ആറ് ദിവസമായി തപാല്‍മേഖല സ്തംഭിച്ചു; കെട്ടിക്കിടക്കുന്നത് ഒരുപാട് ജീവിതങ്ങൾ; സമരം ഗ്രാമീണ ഡാക് സേവക്‌മാരുടെ സേവന-വേതന വ്യവസ്ഥകള്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്

ആറുദിവസമായി തുടരുന്ന തപാല്‍സമരംമൂലം പോസ്റ്റോഫീസുകളുടെ പ്രവര്‍ത്തനം പാടേ സ്തംഭിച്ച അവസ്ഥയിലാണ്. ഒരുപാട് പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമായിരിക്കും ഇതിലൂടെ വഴിമുട്ടിയിരിക്കുന്നത്. പാസ്പോര്‍ട്ടുകള്‍, നിയമന ഉത്തരവുകള്‍ തുടങ്ങി നിരവധി സുപ്രധാനമായ രേഖകൾ ആകും യഥാസമയം ഉടമസ്ഥരുടടെ കയ്യിൽ എത്താതിരുന്നത്. എന്നാൽ ഈ സമരം അധികാരികളും സർക്കാരും കണ്ടില്ല എന്ന് നടിക്കുന്ന അവസ്ഥയാണ് ഇപ്പോൾ.
സമരംകാരണം റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും മെയില്‍ബാഗുകള്‍ കുന്നുകൂടുകയാണ്. സംസ്ഥാനത്തെ 39 ആര്‍.എം.എസ്. ഓഫീസുകളും പ്രവര്‍ത്തിക്കുന്നില്ല. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്പീഡ് പോസ്റ്റ് ഹബ്ബുകളുടെയും പ്രവര്‍ത്തനം നിലച്ചു.
പോസ്റ്റല്‍ സേവിങ്‌സ് ബാങ്ക്, പോസ്റ്റല്‍ ഇന്‍ഷുറന്‍സ്, എ.ടി.എം. തുടങ്ങിയവയുടെ പ്രവര്‍ത്തനവും നിലച്ചു. രജിസ്‌ട്രേഡ് കത്തുകള്‍, പാഴ്‌സലുകള്‍ എന്നിവയുടെ വിതരണം നിലച്ചത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചുതുടങ്ങി.
പി.എസ്.സി. ഓഫീസുകളില്‍നിന്നയച്ച നിയമന ശുപാര്‍ശകള്‍, സീക്രട്ട് മെയില്‍ വിഭാഗത്തിലുള്ള പരീക്ഷകള്‍ക്കുള്ള ചോദ്യക്കടലാസുകള്‍, ഉത്തരക്കടലാസുകള്‍ തുടങ്ങിയവയൊന്നും ഒരാഴ്ചയായി വിതരണം ചെയ്യാനാവുന്നില്ല. ക്ഷേമ പെന്‍ഷന്‍ വിതരണവും താളംതെറ്റി.
ഗ്രാമീണ ഡാക് സേവക്‌മാരുടെ സേവന-വേതന വ്യവസ്ഥകള്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ടാണ് തപാല്‍ ജീവനക്കാര്‍ സമരം ചെയ്യുന്നത്. സംസ്ഥാനത്ത് 25,000 തപാല്‍ ജീവനക്കാരില്‍ 15,000 പേര്‍ ഡാക് സേവക്‌മാരാണ്. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍, ഡെലിവറി ഏജന്റുമാര്‍, മെയില്‍ കാരിയര്‍ തുടങ്ങിയ ജീവനക്കാരെല്ലാം ഈ വിഭാഗത്തിലാണ് വരുന്നത്. അഖിലേന്ത്യാ തലത്തില്‍ നാലരലക്ഷം ജീവനക്കാരില്‍ 2.63 ലക്ഷം പേര്‍ ഗ്രാമീണ ഡാക് സേവകരാണ്.
നിക്ഷേപപദ്ധതികള്‍ മുടങ്ങിയതിനാല്‍ ഇടപാടുകാര്‍ക്ക് പണം നിക്ഷേപിക്കാനോ പിന്‍വലിക്കാനോ കഴിയാത്ത അവസ്ഥയിലാണ്. പോസ്റ്റല്‍ ഏജന്റുമാര്‍ ഇടപാടുകാരില്‍നിന്ന് പിരിച്ച പണവും പോസ്റ്റോഫീസുകളില്‍ അടയ്ക്കുന്നില്ല. ഇത്തരം നിക്ഷേപപദ്ധതികളില്‍ ആറരലക്ഷം കോടി രൂപയുടെ ഇടപാടാണ് നടക്കുന്നത്. പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, റൂറല്‍ ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയും നിലച്ചിരിക്കയാണ്. നാലായിരം കോടിയുടെ ഇടപാട് ഈ രംഗത്ത് തപാല്‍ ഓഫീസുകള്‍വഴി നടക്കുന്നുണ്ട്.
തപാല്‍സമരം കൂടുതല്‍ ശക്തമാക്കാന്‍ ജീവനക്കാര്‍ ഒരുങ്ങുന്നു. പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് കാര്യമായ നീക്കങ്ങളില്ലാത്ത സാഹചര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് ജീവനക്കാരുടെ നിലപാട്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലാ ഓഫീസുകളിലായി 15,000 പാസ്പോര്‍ട്ടുകള്‍ കെട്ടിക്കിടക്കുന്നുണ്ടാകുമെന്നാണ് സംയുക്ത സമരസമിതി ജീവനക്കാര്‍ പറയുന്നത്. കൂറിയര്‍ ഏജന്‍സികള്‍ക്കും മറ്റും അനുമതിയില്ലാത്തതിനാല്‍ പാസ്പോര്‍ട്ട് വിതരണം പൂര്‍ണമായും തപാല്‍ ഓഫീസ് വഴിയാണ് നടത്തുന്നത്.
തിരുവനന്തപുരം പാസ്പോര്‍ട്ട് ഓഫീസില്‍നിന്ന് കഴിഞ്ഞ തിങ്കളാഴ്ചയ്ക്കുശേഷം പാസ്പോര്‍ട്ടുകള്‍ ഏറ്റെടുത്തിട്ടില്ലെന്ന് മേഖലാ പാസ്പോര്‍ട്ട് ഓഫീസ് അധികൃതര്‍ പറഞ്ഞു. വിതരണത്തിന് തയ്യാറാക്കിയ 4000 പാസ്പോര്‍ട്ടുകള്‍ ദിവസങ്ങളായി ഇവിടെ സൂക്ഷിച്ചിരിക്കയാണ്. ഇതുകാരണം പലര്‍ക്കും വിദേശയാത്ര മുടങ്ങിയ അവസ്ഥയിലാണ്
https://www.facebook.com/Malayalivartha