ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു

കൊച്ചി ഇടപ്പള്ളി പോണേക്കരയില്‍ ട്യൂഷനുപോകുകയായിരുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച പരാതിയില്‍ ട്വിസ്റ്റ്. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതല്ലെന്നും മകളുടെ പ്രായമുള്ള കുട്ടികള്‍ക്ക് മിഠായി നല്‍കാന്‍ ശ്രമിച്ചതാണെന്നും ഒമാന്‍ സ്വദേശികളായ ദമ്പതികള്‍ വ്യക്തമാക്കിയതോടെയാണ് പരാതിയില്‍ നിര്‍ണായക വഴിത്തിരിവ് സംഭവിച്ചത്. ഇതോടെ വീട്ടുകാര്‍ പരാതി പിന്‍വലിച്ചു.
വെള്ളിയാഴ്ച വൈകിട്ട് 4.45നാണ് സംഭവം നടന്നത്. ആറും അഞ്ചും വയസുള്ള സഹോദരികള്‍ വീട്ടില്‍ നിന്ന് രണ്ടുവീടുകള്‍ക്ക് അപ്പുറത്തുള്ള വീട്ടിലേക്ക് ട്യൂഷന് പോകുമ്പോള്‍ കാറിലെത്തിയവര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. കുട്ടികള്‍ക്ക് മിഠായി നല്‍കാന്‍ ശ്രമിക്കുകയും എന്നാല്‍ ഇതുവാങ്ങാതിരുന്നതോടെ കൈയില്‍ പിടിച്ച് കാറിനുള്ളിലേക്ക് വലിച്ചെന്നുമായിരുന്നു ആരോപണം. കുട്ടികള്‍ ഇത് ട്യൂഷന്‍ സെന്ററില്‍ പറയുകയും അവിടെ നിന്ന് സ്ഥലം കൗണ്‍സിലറെ വിവരമറിയിക്കുകയും ചെയ്തു. കൗണ്‍സിലര്‍ എളമക്കര പൊലീസില്‍ വിവരം അറിയിച്ചു. പൊലീസെത്തി കുട്ടികളുടെ മൊഴിയെടുക്കുകയും സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. കാറില്‍ ഒരു സ്ത്രീയും രണ്ടുപുരുഷന്മാരുമാണ് ഉണ്ടായിരുന്നുവെന്നും കുട്ടികള്‍ മൊഴി നല്‍കി.
പരിശോധനയില്‍ ആളുകള്‍ വന്നത് ടാക്‌സിയിലാണെന്ന് പൊലീസിന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യാത്രക്കാരെ കണ്ടെത്തിയത്. ഒമാന്‍ സ്വദേശി, ഭാര്യ, ആറുവയസുള്ള മകള്‍ എന്നിവരായിരുന്നു കാറിലെ യാത്രക്കാര്‍. അവര്‍ പൊലീസിനോടും കുട്ടികളുടെ രക്ഷിതാക്കളോടും കാര്യങ്ങള്‍ വിശദീകരിച്ചു. മൂത്ത കുട്ടി മിഠായി വാങ്ങിയില്ലെന്നും ഇളയ കുട്ടി വാങ്ങിയെന്നും വാത്സല്യം തോന്നിയപ്പോള്‍ കൊടുത്തതാണെന്നും അവര്‍ പറഞ്ഞു. കേരളം കാണാന്‍ എത്തിയതാണ് ഒമാന്‍ സ്വദേശികള്‍. ഇതിനിടെയാണ് തങ്ങളറിയുന്ന ഒരാള്‍ ഇവിടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്ന് അറിഞ്ഞത്. ഇവിടെ പോയി തിരികെ വരുന്ന വഴിയാണ് കുട്ടികളെ കണ്ടതെന്നും അവര്‍ അറിയിച്ചു. ശനിയാഴ്ച വൈകിട്ട് തിരിച്ചു പോകാനിരിക്കെയായിരുന്നു സംഭവവികാസങ്ങള്‍.
https://www.facebook.com/Malayalivartha