പോളിംഗിനിടെ കുഴഞ്ഞുവീണ ഉദ്യോഗസ്ഥനേയും തോളിലിട്ട് സി ആര്‍ പി എഫ് ജവാന്‍ ഓടിയത് 3 കിലോമീറ്റര്‍ ദൂരം!

ലോകത്തിലെ തന്നെ ഏറ്റവും വിപുലമായ ജനാധിപത്യ പ്രക്രിയകളില്‍ ഒന്നാണ് ഇന്ത്യയിലെ തെരഞ്ഞെടുപ്പുകള്‍. അതിന്റെ ഭാഗമായുള്ള ഡ്യൂട്ടികള്‍ക്ക് നിയോഗിക്കപ്പെടുന്ന സര്‍ക്കാര്‍ സേവകര്‍ തങ്ങളെ ഏല്‍പ്പിച്ച ദൗത്യങ്ങള്‍ നിര്‍വഹിക്കാനായി കാടും മേടും കയറിയിറങ്ങി, പ്രതികൂലമായ കാലാവസ്ഥകള്‍ക്കും, തീവ്രവാദ ഭീഷണികള്‍ക്കും ഇടയിലും അത് പൂര്‍ത്തിയാക്കാറുണ്ട്.
കേവല മനുഷ്യനന്മയുടെയും സ്തുത്യര്‍ഹമായ കൃത്യ നിര്‍വ്വഹണത്തിന്റെയും ഉദാത്ത മാതൃകയാണ് ഇക്കഴിഞ്ഞ ദിവസം പര്യവസാനിച്ച ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട പോളിങ്ങിനിടെ ഝാര്‍ഖണ്ഡിലെ ഗുംലാ ജില്ലയില്‍ നിന്നും പുറത്തുവന്ന സംഭവം.
ഗുംലാ ജില്ലയിലെ വിദൂരമായ ഒരു ഗ്രാമമായ സരാംഗോയിലാണ് ലിയോണാര്‍ഡ് ലക്ഡാ എന്ന തെരഞ്ഞെടുപ്പുദ്യോഗസ്ഥന്‍ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നത്. വൈകുന്നേരം 4 മണി. പോളിങ്ങ് തീരാന്‍ ഇനിയും നേരമുണ്ട്. പെട്ടെന്ന് ലിയോണാര്‍ഡ് കുഴഞ്ഞുവീണു. അദ്ദേഹത്തിന്റെ വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം ഒഴുകാന്‍ തുടങ്ങി.
ഗുംല ഒരു നക്‌സല്‍ ബാധിത പ്രദേശമാണ്. അതുകൊണ്ടുതന്നെ സിആര്‍പിഎഫിന്റെ C/226 ബറ്റാലിയന്റെ അര്‍ധസൈനികര്‍ അവിടെ നിയുക്തരായിരുന്നു. അവരില്‍ ചിലര്‍ ഈ പോളിങ്ങ് ബൂത്തിന്റെ സുരക്ഷയ്ക്കായും നിയോഗിക്കപ്പെട്ടിരുന്നു.
ലക്ഡാ കുഴഞ്ഞു വീണതും CRPF ജവാനായ കോണ്‍സ്റ്റബിള്‍ അനില്‍ ശര്‍മ്മ ഉടനടി അദ്ദേഹത്തെ പരിചരിക്കാനെത്തി. പ്രഥമ ശുശ്രൂഷ നല്‍കി. എന്നാല്‍ വിദഗ്ധമായ തുടര്‍ പരിചരണം കുഴഞ്ഞുവീണയാള്‍ക്ക് ആവശ്യമാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. എന്നാല്‍ അതൊരു നക്‌സല്‍ ബാധിത വനപ്രദേശമായിരുന്നതിനാല്‍ അടുത്തെങ്ങും ഒരു ക്ലിനിക്കുപോലും ഉണ്ടായിരുന്നില്ല. പ്രദേശവാസികളോട് അന്വേഷിച്ചപ്പോള്‍ ഏറ്റവും അടുത്ത സര്‍ക്കാര്‍ ഡിസ്പെന്‍സറി ബൂത്തില്‍ നിന്നും 3 കിലോമീറ്റര്‍ അകലെയാണെന്നും, നടന്നുമാത്രമേ അവിടെ എത്താനാവൂ എന്നും മനസ്സിലായി.
പിന്നെ അദ്ദേഹം ഒട്ടും മടിച്ചുനിന്നില്ല. അപ്പോഴും ബോധം വീണിട്ടില്ലാത്ത ലിയോണാര്‍ഡിനെയും തന്റെ തോളിലേറ്റി അദ്ദേഹം ഓടി. നേരത്തിന് ആശുപത്രിയിലെത്തിച്ചതുകൊണ്ടുമാത്രം ആ ഉദ്യോഗസ്ഥന്റെ ജീവന്‍ രക്ഷപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചു.
തങ്ങളുടെ സൈനികന്റെ ഈ ധീരപ്രവൃത്തിയില്‍ അഭിമാനം പ്രകടിപ്പിച്ചുകൊണ്ടും, അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ടും CRPF അവരുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും ഒരു ട്വീറ്റ് ഇട്ടപ്പോഴാണ് ഈ വിവരം പുറം ലോകം അറിയുന്നത്. വേണ്ട സമയത്ത് വേണ്ട പോലെ പ്രവര്‍ത്തിക്കാന്‍ അനില്‍ ശര്‍മ്മ എന്ന ധീര സൈനികന്‍ കാണിച്ച മനസ്സാന്നിധ്യത്തെച്ചൊല്ലി ലോകമെമ്പാടുമുള്ള ഭാരതീയര്‍, അദ്ദേഹത്തെ ഇപ്പോള്‍ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്.
https://www.facebook.com/Malayalivartha