നിന്റെ നാളുകള്‍ എണ്ണപ്പെട്ടു... ഷുഹൈബിനെതിരെയുള്ള സി.പി.എമ്മിന്റെ കൊലവിളി പ്രസംഗം പുറത്തായി...

കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെതിരെ സിപിഐഎം പ്രവര്‍ത്തകര്‍ കൊലവിളി നടത്തുന്ന വീഡിയോ പുറത്ത്. രണ്ടാഴ്ച മുമ്പ് എടയന്നൂരില്‍ നടത്തിയ പ്രകടനത്തില്‍ ആണ് സിപിഐഎം പ്രവര്‍ത്തകര്‍ ഷുഹൈബിനെതിരെ കൊലവിളി നടത്തിയത്. ‘നിന്റെ നാളുകള്‍ എണ്ണപ്പെട്ടു’ എന്നായിരുന്നു മുദ്രാവാക്യം.
മട്ടന്നൂര്‍ സ്റ്റേഷന്‍ പരിധിയിലെ എടയന്നൂര്‍ തെരൂരില്‍ ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷമായിരുന്നു ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് കീഴല്ലൂര്‍ മണ്ഡലം പ്രസിഡന്റായിരുന്നു ഷുഹൈബ്. പള്ളിപ്പറമ്പത്ത് ഹൗസില്‍ നൗഷാദ്(27), റിയാസ് മന്‍സിലില്‍ റിയാസ്(27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 11.30നാണു സംഭവം. സുഹൃത്തിന്റെ തട്ടുകടയില്‍ ചായ കുടിക്കുകയായിരുന്ന ഇവര്‍ക്കു നേരെ വാനിലെത്തിയ സംഘം ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷം വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു. ഇരു കാലുകള്‍ക്കും സാരമായി വെട്ടേറ്റ ഷുഹൈബിനെ കോഴിക്കോട്ടേക്കു കൊണ്ടുപോകുംവഴി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ഒന്നിനാണ് മരിച്ചത്.
മട്ടന്നൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അക്രമികളെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നു രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്തു. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോഷി കണ്ടത്തില്‍ എന്നിവര്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു.
https://www.facebook.com/Malayalivartha