ചെങ്ങന്നൂരില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബി.ജെ.പി പണം നല്‍കിയെന്ന് സി.പി.എം പൊലീസില്‍ പരാതി നല്‍കി, കോളനികളിലും മറ്റുമുള്ള സാധാരണക്കാര്‍ക്കും യുവാക്കള്‍ക്കും വോട്ടൊന്നിന് രണ്ടായിരം രൂപ നല്‍കുന്നെന്ന് പരാതിയില്‍ പറയുന്നു

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എങ്ങനെയും വിജയിക്കാന്‍ ബി.ജെ.പി പണം ഒഴുക്കുന്നതായി ആരോപണം. പല വോട്ടര്‍മാര്‍ക്കും ബി.ജെ.പി പണം നല്‍കിയെന്ന് ആരോപിച്ച് സി.പി.ഐ ചെങ്ങന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പ്രചാരണത്തിനിടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീടുകളിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും പണം നല്‍കിയെന്നാണ് പരാതി. നഗരസഭയിലുള്ള അങ്ങാടിക്കമലയില്‍ കോളനിയില്‍ ബിജെപി പണം വിതരണം ചെയ്യുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു. ഒരാളുടെ വോട്ടിന് രണ്ടായിരം രൂപ മുതല്‍ അയ്യായിരം രൂപ വരെ നല്‍കിയെന്നും പരാതിയില്‍ ആരോപിക്കുന്നു. ബിജെപി എക്‌സ് സര്‍വീസ് മെന്‍ കോര്‍ഡിനേഷന്‍ സെല്‍ നേതാവിന്റെ നേതൃത്വത്തിലാണു പണം വിതരണം ചെയ്തതെന്നും സിപിഎം ആരോപിച്ചു.
അതേസമയം പരാജയഭീതിയിലായ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് സി.പി.എം ഉന്നയിക്കുന്നതെന്ന് ബി.ജെ.പി നേതാക്കള്‍ പ്രതികരിച്ചു. കോളനികളും മറ്റും കേന്ദ്രീകരിച്ച് ബി.ജെ.പി ആഴ്ചകളായി നടത്തുന്ന പ്രചരണ പരിപാടികളിലും മറ്റും ഹാലിളകിയിരിക്കുകയാണ് സി.പി.എമ്മുകാര്‍. സര്‍ക്കാരിന്റെ ഭരണപരാജയത്തിനെതിരെ ഉയരുന്ന ജനവികാരവും സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള പൊതുവികാരവും ബി.ജെ.പി അനുകൂല തരംഗമാണ് ചെങ്ങന്നൂരില്‍ സൃഷ്ടിക്കുന്നത്. ഇത് സി.പി.എമ്മിനെയും എല്‍.ഡി.എഫിനെയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്പ് ബി.ജെ.പി ചെങ്ങന്നൂരില്‍ പ്രചരണം തുടങ്ങിയത് പാര്‍ട്ടിയിലെ ഐക്യം കൊണ്ടാണെന്നും നേതാക്കള്‍ പറഞ്ഞു. ഭരണ സ്വാധീനമുപയോഗിച്ച് ബി.ജെ.പി നേതാക്കളെ അധിക്ഷേപിക്കാനാണ് പരാതി നല്‍കിയതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
നേരത്തെ പ്രചരണം തുടങ്ങിയിട്ടും എങ്ങും എത്താത്ത ബി.ജെ.പിക്ക് ബി.ഡി.ജെ.എസ് നല്‍കിയ പ്രഹരം വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. അത് മറികടക്കാനാണ് കോളനികളിലും മറ്റുമുള്ള സാധാരണക്കാര്‍ക്ക് പണം നല്‍കി വോട്ട് ഉറപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്ന് സി.പി.എം ആക്ഷേപിക്കുന്നു. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ പ്രതികരിക്കാത്തത് ഇരുവരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന് ഉദാഹരണമാണ്. മണ്ഡലത്തില്‍ കള്ളപ്പണം ഒഴുക്കി വിജയിക്കാനുള്ള ബി.ജെ.പി ശ്രമം പാഴാകുമെന്നും സി.പി.എം നേതാക്കള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha