പ്രവർത്തനം നിർത്തിയ ക്വാറികളിൽ വീണ് കുട്ടികൾ മരിക്കുന്ന സംഭവങ്ങൾ കേരളത്തിൽ വർദ്ധിച്ചിട്ടും അധിക്യതർ മൗനത്തിൽ

സംസ്ഥാനത്തെ മിക്ക സ്ഥലങ്ങളിലും ഉപയോഗശൂന്യമായ ക്വാറികൾ കുളങ്ങളായി മാറിയ സ്ഥലങ്ങൾ ധാരാളമുണ്ട്. പ്രവർത്തനം നിർത്തിയ ക്വാറികൾ സംരക്ഷണഭിത്തി കെട്ടി മറയ്ക്കണമെന്ന് നിയമമുള്ളപ്പോഴാണ് ഇത്തരം സംഭവങ്ങൾ ധാരാളം നടക്കുന്നത്.
തിരുവനന്തപുരം മടവൂർ ഗ്രാമപഞ്ചായത്തിലെ മൂന്നു വിദ്യാർത്ഥിനികളാണ് കഴിഞ്ഞ ദിവസം മുങ്ങി മരിച്ചത്. പത്താം ക്ലാസ് പരീക്ഷയെഴുതിയ രണ്ട് കുട്ടികളും പ്ലസ് വൺ പരീക്ഷ എഴുതിയ ഒരു കുട്ടിയുമാണ് കുളത്തിൽ വീണ് മരിച്ചത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം ഉപയോഗശൂന്യമായ ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ ക്വാറി കുളങ്ങളുണ്ട്. ക്വാറിയായി പ്രവർത്തിച്ചിരുന്ന സ്ഥലങ്ങളിൽ പിന്നീട് ഖനനം നിലയ്ക്കുമ്പോഴാണ് വെള്ളം നിറഞ്ഞ് കുളമായി മാറാറുള്ളത്. ഇത്തരം കുളങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കരുതെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകാറുണ്ട്. മൈനിംഗ് ആന്റ് ജിയോളജി വകുപ്പാണ് ഇത്തരത്തിലുള്ള ക്വാറികൾക്കെതിരെ നടപടിയെടുക്കേണ്ടത്. അതു കഴിഞ്ഞാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ.
മൈനിംഗ് ആന്റ് ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥർ ഇത്തരം കാഴ്ചകൾ കണ്ടില്ലെന്നു നടിക്കുന്നത് പതിവാണ്. കൈക്കൂലി വാങ്ങിയാണ് ജിയോളജി വകുപ്പുകാർ നിയമ ലംഘകരെ രക്ഷിക്കുന്നതെന്ന് വ്യാപകമായ പരാതിയുണ്ട്. വ്യവസായ വകുപ്പിന് കീഴിലാണ് മൈനിംഗ് ആന്റ് ജിയോളജി പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ പരിസ്ഥിതി പ്രശ്നങ്ങൾ വഷളാക്കുന്നത് മൈനിംഗ് ജിയോളജി വകുപ്പാണ്. മോട്ടോർ വാഹന വകുപ്പിനു സമാനമായി പണം നൽകിയാൽ എന്തും നടക്കുന്ന വകുപ്പാണ് മൈനിംഗ് വകുപ്പ്. വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥർ മൈനിംഗ് വകുപ്പിനെ കുറിച്ച് ചിന്തിക്കാറു പോലുമില്ല. അതല്ലെങ്കിൽ കോഴയായിരിക്കും കാരണം.
മലപ്പുറം, കാസർകോട് ജില്ലകളിലും ക്വാറി കുളങ്ങൾ സാധാരണ കാഴ്ചയാണ്. ഇവിടങ്ങളിൽ നിരവധി കുട്ടികൾ കുളത്തിൽ വീണ് മരിച്ചിട്ടുണ്ട്. പലപ്പോഴും സാധാരണ കുടുംബങ്ങളിലെ കുട്ടികളാണ് ഇത്തരത്തിൽ അപകടത്തിൽ മരിക്കാറുള്ളത്. അവധിക്കാലം ചെലവഴിക്കാൻ ബന്ധുവീടുകളിലെത്തുന്ന കുട്ടി കളാണ് അപകടത്തിൽ പെടുന്നത്. അവധിക്കാലം തുടങ്ങിയതേയുള്ളു. അപ്പോഴാണ് തിരുവനന്തപുരത്ത് മൂന്നു കുട്ടികൾ മുങ്ങി മരിച്ചത്.
സർക്കാരാണ് ഉപയോഗശൂന്യമായ കുളങ്ങൾ മതിൽ കെട്ടി സംരക്ഷിക്കാൻ ഉടമകൾക്ക് നിർദ്ദേശം നൽകേണ്ടത്. ഏക്കർ കണക്കിന് ഭൂമിയാണ് ഇത്തരത്തിൽ കുളങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലവിലുള്ളത്. മതിൽ കെട്ടാത്ത ക്വാറികൾക്ക് മതിൽ കെട്ടാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരമുണ്ട്. എന്നാൽ തദ്ദേശസ്ഥാപനങ്ങൾ ഇത്തരം നിയമവിരുദ്ധ കാര്യങ്ങൾക്ക് ചൂട്ടു പിടിക്കുന്നത് സ്ഥിരം കാഴ്ചയാണ്. സാമ്പത്തികമായി ഉയർന്ന നിലവാരത്തിലുള്ളവരുടേതാണ് ഇത്തരം ക്വാറികൾ. ഇത്തരം സ്ഥലങ്ങൾ വിൽക്കാൻ എളുപ്പം കഴിയാറില്ല. അത് തന്നെയാണ് ഉടമകൾ നേരിടുന്ന പ്രതിസന്ധി.
കുളങ്ങളിൽ വീണ് അപകടം സംഭവിച്ചാൽ സർക്കാർ നഷ്ടപരിഹാരം പോലും നൽകാറില്ല. ഇതിനെതിരെ നിരവധി കേസുകൾ കോടതികളിലും മനുഷ്യാവകാശ കമ്മീഷനിലും നിലവിലുണ്ട്. കേസുകളിൽ വർഷങ്ങൾ കഴിഞ്ഞാലും തീരുമാനം ഉണ്ടാകാറില്ല. ഇരകൾ നീതി ലഭിക്കാതെ അലയുന്നത് പതിവാണ്.
https://www.facebook.com/Malayalivartha