തളര്‍ന്ന് വീണ വയല്‍ക്കിളികള്‍ വീണ്ടും പറന്നുയര്‍ന്നു; രണ്ടാംഘട്ട സമരം തുടങ്ങി, ജനസാഗരം കീഴാറ്റൂരിലേക്ക് ഒഴുകിയെത്തി

കണ്ണൂര്‍ തളിപ്പറമ്പ്, കീഴാറ്റൂരില്‍ നെല്‍പ്പാടം മണ്ണിട്ട് നികത്തി ബൈപ്പാസ് നിര്‍മിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശത്തെ കര്‍ഷകര്‍ വയല്‍ക്കിളികള്‍ എന്ന പേരില്‍ നടത്തുന്ന സമരത്തിന്റെ രണ്ടാം ഘട്ടം തുടങ്ങി. സമരനേതാവ് ജാനകി രണ്ടാംഘട്ട സമരപ്രഖ്യാപനം നടത്തി. ആദ്യം സ്ഥാപിച്ച പന്തല്‍ സി.പി.എം പ്രവര്‍ത്തകര്‍ തീയിട്ട് നശിപ്പിച്ചതോടെയാണ് പുതിയ പന്തല്‍ സ്ഥാപിച്ചത്. വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്താന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് വയല്‍ക്കിളികള്‍ പ്രഖ്യാപിച്ചു. വരുംതലമുറയ്ക്കായി വയലുകളും കുന്നുകളും നിലനിര്‍ത്തണം അവ നശിപ്പിച്ചുള്ള വികസനം വേണ്ടെന്നും അവര്‍ ആവശ്യപ്പെട്ടു.
സുരേഷ്‌ഗോപി എം.പി, പി.സി ജോര്‍ജ്ജ് എം.എല്‍.എ, വി.എം സുധീരന്‍ തുടങ്ങി പ്രമുഖരും അല്ലാത്തവരുമായ ആയിരക്കണക്കിന് ആളുകള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തി. 'കേരളം കീഴാറ്റൂരിലേക്ക്' പ്രകടനം തളിപ്പറമ്പില്‍ നിന്നാണ് ആരംഭിച്ചത്. സ്ത്രീകളും കുട്ടികളും അടക്കം പ്രകടനത്തില്‍ പങ്കെടുത്തു. ആരും ഹൈവേയ്ക്ക് എതിരല്ല, പക്ഷെ, വയല്‍ നികത്തിയുള്ള ബൈപാസ് വേണ്ടെന്നാണ് എല്ലാവരും പറയുന്നത്. വയല്‍ക്കിളികളെ വയല്‍ക്കഴുകന്‍മാരിക്കി മാറ്റുന്നത് സര്‍ക്കാരാണെന്ന് പി.സി ജോര്‍ജ്ജ് ആരോപിച്ചു. ബൈപാസിനായി വയല്‍ നികത്താന്‍ എട്ട് ലക്ഷം ലോഡ് മണ്ണ് വേണം, ഇത് കുന്നിടിച്ചും മലയിടിച്ചും കൊണ്ടുവരുമോ? മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'ജലസമൃദ്ധമായ പശ്ചിമഘട്ടത്തെ തുരന്നെടുത്ത്, വയലുകളും തണ്ണീര്‍ത്തടവും മണ്ണിട്ട് നികത്തി ബൈപാസ് പണിയാനുള്ള തീരുമാനത്തെ എതിര്‍ക്കും. ഇവിടെ നടക്കുന്നത് വികസന ഭീകരവാദമാണെന്നും സമരക്കാര്‍ ആരോപിക്കുന്നു. മേല്‍പ്പാലം വരാതെ ബൈപാസ് നിര്‍മിക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തിയ സമരപ്രഖ്യാപനം
കേരളത്തിന്റെ ജലഗോപുരമായ പശ്ചിമഘട്ടത്തെ തുരന്നെടുത്ത്, ജലസംഭരണികളായ വയലുകളും തണ്ണീര്‍ത്തടവും നികത്തി വികസനപദ്ധതികള്‍ നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനങ്ങളോടു ഞങ്ങള്‍ വിയോജിക്കുന്നു. പശ്ചിമഘട്ടവും ഇടനാടന്‍ കുന്നുകളും വയലുകളും തണ്ണീര്‍ത്തടങ്ങളും നിലനില്‍ക്കേണ്ടത് ഈ തലമുറയുടെയും വരാനിരിക്കുന്ന തലമുറകളുടെയും അതിജീവനത്തിന് ആവശ്യമാണ് എന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു. ഇതു വികസന ഭീകരവാദമാണ്. ഇത്തരം വികസന ഭീകരവാദങ്ങളെ ഞങ്ങള്‍ എതിര്‍ക്കുന്നു. രാജ്യാതിര്‍ത്തികള്‍ ബാധകമല്ലാത്തതാണു പരിസ്ഥിതിയുടെ വിഷയം. അതിനാല്‍ വനവും പശ്ചിമഘട്ടവും ഇടനാടന്‍ കുന്നുകളും നെല്‍വയലുകളും തണ്ണീര്‍ത്തടവും പരിസ്ഥിതിയും നശിപ്പിക്കാന്‍ സര്‍ക്കാരിനും അവകാശമില്ലെന്നും ഞങ്ങള്‍ പ്രഖ്യാപിക്കുന്നു.
https://www.facebook.com/Malayalivartha