ക്വാറിയിലെ വെള്ളക്കെട്ടില്‍ വീഴുന്നതിന് മുമ്പ് ജീവിതത്തിനും മരണത്തിനും ഇടയിലെ സെൽഫി; ഒരു നാടിനെ മുഴുവന്‍ സങ്കടക്കടലിലാക്കി സഹോദരിമാർ ഒന്നിച്ച് യാത്രയായി...വാവിട്ട് നിലവിളിച്ച് ഒരു കുടുംബം മുഴുവൻ

മടവൂർ മൂന്നാംവിള കക്കോട് ഇടപ്പാറ പാറമടയിൽ വീണുമരിച്ച സഹോദരിമാരുടെ മൃതദേഹം മടവൂർ ഗ്രാമം കണ്ണീരൊടെ ഏറ്റുവാങ്ങി. സഹോദരിമാരും ഉറ്റസുഹൃത്തുക്കളുമായ പെൺകുട്ടികളുടെ വിയോഗം നാടിനെ സങ്കടക്കടലാക്കി. ഞായറാഴ്ച വൈകിട്ട് 4.30നായിരുന്നു നാടിനെ നടുക്കിയ സംഭവം.
മടവൂർ ഞാറയിൽകോണം ബുഷറാലയത്തിൽ ജമാലുദ്ദീൻ‐ ബുഷ്റ ദമ്പതികളുടെ മകളും ആയൂർ വിവേകാനന്ദ പബ്ലിക് സ്കൂൾ പത്താംക്ലാസ് വിദ്യാർഥിനിയുമായ ഫാത്തിമ ജുമാന (16), ഞാറയിൽകോണം അമ്പിളിമുക്ക് തസ്നി മൻസിലിൽ കമാലുദ്ദീൻ ‐ തസ്നി ദമ്പതികളുടെ ഏകമകളും ഞെക്കാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്വൺ വിദ്യാർഥിനിയുമായ ഷിഹാന ബീഗം (17), ഞാറയിൽകോണം മൂന്നാംവിള ബീനാലയത്തിൽ സിറാജുദ്ദീൻ ‐ ബീന ദമ്പതികളുടെ മകളും കടുവയിൽ കെടിസിടി സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിനിയുമായ സൈനബ (14) എന്നിവരാണ് മരിച്ചത്.
ഇവർക്കൊപ്പമുണ്ടായിരുന്ന ഇടപ്പാറയിൽ വീട്ടിൽ താജുദ്ദീന്റെ മകൾ അജ്മിയ (17), ഫർഹാന (12) എന്നിവർ അപകടത്തിൽനിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മരിച്ച കുട്ടികൾ ഇടപ്പാറയ്ക്ക് സമീപം താമസിക്കുന്നവരും ഇടപ്പാറ കുടുംബാംഗങ്ങളായ സേഹാദരന്മാരുടെ മക്കളുമാണ്. ഇവരുടെ വലിയുമ്മയായ നസീമാബീവി ഞായറാഴ്ച ഉംറക്ക് പോകുന്നതിന്റെ ഭാഗമായി ഇടപ്പാറ വീട്ടിൽ കുടുംബാംഗങ്ങൾ എല്ലാം ഒത്തുചേർന്നിരുന്നു. തുടർന്നാണ് പെൺകുട്ടികൾ അഞ്ചുപേരും തങ്ങളുടെ കുടുംബവകയായ സ്വകാര്യ പാറക്വാറിയിലെ വെള്ളക്കെട്ടിൽ ചിത്രമെടുക്കാനായി പോയത്.
ഇതിനുമുമ്പ് പെൺകുട്ടികൾ ഇവിടെ എത്തി ചിത്രം പകർത്തുകയും ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. മരിക്കുന്നതിന്റെ തലേ ദിവസവും ഇവർ പകർത്തിയ ചിത്രം സൈനബയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ്ചെയ്തിരുന്നു. പാറമടയിലെത്തിയെ പെൺകുട്ടികളിൽ നാലുപേർ വെള്ളത്തിൽ ഇറങ്ങിനിന്ന് ഫോട്ടോക്ക് പോസ് ചെയ്യുകയും ഒരാൾ ചിത്രം മൊബൈലിൽ പകർത്തുകയുമായിരുന്നു. ചിത്രത്തിന് പോസ് ചെയ്യുന്നതിനിടെ ജുമാനയാണ് ആദ്യം കയത്തിലേക്ക് ആഴ്ന്നുപോയത്. ജുമാനയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഷിഹാനയും സൈനബയും കയത്തിലേക്ക് വീണു.
പെൺകുട്ടികൾ നാലുപേരും വെള്ളത്തിൽ മുങ്ങിത്താഴുന്നതുകണ്ട് ഫോട്ടോ എടുക്കാൻ കരയ്ക്ക് നിന്ന പെൺകുട്ടി വാവിട്ട് നിലവിളിച്ചതുകേട്ട് അജിമിയുടെ സഹോദരൻ അമീറും ബന്ധുവും ഓടിയെത്തിയപ്പോഴേക്കും അജ്മി ഒഴികെ മൂവരും വെള്ളത്തിൽ ആണ്ടുപോയിരുന്നു. മുങ്ങിത്താഴുന്ന അജിമിയെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചശേഷം മൂവർക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല.
പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ ബന്ധുക്കളുടെ അഭ്യർഥന മാനിച്ച് പോസ്റ്റ്മോർട്ടം നടത്താതെ തിങ്കളാഴ്ച രാവിലെ വിട്ടുകൊടുത്തു. എന്നാൽ, മൃതദേഹങ്ങൾ ഇടപ്പാറ വീട്ടിലെത്തിച്ചയുടനെ നാട്ടുകാരിൽ ചിലർ പരാതി ഉന്നയിച്ചതിനെ തുടർന്ന് കലക്ടറുടെ നിർദേശപ്രകാരം പൊലീസെത്തി മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha