ചൈനീസ് ഡ്രോണുകളിൽ ആയുധങ്ങൾ പറന്നെത്തി; പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് വന്‍തോതില്‍ ആയുധങ്ങള്‍ കടത്തിയതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്; പിന്നില്‍ ഖലിസ്ഥാന്‍ ഭീകരസംഘടനകള്‍

പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് വന്‍തോതില്‍ ആയുധങ്ങള്‍ കടത്തിയതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. പാക്കിസ്ഥാനില്‍നിന്ന് ചൈനീസ് ഡ്രാണുകള്‍ ഉരുപയോഗിച്ച് എകെ 47 റൈഫിളുകളും ഗ്രനേഡുകളും അമൃത്സറില്‍ ഇറക്കിയത് കശ്മീര്‍ ഭീകരര്‍ക്കു വേണ്ടിയാണെന്ന് സംശയിക്കുന്നതായി പഞ്ചാബ് പൊലീസ് അറിയിച്ചു. 80 കിലോയോളം ആയുധങ്ങള്‍ എത്തിച്ചുവെന്നാണു രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ച വിവരം. ഇതിനു പിന്നില്‍ ഖലിസ്ഥാന്‍ വാദികളായ ഭീകരസംഘടനകളാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. ഐഎസ്ഐയുടെ സഹായത്തോടെയാണ് ആയുധങ്ങള്‍ കടത്തിയതെന്നും അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. പകുതി കത്തിക്കരിഞ്ഞ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെടുത്തു.
പത്തു ദിവസത്തിനുള്ളില്‍ എട്ടു തവണയാണ് ഡ്രോണുകള്‍ വഴി ആയുധങ്ങള്‍ എത്തിച്ചത്. കശ്മീരര്‍ താഴ്‌വരയില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സൗകര്യം ഇതുവരെ അനുവദിക്കാത്തതിനാലാണ് സാറ്റലൈറ്റ് ഫോണുകള്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്. അഞ്ച് സാറ്റലൈറ്റ് ഫോണുകളാണ് ഡ്രോണില്‍ എത്തിച്ചതെന്നു പൊലീസ് വ്യക്തമാക്കി. പാക്ക് അതിര്‍ത്തിയില്‍ രണ്ടു കിലോമീറ്റര്‍ ദൂരത്തുനിന്നാണ് ഡ്രോണുകള്‍ പറത്തിയിരിക്കുന്നത്. രണ്ടായിരം അടി ഉയരത്തില്‍ അഞ്ചു കിലോമീറ്റര്‍ പറഞ്ഞ ശേഷം 1500 അടിയിലേക്കു താഴ്ന്ന് ആയുധങ്ങള്‍ വര്‍ഷിക്കുകയായിരുന്നുവെന്നാണു അനുമാനം.
ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സിന്റെ നാല് ഭീകരരെ തിങ്കളാഴ്ച പഞ്ചാബിലെ താന്‍ തരന്‍ ജില്ലയില്‍ അറസ്റ്റ് ചെയ്തിരുന്നു. പത്തു ലക്ഷം രൂപയും ആയുധങ്ങളും ഇവരില്‍നിന്നു പിടിച്ചെടുത്തതോടെയാണ് നിർണായക വിവരങ്ങള്‍ പുറത്തുവന്നത്. സെപ്റ്റംബര്‍ ആറിനും പതിനാറിനും ഇടയിലാണ് രാത്രി ഡ്രോണുകളില്‍ ആയുധം എത്തിച്ചത്. അവസാന ഡ്രോണ്‍ രജോക്കെ ഗ്രാമത്തില്‍ തകര്‍ന്നു വീഴുകയായിരുന്നു. ഇതിന്റെ അവശിഷ്ടങ്ങളില്‍നിന്ന് ആറു ചൈനീസ് ബാറ്ററികളും കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും പൊലീസില്‍ നിന്നും വിരമിച്ച ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഐഎസ്ഐ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു എന്ന തരത്തിൽ നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കാനഡ കേന്ദ്രീകരിച്ചിട്ടുള്ള ഖലിസ്ഥാന്‍ ഭീകരരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നായിരുന്നു റിപ്പോർട്ട്. പ്രോജക്ട് ഹാര്‍വെസ്റ്റിങ് കാനഡ് എന്ന പേരിലാണ് ആക്രമണ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്നും മാസങ്ങള്‍ക്കു മുമ്പ് സുരക്ഷാ ഏജന്‍സികള്‍ ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ഇന്ത്യന്‍ സൈന്യത്തിലെ സിഖ് ജവാന്മാര്‍ ഇന്‍റലിജന്‍സ് നിരീക്ഷണത്തിലാണെന്ന തരത്തിലുള്ള വ്യാജ അറിയിപ്പും മിലിട്ടറി ഇന്‍റലിജന്‍സിന്‍റെ പേരില്‍ ഐഎസ്ഐ പ്രചരിപ്പിച്ചിരുന്നു. സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പിനെയാണ് ഐഎസ്ഐ ഇതിനായി ഉപയോഗിച്ചത്. പഞ്ചാബിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സിഖ് ജനതയെ ഇന്ത്യക്കെതിരെയാക്കാനുമുള്ള പദ്ധതിയുടെ ഭാഗമാണിതെന്നും ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു.
പ്രധാന ഖലിസ്ഥാന്‍ തീവ്രവാദികള്‍ക്ക് 35 വര്‍ഷമായി തുടര്‍ന്നിരുന്ന വിലക്ക് കഴിഞ്ഞയാഴ്ച ഇന്ത്യ നീക്കിയതായി ദി പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു, പ്രത്യേക സിഖ് രാജ്യം എന്ന ആവശ്യമുന്നയിച്ചു എന്നീ തീവ്രവാദ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. ഇത്തരത്തില്‍ തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തിയ 314 പേരില്‍ 312 പേരുടെ വിലക്ക് നീക്കിയതായായിരുന്നു റിപ്പോര്‍ട്ട്.
സെപ്തംബര്‍ 30ന് മദ്രാസ് ഹൈക്കോടതിയില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന് ഖലിസ്ഥാന്‍ ഭീകരവാദി ഭീഷണിയുയര്‍ത്തിയതായും കഴിഞ്ഞയാഴ്ച വാര്‍ത്ത പുറത്തുവന്നിരുന്നു. ഖലിസ്ഥാൻ ഭീകരവാദിയെന്ന് അവകാശപ്പെട്ട് ഹർദർശൻ സിംഗ് നാഗ്‍പാല്‍ എന്നയാളുടെ പേരിലയച്ച കത്താണ് ഹൈക്കോടതി റജിസ്ട്രാർക്ക് ലഭിച്ചത്.
ഓഗസ്റ്റിലും പാക്ക് അതിര്‍ത്തിക്കു സമീപം പഞ്ചാബ് പൊലീസ് ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനു ശേഷമാണ് പഞ്ചാബ് മേഖലയില്‍ ഇത്തരത്തിലുള്ള ആയുധക്കടത്തുകൾ വര്‍ധിച്ചതെന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചത്. പഞ്ചാബ് പൊലീസ്, കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍, ബിഎസ്എഫ്, വ്യോമസേന എന്നിവര്‍ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. റഡാറുകള്‍ ഉപയോഗിച്ച് ഡ്രോണുകള്‍ കണ്ടെത്തി തകര്‍ക്കാന്‍ പഞ്ചാബ് പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha