ബ്രെത്ത് അനലൈസര്‍ ടെസ്റ്റില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ റീജിയണല്‍ ഡയറക്ടറാക്കി

വിമാനം പറത്തുന്നതിന് മുന്നോടിയായി നടത്തിയ ആള്‍ക്കഹോള്‍ ടെസ്റ്റില്‍ പരാജയപ്പെട്ട പൈലറ്റിന്, എയര്‍ ഇന്ത്യ റീജിയണല്‍ ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കി . ഫ്ളൈയിങ് ലൈസന്‍സ് നഷ്ടപ്പെട്ട പൈലറ്റ് അരവിന്ദ് കത്പാലിയയ്ക്കാണ് എയര്‍ ഇന്ത്യ സ്ഥാനക്കയറ്റം നല്‍കിയത്. വടക്കന്‍ മേഖലയുടെ ഡയറക്ടറായി കത്പാലിയ ഇന്ന് ചുമതലയേല്‍ക്കുമെന്ന് എയര്‍ ഇന്ത്യ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ദില്ലി-ലണ്ടന്‍ വിമാനം പറത്തുന്നതിന് മുമ്പ് നടത്തിയ ബ്രെത്ത് അനലൈസര്‍ ടെസ്റ്റിലാണ് കത്പാലിയ പിടിയിലായത്. ഇതേ തുടര്‍ന്ന് മൂന്ന് വര്‍ഷത്തേക്ക് പൈലറ്റ് ലൈസന്‍സ് ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയറക്ടര്‍ ജനറല്‍, കത്പാലിയെ സസ്‌പെന്റ് ചെയ്തിരുന്നു. വടക്കന്‍ മേഖലയുടെ റീജിയണല്‍ ഡയറക്ടറായിരുന്ന പങ്കജ് കുമാറിന്റെ ഒഴിവിലേക്കാണ് ഇപ്പോള്‍ കത്പാലിയയുടെ നിയമനം.
ഇതിനു മുന്‍പും ബ്രെത്ത് അനലൈസര്‍ ടെസ്റ്റിന് വിധേയനാവാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മൂന്ന് മാസത്തേക്ക് കത്പാലിയയെ സസ്‌പെന്‍ഡ് ചെയ്തിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം കത്പാലിയയ്ക്ക് സ്ഥാനക്കയറ്റം നല്‍കിയതിനെ അപലപിച്ചുകൊണ്ട് എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സംഘടനയായ ഇന്ത്യന്‍ കൊമേഴ്സ്യല്‍ പൈലറ്റ്സ് അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha