ഗഡ്ചിറോളിയിലെ മാവോയിസ്റ്റ് ആക്രമണം; ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ രാജി വയ്ക്കണമെന്ന് ശരത് പവാര്‍

മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ പതിനഞ്ച് സൈനികരും ഒരു ഡ്രൈവറും കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി എന്‍സിപി രംഗത്ത്.ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ രാജി വയ്ക്കണമെന്നാണ് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ പറഞ്ഞത്.ഗഡ്ച്ചിറോളിയില്‍ സൈനിക വാഹനത്തിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു ആക്രമണം ഉണ്ടായത്. തെരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് നിയോഗിച്ച സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പ് ജോലികള്‍ പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയാണ് മാവോയിസ്റ്റുകള്‍ കുഴിബോംബ് സ്‌ഫോടനം നടത്തിയത്. സ്ഥലത്ത് മാവോയിസ്റ്റുകളും സൈന്യവും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുകയാണ്.
ഏപ്രില്‍11 ന് ഗഡ്ചിറോളിയില്‍ വോട്ടെടുപ്പ് ദിനത്തിലും മാവോയിസ്റ്റുകള്‍ പോളിങ് ബൂത്തിന് നേര്‍ക്ക് ആക്രമണം നടത്തിയിരുന്നു. എന്നാല്‍, അന്ന് നടന്ന ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. പിന്നാലെയാണ് ഇന്ന് സുരക്ഷാ സൈനികരെ ലക്ഷ്യമിട്ട് ആക്രമണം ഉണ്ടായത്.
ഇന്ന് രാവിലെ പ്രദേശത്ത് റോഡ് നിര്‍മ്മാണത്തിനായി കൊണ്ടു വന്ന 27 യന്ത്രങ്ങള്‍ മാവോയിസ്റ്റുകള്‍ തീയിട്ട് നശിപ്പിച്ചിരുന്നു. ഇതിന് ശേഷം കൂടുതല്‍ സൈനികരെ ഇവിടേക്ക് വിന്യസിച്ചിരുന്നു. പിന്നാലെയാണ് സൈനികര്‍ക്ക് നേരെ ആക്രമണം നടന്നത്. മാവോയിസ്റ്റുകള്‍ക്ക് വലിയ സ്വാധീനമുള്ള പ്രദേശമാണ് ഗഡ്ചിറോളി.
https://www.facebook.com/Malayalivartha