വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി തന്നെ പൂര്‍ത്തിയാക്കണമെന്ന് അദാനിയോട് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി തന്നെ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അദാനി ഗ്രൂപ്പ് സി.ഇ.ഒ കരണ്‍ അദാനിയോട് നിര്‍ദ്ദേശിച്ചു. കരാര്‍ കാലാവധി നീട്ടാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയാണ് കരണ്‍ അദാനി പിണറായി വിജയനെ കണ്ടത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന്റെ പൂര്‍ത്തീകരണത്തിന് 16 മാസത്തെ അധികസമയം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ അദാനി ഗ്രൂപ്പ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഓഖി ദുരന്തവും കാലാവസ്ഥ വ്യതിയാനവും കാരണം മുന്‍തീരുമാന പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകില്ലെന്ന് കൂടിക്കാഴ്ചയില്‍ കരണ്‍ അദാനി വ്യക്തമാക്കി.
പാറക്കല്ല് ക്ഷാമവും പുനരുദ്ധാരണ പാക്കേജുമായി ബന്ധപ്പെട്ട സമരവും മൂലം മാസങ്ങളായി നിര്‍മ്മാണം നിലച്ചിരിക്കുകയാണ്. കടല്‍ കുഴിക്കുന്നതിനായി പദ്ധതിപ്രദേശത്തുണ്ടായിരുന്ന രണ്ടു ഡ്രഡ്ജറുകളും ഓഖിയില്‍ തകര്‍ന്നു. ഈ ഡ്രഡ്ജറുകളുടെ കേടുപാട് തീര്‍ത്തതിനു ശേഷമേ ഇനി ജോലികള്‍ പുനരാരംഭിക്കാനാകൂവെന്നും കരണ്‍ പറഞ്ഞു.
എന്നാല്‍, കരാര്‍ കാലാവധി നീട്ടി നല്‍കുന്ന കാര്യം ഇപ്പോള്‍ ആലോചിക്കാനാവില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. കേടായ യന്ത്രങ്ങള്‍ക്ക് പകരം പുതിയവ എത്തിച്ച് പണി എത്രയും വേഗം തുടരണം. 2019 ഡിസംബറിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
കരാര്‍ പ്രകാരമുള്ള കാലാവധി കഴിഞ്ഞ് വേണ്ടിവരുന്ന ഓരോ ദിവസത്തിനും 12 ലക്ഷം രൂപ വീതം അദാനി ഗ്രൂപ്പ് സര്‍ക്കാരിന് നഷ്ടപരിഹാരമായി നല്‍കണം എന്നാണ് വ്യവസ്ഥ. 1000 പ്രവൃത്തി ദിവസത്തില്‍ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നാണ് അദാനിയും സംസ്ഥാന സര്‍ക്കാരും കരാര്‍ ഒപ്പുവച്ചിരുന്നത്. എന്നാല്‍ കാലാവസ്ഥാപ്രശ്‌നങ്ങള്‍ കാരണം കാലാവധി 1460 ദിവസമാക്കി നീട്ടിക്കൊടുത്തു. 40 ശതമാനം ഡ്രഡ്ജിംഗാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്.
3.1 കിലോമീറ്റര്‍ നീളത്തിലുള്ള പുലിമുട്ടിന്റെ 600 മീറ്റര്‍ മാത്രമാണ് പൂര്‍ത്തിയായത്. പുനരധിവാസ പാക്കേജ് സമരം കാരണം സൈഡ് വാള്‍, തുറമുഖ റോഡ്, തദ്ദേശ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള ആധുനിക മത്സ്യബന്ധന തുറമുഖം എന്നിവയുടെ നിര്‍മ്മാണവും മുടങ്ങിക്കിടക്കുകയാണ്.
https://www.facebook.com/Malayalivartha