സഹപ്രവര്‍ത്തകയെ കൊലപ്പെടുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിച്ച പൊലീസുകാരന്‍ അറസ്റ്റിൽ

സഹപ്രവര്‍ത്തകയെ കൊലപ്പെടുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിച്ച പൊലീസുകാരന്‍ പിടിയില്‍. തെലങ്കാനയില്‍ സംഗറെഡ്ഡി ജില്ലയിലാണ് സംഭവം. ഇരുവരും തമ്മിലുണ്ടായിരുന്ന പ്രണയം തകര്‍ന്നതിലെ പക മൂലമാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി പ്രകാശന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
മന്ദാരിക എന്ന പൊലീസ് കോണ്‍സ്റ്റബിളാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങിയ മന്ദാരികയെ വെങ്കാട്ടുപുരം ഗ്രാമത്തില്‍ ആളൊഴിഞ്ഞ പ്രദേശത്ത് തടഞ്ഞുനിര്‍ത്തിയ ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പായ ശേഷം മന്ദാരികയുടെ ദേഹത്ത് പെട്രോളൊഴിച്ച് പ്രകാശന്‍ തീകൊളുത്തി.
മന്ദാരിക വീട്ടില്‍ മടങ്ങിയെത്താതിരുന്നതിനെ തുടര്‍ന്ന് ചൊവ്വാഴ്ച പിതാവ് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പ്രകാശനെ സംശയം തോന്നിയ പൊലീസുകാര്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചു.
വിവാഹിതനായ പ്രകാശ് സംഗറെഡ്ഡി പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് മന്ദാരികയെ കണ്ടത്. ഇരുവരും തമ്മില്‍ പിന്നീട് പ്രണയത്തിലായി. ഇരുവരും വ്യത്യസ്ത സ്റ്റേഷനുകളിലേക്ക് സ്ഥലംമാറിപ്പോയിട്ടും പ്രണയം തുടര്‍ന്നു.
തന്നെ വിവാഹം കഴിക്കണമെന്ന് പ്രകാശിനെ മന്ദാരിക നിര്‍ബന്ധിച്ചിരുന്നു. ഈ ആവശ്യം മന്ദാരിക കൂടുതല്‍ ശക്തമായി ഉന്നയിച്ചതോടെ ഇരുവരും തമ്മില്‍ നിരന്തരം തര്‍ക്കങ്ങള്‍ ഉണ്ടായി. തിങ്കളാഴ്ച മന്ദാരികയെ വീട്ടില്‍ കൊണ്ടുവിടാമെന്ന വ്യാജേന കാറില്‍ കയറ്റിയ പ്രകാശ് ആളൊഴിഞ്ഞ പ്രദേശത്ത് എത്തിയപ്പോള്‍ ഇവരെ കൊലപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha