ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി

ബിസ്‌ക്കറ്റ് പായ്ക്കറ്റില്‍ ജീവനുള്ള പുഴുവിനെ കണ്ടെത്തിയ കേസില്‍ നഷ്ടപരിഹരമായി 1.5 ലക്ഷം രൂപ നല്‍കാന്‍ ഉത്തരവിട്ട് മുംബൈയിലെ ഉപഭോക്തൃ കോടതി. ബിസ്‌ക്കറ്റ് പാക്കറ്റ് വിറ്റ മുംബൈ ചര്‍ച്ച്‌ഗേറ്റിലെ കെമിസ്റ്റ് ഷോപ്പും ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ചേര്‍ന്ന് ഉപഭോക്താവിന് ഉണ്ടായ മാനസിക ബുദ്ധിമുട്ട്, ശാരീരിക അസ്വസ്ഥത എന്നിവയ്ക്ക് നഷ്ടപരിഹാരവും ഒപ്പം 25,000 രൂപ കോടതി ചെലവും സംയുക്തമായി നല്‍കാനാണ് സൗത്ത് മുംബൈ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടത്.
2019 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുംബൈ മീര റോഡ് നിവാസിയായ സ്ത്രീ ചര്‍ച്ച്‌ഗേറ്റ് സ്‌റ്റേഷനിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് ബ്രിട്ടാനിയയുടെ ഗുഡ് ഡേ ബിസ്‌ക്കറ്റിന്റെ ഒരു പായ്ക്കറ്റ് വാങ്ങി കഴിച്ചിരുന്നു. കുറച്ച് ബിസ്‌ക്കറ്റുകള്‍ കഴിച്ച ശേഷമാണ് അവര്‍ ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴുവിനെ കാണുന്നത്. തുടര്‍ന്ന് ശര്‍ദ്ദിച്ച് അവശയായ അവരെ ആശുപത്രിയില്‍ പ്രവേശിപ്പക്കുകയും ചെയ്തു.
തുടര്‍ന്ന്, മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ബിഎംസി) മുനിസിപ്പല്‍ ഫുഡ് ലബോറട്ടറിയെ സമീപിച്ച് അവര്‍ ബിസ്‌ക്കറ്റ് പരിശേധനയ്ക്ക് വിധേയമാക്കി. 2019 ഓഗസ്റ്റില്‍ അവര്ര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടില്‍ ബിസ്‌ക്കറ്റില്‍ ബാഹ്യവസ്തുക്കളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇതോടെ അവര്‍ ബ്രിട്ടാനിയ കമ്പനിക്ക് നിയമപരമായ നോട്ടീസ് നല്‍കിയെങ്കിലും നഷ്ടപരിഹാരം ലഭിച്ചില്ല, തുടര്‍ന്ന് അവര്‍ കമ്മീഷനെ സമീപിച്ചു. മലിനമായ ബിസ്‌ക്കറ്റിന്റെ വില്‍പ്പന ഉപഭോക്തൃ വിശ്വാസത്തിന്റെയും ഭക്ഷ്യ സുരക്ഷാ നിയമങ്ങളുടെയും ഉപഭോക്തൃ സംരക്ഷണ നിയമങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്ന് കമ്മീഷന്‍ പറഞ്ഞു.
അതേസമയം, പരാതി നല്‍കിയ വ്യക്തി, ബിസ്‌ക്കറ്റിന്റെ പായ്ക്കറ്റല്‍ നല്‍കിയ ബാച്ച് നമ്പര്‍ ഹാജരാക്കിയിട്ടില്ലെന്നും അത് ഉയര്‍ന്ന നിലവാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും അവകാശപ്പെട്ടുകൊണ്ട് ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ഈ പരാതി നിഷേധിച്ചിരുന്നു. ബിസ്‌ക്കറ്റ് വിറ്റ കെമിസ്റ്റ് ഷോപ്പ് ഉടമയായ അശോക് എം ഷായും പരാതി നിഷേധിച്ചു, നിര്‍മ്മാതാക്കളില്‍ നിന്ന് സീല്‍ ചെയ്ത ഉല്‍പ്പന്നങ്ങള്‍ മാത്രമേ വില്‍ക്കുന്നുള്ളൂ എന്ന് ആദ്ദേഹം വാദിക്കുകയും ചെയ്തു. എന്നാല്‍ കമ്മീഷന്‍, ബിഎംസിയില്‍ നിന്നുള്ള ഭക്ഷ്യ വിശകലന വിദഗ്ദ്ധ റിപ്പോര്‍ട്ട് പ്രകാരം പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സ്ഥിരീകരിച്ചു. തുടര്‍ന്നാണ് നഷ്ട പരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.
https://www.facebook.com/Malayalivartha