കെഎസ്ആര്‍ടിസി ബസുകളും ചില ഹോട്ടലുകാരുമായുള്ള 'ടൈ അപ്പ് സമ്പ്രദായം' ഇനി വേണ്ടെന്ന് തച്ചങ്കരി

ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ ടിസി ബസുകളും സ്വകാര്യബസുകളും യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കുന്നതിനായി സ്ഥിരമായി ഏതെങ്കിലും ഹോട്ടലിനടുത്ത് ബസ് നിര്‍ത്തുന്നത് പതിവു കാഴ്ചയാണ്. ഒരു ബസ് നിറയെ ഉപഭോക്താക്കളെ എത്തിക്കുന്നതിനാല്‍ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും ഈ ഹോട്ടലുകള്‍ കൈമടക്കും സ്‌പെഷല്‍ ഭക്ഷണം ഫ്രീ ആയും നല്‍കുന്നതും പരസ്യമായ രഹസ്യമാണ്.
എന്നാല്‍ ഡ്രൈവറെയും കണ്ടക്ടറെയും സല്‍ക്കരിക്കുന്ന ഹോട്ടലുകള്‍ക്ക് മുന്നില്‍ മാത്രം ബസ് നിര്‍ത്തി യാത്രക്കാരെ മോശം ഭക്ഷണം തീറ്റിക്കുന്ന ആ പരിപാടി ഇനി നടക്കില്ല. പറയുന്നത് വേറാരുമല്ല, കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി തന്നെയാണ്.
നിലവാരമുള്ള ഭക്ഷണം യാത്രക്കാര്‍ക്ക് ഉറപ്പാക്കുന്ന ഹോട്ടലുകളുമായി ധാരണയുണ്ടാക്കുമെന്ന്് തച്ചങ്കരി പ്രഖ്യാപിച്ചു. ദീര്‍ഘദൂര യാത്രകളില്‍ ഒറ്റപ്പെട്ട ഹോട്ടലുകള്‍ക്ക് മുന്നില്‍ ബസ് നിര്‍ത്തുകയും യാത്രക്കാര്‍ ഇവിടെ മാത്രം കയറി, കിട്ടുന്ന ഭക്ഷണം കൊള്ളവില നല്‍കി കഴിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്ന രീതി ഉടന്‍ അവസാനിക്കും.
പാര്‍ക്കിംഗ്, ടോയ്‌ലറ്റ് സൗകര്യത്തോടെ മിതമായ നിരക്കിലും മെച്ചപ്പെട്ട അളവിലും യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കാന്‍ തയാറാകുന്ന ഹോട്ടലുകളുമായാണ് കരാറുണ്ടാക്കുക. യാത്രക്കാര്‍ക്ക് പരാതിയുണ്ടായാല്‍ കരാര്‍ റദ്ദാക്കും. നിലവില്‍ ചില ഹോട്ടലുകാരും ചില ബസുകാരും തമ്മില്‍ ഭക്ഷണ കാര്യത്തില്‍ കാലങ്ങളായി ധാരണയുണ്ട്.
ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും സ്‌പെഷല്‍ ഭക്ഷണം ഫ്രീ, പത്തില്‍ കൂടുതല്‍ യാത്രക്കാരെ കഴിപ്പിക്കാന്‍ കയറ്റിയാല്‍ എണ്ണമനുസരിച്ചു കൈമടക്ക് തുടങ്ങി പല ധാരണകളിലാണ് പലേടങ്ങളിലും സര്‍വ്വീസ്. പ്രത്യേകിച്ചും നൈറ്റ് സര്‍വ്വീസില്‍.
https://www.facebook.com/Malayalivartha























