ചെങ്ങന്നൂരിലെ ഫലം തീരുമാനിക്കും ഇനി ചെന്നിത്തലയുടെ കുറി; വരുന്ന പാർലമെൻറ് തെരഞ്ഞടുപ്പിൽ അങ്കം കുറിക്കാൻ ഒരുങ്ങി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും; ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്ന കെ സി വേണുഗോപാൽ ഉമ്മൻ ചാണ്ടിക്ക് പകരക്കാരനായി കേരളത്തിലെത്തും

ഉമ്മൻ ചാണ്ടിയെ ദേശീയ രാഷ്ട്രീയത്തിലേക്ക് നാടുകടത്തിയതോടെ സമാധാനപ്പെട്ടിരിക്കുന്ന രമേശ് ചെന്നിത്തലയെയും വൈകാതെ നാട്ടുകടത്തും. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുമടക്കമുള്ളവർ വരുന്ന പാർലെമെന്റ് തെരഞ്ഞടുപ്പിൽ അങ്കം കുറിക്കും. ചെങ്ങന്നൂരിൽ യു ഡി എഫ് തോറ്റാൽ ചെന്നിത്തലയുടെ കുറി ഉടൻ വീഴും. ജയിച്ചാൽ പാർലമെൻറ് തെരഞ്ഞടുപ്പ് വരെ സമയം ലഭിക്കും.
ഉമ്മൻ ചാണ്ടിക്ക് പകരക്കാരനായി ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്ന കെ സി വേണുഗോപാൽ കേരളത്തിലെത്തും. കെ സി വേണുഗോപാൽ കെ പി സി സി അധ്യക്ഷനാകുമെന്നാണ് സൂചന. തുടർന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്കും പരിഗണിക്കപ്പെട്ടേക്കാം.
ഉമ്മൻ ചാണ്ടിക്ക് സംഭവിച്ച നിയോഗം അദ്ദേഹം ഒട്ടും ആഗ്രഹിച്ചതല്ല. എന്നാൽ ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർ പണിഞ്ഞ് പറഞ്ഞു വിട്ട ആന്റണിക്ക് സംഭവിച്ചതാണ് ഉമ്മൻ ചാണ്ടിക്കും വന്നത്. 2001 ലെ മന്ത്രിസഭയുടെ അർധവാർഷിക വേളയിലാണ് ആന്റണിയെ കെട്ടുകെട്ടിച്ചത്. അന്ന് ലോക്സഭാ തെരഞ്ഞടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതാണ് കാരണമായത്. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ആൻറണി കുറെക്കാലം ആരോരുമല്ലാതെ കേരളത്തിൽ കഴിഞ്ഞു. പിന്നീട് ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർത്തപെട്ടു. അതോടെ അദ്ദേഹത്തിന്റെ സമയം തെളിഞ്ഞു.
ഉമ്മൻ ചാണ്ടിക്ക് ആൻറണിയെ പോലെ ശോഭിക്കാൻ കഴിയുമോ എന്നറിയില്ല. കാരണം ആന്റണിക്കുള്ള ഇമേജ് ഉമ്മൻ ചാണ്ടിക്കില്ല. സോളാർ കേസ് തന്നെയാണ് അദ്ദേഹത്തെ മോശക്കാരനാക്കിയത്. എന്നാൽ എല്ലാ പ്രതിസന്ധികളെയും അദ്ദേഹം സധൈര്യം നേരിട്ടു. മികച്ച സംഘാടകനെന്ന് ചെങ്ങന്നൂർ തെരഞ്ഞടുപ്പിൽ അദ്ദേഹം തെളിയിച്ചു. അത് തന്നെയാണ് ഉമ്മൻ ചാണ്ടിക്ക് സ്ഥാനക്കയറ്റം നൽകാനുള്ള കാരണവും.
കെ സി വേണുഗോപാൽ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വന്നാൽ ആലപ്പുഴ സീറ്റ് ചെന്നിത്തലക്ക് നൽകും. ഉമ്മൻ ചാണ്ടിക്ക് എവിടെ വേണമെങ്കിലും മത്സരിക്കാം. സാധ്യത പത്തനംതിട്ടയാണ്. പകരം ആന്റോ ആന്റണിക്ക് നിയമസഭയിൽ സീറ്റ് നൽകും. കോട്ടയത്ത് കേരള കോൺഗ്രസ് എം സ്ഥാനാർത്ഥി ജോസ് കെ മാണി മത്സരിക്കുന്നതു കൊണ്ടാണ് ഉമ്മൻ ചാണ്ടിക്ക് പത്തനംതിട്ടയിലേക്ക് മാറേണ്ടി വരിക. ഉമ്മൻ ചാണ്ടി മത്സരിച്ചില്ലെങ്കിൽ നിയമസഭാ ഗത്വം അവസാനിച്ചാൽ പുതപ്പള്ളിയിൽ അദ്ദേഹത്തിന്റെ മകൻ മത്സരിച്ചേക്കാം.
കെ സി വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ പ്രിയപുത്രനാണ്. കർണാടകത്തിന്റെ സൂത്രധാരനായതോടെയാണ് അദ്ദേഹം രാഹുലിന് പ്രിയപ്പെട്ടവനായത്. എന്തു ചോദിച്ചാലും കൊടുക്കും എന്നതാണ് അവസ്ഥ.
ദേശീയ രാഷ്ട്രീയത്തിലെ പുതിയ മാറ്റങ്ങളാണ് പരിചയ സമ്പന്നരായ നേതാക്കളെ അങ്ങോട്ട് മാറ്റാൻ രാഹുൽ ഗാന്ധി തീരുമാനിച്ചത്. അടുത്ത തവണ കേന്ദ്രത്തിൽ യുപിഎ അധികാരത്തിൽ വരാനാണ് സാധ്യത. അങ്ങനെ സംഭവിച്ചാൽ ചെന്നിത്തല, ഉമ്മൻ ചാണ്ടി. പി കെ കുഞ്ഞാലിക്കുട്ടി, ജോസ് കെ.മാണി തുടങ്ങിയവർ കേന്ദ്ര മന്ത്രിസഭയിലെത്താൻ സാധ്യതയുണ്ട്. ഏതായാലും ചെന്നിത്തലയുടെ മുഖ്യമന്ത്രി സ്ഥാനം അസ്ഥാനത്തായി.
പക്ഷേ ചെങ്ങന്നൂർ തെരഞ്ഞടുപ്പ് കഴിഞ്ഞ് ഉമ്മൻ ചാണ്ടിയെ മാറ്റിയാൽ മതിയായിരുന്നു എന്നു കരുതുന്ന ധാരാളം കോൺഗ്രസുകാരുണ്ട്. അദ്ദേഹത്തെ ദേശീയ രാഷ്ട്രീയത്തിലേക്ക് മാറ്റിയത് ചെങ്ങന്നൂർ തെരഞ്ഞടുപ്പിൽ പ്രതിഫലിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. കുമ്മനത്തിന്റെ ഗവർണർ സ്ഥാനവും ഇത്തരത്തിലാണ് സംഭവിച്ചത്. പൊതുജനത്തിന്റെ പൾസ് അറിയാത്തവരാണ് ഇത്തരത്തിൽ തീരുമാനങ്ങളെടുക്കുന്നത്. ദേശീയ രാഷ്ട്രീയത്തിലുള്ളവർക്ക് ഒരിക്കലും കേരളത്തിലെ ട്രെ ന്റ് മനസിലാകില്ല.
https://www.facebook.com/Malayalivartha