'മദ്രാസ് ഹൈക്കോടതി വിധി ജനങ്ങളുടെ വിജയമാണ്'; പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. മദ്രാസ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കിരണ്‍ ബേദി രാജി വെക്കണമെന്ന് മുഖ്യമന്ത്രി വി നാരായണ സ്വാമി ആവശ്യപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് പുതുച്ചേരിയില്‍ ഭരണം നടത്തേണ്ടതെന്ന മദ്രാസ് ഹൈക്കോടതി വിധി ജനങ്ങളുടെ വിജയമാണെന്നും നാരായണസ്വാമി പറഞ്ഞു.
നേരത്തെ ലഫ്. ഗവര്‍ണര്‍മാരുടെ അധികാരപരിധി വെട്ടിച്ചുരുക്കി മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്‍റേതാണ് വിധി. പുതുച്ചേരിയിലെ കോണ്‍ഗ്രസ് എംഎല്‍എ ലക്ഷ്മിനാരായണന്‍ നല്‍കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ണായക വിധി.
പുതുച്ചേരി സര്‍ക്കാരിന്‍റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടരുതെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. സര്‍ക്കാരിനോട് ദൈനം ദിന റിപ്പോര്‍ട്ട് വാങ്ങാന്‍ ലഫ്. ഗവര്‍ണര്‍മാര്‍ക്ക് അധികാരം നല്‍കുന്ന 2017-ലെ കേന്ദ്ര ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. സര്‍ക്കാരില്‍ നിന്ന് ഭരണപരമായ കാര്യങ്ങള്‍ സംബന്ധിച്ച് ഫയലുകള്‍ നിര്‍ബന്ധിച്ച് വാങ്ങരുതെന്നും വിധിയിലുണ്ട്.
മന്ത്രിസഭ നിലനില്‍ക്കുമ്ബോഴും ഒരു കേന്ദ്രഭരണപ്രദേശത്തിന്‍റെ ദൈനം ദിന ഭരണകാര്യത്തില്‍ ഇടപെടാന്‍ അധികാരം നല്‍കുന്നതാണ് 2017-ല്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ്. ഇതനുസരിച്ച് മന്ത്രിസഭ എടുത്ത തീരുമാനങ്ങളില്‍ ഇടപെടാനും വേണമെങ്കില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കാനും ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് കഴിയും. ഇത് റദ്ദാക്കിയാണ് മദ്രാസ് ഹൈക്കോടതി മുഖ്യമന്ത്രി വി നാരായണസ്വാമിക്ക് അനുകൂലമായി വിധി പറഞ്ഞത്.
2016-ല്‍ പുതുച്ചേരിയില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ ലഫ്റ്റനന്‍റ് ഗവര്‍ണറായി എത്തിയ കിരണ്‍ ബേദിയുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ നിരന്തരം ഏറ്റുമുട്ടലിലായിരുന്നു. മന്ത്രിസഭാ തീരുമാനങ്ങളില്‍ അനാവശ്യമായി ഇടപെടുന്നുവെന്നും, ജനപ്രിയ പദ്ധതികളുടെയെല്ലാം ഫയലുകള്‍ തടഞ്ഞു വച്ച് ലഫ്. ഗവര്‍ണര്‍ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നും കാണിച്ച് മുഖ്യമന്ത്രി വി. നാരായണസ്വാമി രാജ്‍ഭവന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha