പോലീസുകാരെ ജനം പേടിക്കണം; പേടിക്കില്ലെങ്കില്‍ പേടിപ്പിക്കും... അവസാനം രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കും നടപടി; ബൈക്കിന് കുറുകേ ജീപ്പിട്ട് രണ്ടുപേരുടെ മരണത്തിനുത്തരവാദിയായ എസ്.ഐ.യ്ക്ക് സസ്‌പെന്‍ഷന്‍; വഴിമാറാത്തതിനാല്‍ മൂക്കിടിച്ച് പരത്തിയ പോലീസിന് സ്ഥലം മാറ്റം

പഴയകാലത്തെ പോലീസുകാരുടെ ക്രൂരത വീണ്ടും പുറത്താകുന്നതു പോലെയുള്ള സംഭവമാണ് പുറത്ത് വരുന്നത്. മുഖ്യമന്ത്രിയും ഡിജിപിയും പോലീസുകാരുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ രംഗത്ത് വന്നിട്ടും അവര്‍ അടങ്ങുന്നില്ല. ജനങ്ങളെ വേദനിപ്പിക്കുന്ന നടപടികളാണ് ജനപ്രിയ പോലീസുകാര്‍ ചെയ്യുന്നത്. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് ഒരേ ദിവസം നടപടിയുണ്ടായത്.
ആലപ്പുഴയിലെ സംഭവമായിരുന്നു ഒന്ന്. കഴിഞ്ഞ 11ന് പുലര്‍ച്ചെ കഞ്ഞിക്കുഴിക്ക് വടക്ക് എഎസ് കനാല്‍ തീരത്തായിരുന്നു അപകടം. ഷേബുവും കുടുംബവും സഞ്ചരിച്ചിരുന്ന ബൈക്ക് ചേര്‍ത്തല എസ്എന്‍ കോളജിന് മുന്നില്‍ ഹൈവേ പൊലീസ് കൈ കാണിച്ചപ്പോള്‍ നിര്‍ത്താതെ പോയി. പൊലീസ് പിന്‍തുടര്‍ന്ന് ബൈക്കിനു മുന്നില്‍ കയറ്റി വാഹനം നിര്‍ത്തിയപ്പോള്‍ എതിര്‍ദിശയില്‍ വന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു.
ബൈക്കില്‍ സഞ്ചരിച്ച പാതിരപ്പള്ളി വെളിയില്‍ ബാലന്റെ മകന്‍ ബിച്ചു(24) തത്ക്ഷണം മരിച്ചിരുന്നു. ഇതിന് പിന്നാലെ ബൈക്കില്‍ സഞ്ചരിച്ച വീട്ടമ്മയും മരിച്ചു. ഷേബു(40), ഭാര്യ സുമി(35), മക്കളായ ഹര്‍ഷ (10), ശ്രീലക്ഷ്മി (മൂന്ന്) എന്നിവര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സുമിയുടെ കാലിലാണ് എതിര്‍ദിശയില്‍ നിന്നും വന്ന ബൈക്ക് ഇടിച്ചത്. സുമിയുടെ ശരീരമാസകലമുള്ള എല്ലുകള്‍ തകര്‍ന്ന് വാരിയല്ലുകള്‍ പൊട്ടി ശ്വാസകോശത്തില്‍ തുളഞ്ഞുകയറിയിരുന്നു.
പൊലീസ് ജീപ്പ് റോഡിനു കുറുകെ നിര്‍ത്തിയതിനെതുടര്‍ന്ന് രണ്ടുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ ആരോപണവിധേയനായ എസ്‌ഐയ്ക്ക് ഇതോടെ സസ്‌പെന്‍ഷന് ഉത്തരവായി. എസ്‌ഐ സോമനെയാണ് അന്വേഷണ വിധേയമായി സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
ദേശീയപാതയില്‍ പൊലീസിന്റെ വാഹനപരിശോധനയെ തുടര്‍ന്ന് ബൈക്കുകള്‍ കൂട്ടിമുട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതികൂടി കഴിഞ്ഞ ദിവസം മരിച്ചതോടെയാണ് പൊലീസ് നടപടിക്കു നിര്‍ബന്ധിതരായത്.
ഗവര്‍ണര്‍ക്ക് വഴിയൊരുക്കുന്നതിനിടെ യാത്രക്കാരന്റെ മൂക്ക് ഇടിച്ച് പൊട്ടിച്ച് പൊലീസുകാരനെ സ്ഥലം മാറ്റി. മലപ്പുറം കോട്ടയ്ക്കലിലാണ് സംഭവംനടന്നത്. ഇന്നലെ രാവിലെ പത്തുമണിയോടെ കോട്ടയ്ക്കല്‍ ബസ് സ്റ്റാന്‍ഡിന് സമീപം പൊന്നാനിയിലേക്കു പോകുകയായിരുന്ന ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന് പോകാന്‍ വഴിയൊരുക്കുന്നതിനിടെ കാര്‍ യാത്രക്കാരനായ കോട്ടയ്ക്ക്ല്‍ കൊളത്തുപ്പറമ്പ് ശ്രുതിയില്‍ കെ ആര്‍ ജനാര്‍ദ്ദനനെ ( 69) പൊലീസുകാരന്‍ മര്‍ദ്ദിക്കുകയായിരുന്നു.
കാര്‍ വേണ്ടത്ര ഒതുക്കിയില്ലെന്ന് പറഞ്ഞായിരുന്നു ജനാര്‍ദ്ദനനെ പോലീസ് മര്‍ദിച്ചത്. ഗവര്‍ണര്‍ക്ക് വഴിയൊരുക്കി കൊടുത്ത കോട്ടക്കല്‍ പൊലിസ് സ്‌റ്റേഷനിലെ എ.എസ്.ഐ യാണ് കാര്‍ യാത്രക്കാരന്റെ മൂക്കിന് ഇടിച്ചു പരുക്കേല്‍പ്പിച്ചത്. പരുക്കേറ്റ കാര്‍ െ്രെഡവറും റിട്ട. റയില്‍വേ സ്‌റ്റേഷന്‍ മാസ്റ്ററുമായ ജനാര്‍ദനനെ കോട്ടക്കല്‍ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വീട്ടില്‍ നിന്ന് സ്വാഗതമാട്ടേക്ക് കാറുമായി പോകുന്നതിനിടെ ജനാര്‍ദനന്‍ ഗവര്‍ണറുടെ പൈലറ്റ് വാഹനത്തിന്റെ സൈറണ്‍ കേട്ട് കാര്‍ ഒതുക്കി. ഇതിനിടെ പൊലീസ് എന്തെടാ നിനക്ക് വണ്ടി സൈഡാക്കാനൊന്നും അറിയില്ലേ എന്ന് ചോദിച്ച് മുഷ്ടി ചുരുട്ടി മൂക്കിന് ഇടിക്കുകയായിരുന്നു എന്ന് ജനാര്‍ദ്ദനന്‍ പറഞ്ഞു.
സംഭവം കണ്ട് കച്ചവടക്കാരും നാട്ടുകാരും തടിച്ചുകൂടി. പ്രശ്‌നമാകുമെന്ന് മനസ്സിലായ പൊലീസ് വിഷയം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഒത്തുതീര്‍പ്പിനില്ലെന്ന്് ജനാര്‍ദ്ദനന്‍ അറിയിക്കുകയായിരുന്നു. അകാരണമായി തന്നെ മര്‍ദ്ദിച്ച എഎസ്‌ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ജനാര്‍ദ്ദനന്‍ എസ്.പിക്ക് പരാതി നല്‍കി. അതേസമയം ജനാര്‍ദ്ദനനെ മര്‍ദ്ദിച്ചിട്ടില്ലെന്നും, അറിയാതെ കൈ കൊണ്ടതാകാമെന്നാണ് പൊലീസിന്റെ വിശദീകരണം. ഇത് തള്ളിക്കളഞ്ഞാണ് പോലീസിനെതിരെ നടപടിയെടുത്തത്.
https://www.facebook.com/Malayalivartha