ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ഉമ്മന്‍ചാണ്ടിയെ കേരളത്തില്‍ നിന്ന് ആന്ധ്രാപ്രദേശിലേക്ക് മാറ്റിയതെന്തിന്? രമേശ് ചെന്നിത്തലയ്ക്ക് പരവതാനി വിരിക്കാനായി ഉമ്മന്‍ചാണ്ടിയെ ഒതുക്കിയെന്ന് ആക്ഷേപം; ഉമ്മന്‍ചാണ്ടിയെ ദേശീയ നേതൃത്വത്തിലേക്ക് മാറ്റിയതില്‍ കോണ്‍ഗ്രസ് എ വിഭാഗത്തിന് കടുത്ത ആശങ്ക

പ്രാദേശികമായി വളര്‍ന്നു വന്ന ഉമ്മന്‍ചാണ്ടിയെ ഭാഷ പോലും അറിയാത്ത ആന്ധ്രാ പ്രദേശിലേക്ക് നാടു കടത്തിയതിനെതിരെ കോണ്‍ഗ്രസ് എ ഗ്രൂപ്പ് രംഗത്ത്. നേതാക്കള്‍ പരസ്യമായി അഭിപ്രായങ്ങളൊന്നും പറഞ്ഞില്ലെങ്കിലും ഉമ്മന്‍ചാണ്ടിയെ പോലെ രാഷ്ട്രീയ തന്ത്രജ്ഞനായ മുതിര്‍ന്ന നേതാവിനെ ജനറല്‍ സെക്രട്ടറിയുടെ ചുമതല നല്‍കി ഡല്‍ഹിയിലേക്ക് മാറ്റുന്നതോടെ പടനായകന്‍ പോയ സൈന്യത്തിന്റെ അവസ്ഥയിലാകും എ വിഭാഗം. കോണ്‍ഗ്രസിന്റെ ഉള്‍പ്പാര്‍ട്ടി ബലാലബലത്തിന്റെ ഗോദയില്‍ ഐ വിഭാഗവുമായി മപ്പടിച്ച് നില്‍ക്കാന്‍ ഉമ്മന്‍ ചാണ്ടിയോളം പോന്ന മറ്റൊരു നേതാവില്ലെന്നതാണ് എ വിഭാഗത്തെ സങ്കടത്തിലാക്കുന്നത്. പുതിയ തീരുമാനം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സംഘടനയ്ക്ക് ഗുണം ചെയ്യില്ലെന്നും അവര്‍ കരുതുന്നു. അതെന്തായാലും ദേശീയ നേതൃത്വത്തിലേക്ക് ഉമ്മന്‍ചാണ്ടി മാറുന്നതോടെ സംസ്ഥാന കോണ്‍ഗ്രസിലെ ഏറ്റവും ശക്തമായ ജനകീയ മുഖമാണ് പോകുന്നതെന്നതില്‍ തര്‍ക്കമില്ല.
എന്നാല്‍ ഇത്രയും പ്രധാനപ്പെട്ട ഒരു ചുമതലയിലൂടെ ദേശീയ നേതൃത്വം ഉമ്മന്‍ചാണ്ടിക്ക് വലിയ അംഗീകാരമാണ് നല്‍കിയതെന്നും ദേശീയ തലത്തില്‍ പാര്‍ട്ടിയെ ശക്തമാക്കാന്‍ ഇത് ഉപകരിക്കുമെന്നുമാണ് ഐ വിഭാഗത്തിന്റെ പക്ഷം. പുറമേ അങ്ങനെയാണ് പറയുന്നതെങ്കിലും ഉമ്മന്‍ ചാണ്ടി ഡല്‍ഹിയിലേക്ക് കളം മാറ്റുമ്പോള്‍ കേരളത്തില്‍ തങ്ങള്‍ക്ക് മേല്‍ക്കൈ കിട്ടുമെന്ന ഗൂഢമായ ഒരു ആഹ്ലാദവും ഐ വിഭാഗത്തിനുണ്ട്. വിലപേശാന്‍ പ്രാപ്തിയുള്ള ഒരു എതിരാളിയാണ് അരങ്ങ് മാറുന്നത്.
അതേസമയം, പാര്‍ട്ടി അദ്ധ്യക്ഷന്‍ ഏല്‍പ്പിച്ചചുമതല പൂര്‍ണമനസോടെ ഏറ്റെടുക്കുമെന്നാണ് ഇന്നലെ ഉമ്മന്‍ചാണ്ടി മാദ്ധ്യമങ്ങളോട് പറഞ്ഞതെങ്കിലും തൃപ്തനല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശരീരഭാഷ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് തോല്‍വിക്ക് ശേഷം ഒരു ഉത്തരവാദിത്വവും ഏറ്റെടുക്കില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. ഏപ്രില്‍ 18 ന് ഡല്‍ഹിയിലെ കൂടിക്കാഴ്ചയിലാണ് ദേശീയതലത്തില്‍ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനെക്കുറിച്ച് രാഹുല്‍ഗാന്ധി അഭിപ്രായം ചോദിച്ചത്. മുമ്പ് പലതവണത്തെയും പോലെ, സംസ്ഥാന രാഷ്ട്രീയത്തില്‍ തുടരാനാണ് താത്പര്യമെന്നാണ് ഉമ്മന്‍ചാണ്ടി രാഹുലിനെ അറിയിച്ചത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പു കഴിയുമ്പോള്‍ കെ.പി.സി.സി പ്രസിഡന്റിന്റെ കാര്യത്തില്‍ തീരുമാനം പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അപ്രതീക്ഷിത പ്രഖ്യാപനം വരുന്നത്.
ദിഗ് വിജയ് സിംഗിനെപ്പോലെ മുതിര്‍ന്ന നേതാവ് വഹിച്ചിരുന്ന ആന്ധ്രയുടെ ചുമതലയാണ് ഉമ്മന്‍ചാണ്ടിക്ക്. അടിത്തറയിളകി, കോണ്‍ഗ്രസ് നാമാവശേഷമായ ആന്ധ്രയില്‍ സംഘടനയെ പുനരുദ്ധരിക്കേണ്ട ദുര്‍ഘട ദൗത്യമാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ഉമ്മന്‍ചാണ്ടിയെ നിയമിച്ചതിലൂടെ, അനുഭവ സമ്പത്തുള്ള നേതാക്കളെ മുന്നില്‍ നിര്‍ത്തി പാര്‍ട്ടിക്ക് കരുത്തുപകരുക എന്ന തന്ത്രമാണ് രാഹുല്‍ ഗാന്ധി പരീക്ഷിക്കുന്നത്. എ.കെ.ആന്റണിയും രമേശ് ചെന്നിത്തലയും പ്രതികരിച്ചതും ഈ വിധത്തിലാണ്. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തില്‍ കേരളത്തിന്റെ പ്രാതിനിദ്ധ്യം കൂടുകയും ചെയ്തു. പ്രവര്‍ത്തക സമിതി അംഗമാണ് എ.കെ.ആന്റണി. കെ.സി.വേണുഗോപാല്‍ ജനറല്‍ സെക്രട്ടറിയും പി.സി വിഷ്ണുനാഥ് സെക്രട്ടറിയുമാണ്. ഉമ്മന്‍ ചാണ്ടിയെ മാറ്റുമ്പോള്‍ ആ സ്ഥാനത്ത് പുതിയ തലമുറ വരട്ടെ എന്ന സൂചനയാണ് രാഹുല്‍ നല്‍കുന്നതെന്നും ചിലര്‍ വ്യാഖ്യാനിക്കുന്നുണ്ട്. കെ.പി.സി.സി പ്രസിഡന്റ് പ്രഖ്യാപനത്തിലും ഈ തന്ത്രം പ്രതിഫലിച്ചേക്കാം.
https://www.facebook.com/Malayalivartha