരം ചാനൽപാലത്തിന് സമീപം വിഴിഞ്ഞം ടിപ്പോയിലെ ബസിലായിരുന്നു നാടകീയ സംഭവങ്ങൾ. യാത്രക്കാരനായ കാട്ടാക്കട ചെമ്പൂർ പുതുവൽ പുത്തൻ വീട്ടിൽ ബാബുവിനാണ് (55) മർദ്ദനമേറ്റത്.
കാട്ടാക്കടയിൽ നിന്ന് എരുത്താവൂരേക്ക് ടിക്കറ്റെടുത്ത ബാബു ഇറങ്ങേണ്ട സ്റ്റോപ്പെത്തിയപ്പോൾ ബസ് നിറുത്താൻ ആവശ്യപ്പെട്ടെങ്കിലും കണ്ടക്ടർ മുള്ളുവിള ഷിബു ഭവനിൽ ഷിബു ബെല്ലടിച്ചില്ല. തുടർന്ന് ഇരുവരും തമ്മിൽ വാക് തർക്കമുണ്ടായി. ഇതിനിടെ ബാബു ബെല്ലടിച്ചു. തുടർന്ന് ഷിബു തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് ബാബുവിന്റെ പരാതിയിൽ പറയുന്നു. മർദ്ദനത്തെ തുടർന്ന് ഇയാൾ ബസിൽ മലമൂത്ര വിസർജ്ജനം നടത്തിയത്രെ.
തുടർന്ന് ബാബുവിനെ വഴിയിൽ ഇറക്കിവിട്ടപ്പോഴാണ് കല്ലെറിഞ്ഞ് ചില്ല് തകർത്തത്. സംഭവത്തിൽ ബാബുവിനും ഷിബുവിനുമെതിരെ കേസെടുത്തതായി ബാലരാമപുരം പൊലീസ് ഇൻസ്പെക്ടർ എസ്.എം. പ്രദീപ് കുമാർ പറഞ്ഞു.
https://www.facebook.com/Malayalivartha