Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു

05 JULY 2025 09:28 AM IST
മലയാളി വാര്‍ത്ത

ഏറെ ദിവസങ്ങള്‍ക്ക് ശേഷം സന്തോഷ വാര്‍ത്ത. മുന്‍ മുഖ്യമന്ത്രിയും സി പി എം മുതിര്‍ന്ന നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മകന്‍ വി എ അരുണ്‍ കുമാര്‍. അച്ഛന്റെ ആരോഗ്യനില പതുക്കെ മെച്ചപെട്ടുവരുകയാണെന്നും ഹൃദയമിടിപ്പും ശ്വാസവുമൊക്കെ സാധാരണ നിലയിലേക്കെത്തുകയാണെന്നും മകന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ഇന്നത്തെ ഡയാലിസിസിലൂടെ ആരോഗ്യം കൂടുതല്‍ മെച്ചമാവുമെന്ന പ്രതീക്ഷയാണ് ഡോക്ടര്‍മാര്‍ പങ്കുവെച്ചതെന്നും അച്ഛനെ നെഞ്ചേറ്റികാത്തിരിക്കുന്നവര്‍ക്കൊപ്പം ഞങ്ങളും വലിയ വിശ്വാസത്തിലാണെന്നും വി എ അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അച്ഛന്റെ ആരോഗ്യനില പതുക്കെ മെച്ചപെട്ടുവരുകയാണ്. ഹൃദയമിടിപ്പും ശ്വാസവുമൊക്കെ സാധാരണ നിലയിലേക്കെത്തുകയാണ്. ഇന്നത്തെ ഡയാലിസിസിലൂടെ ആരോഗ്യം കൂടുതല്‍ മെച്ചമാവുമെന്ന പ്രതീക്ഷയാണ് ഡോക്ടര്‍മാര്‍ പങ്കുവെച്ചത്. അച്ഛനെ നെഞ്ചേറ്റികാത്തിരിക്കുന്നവര്‍ക്കൊപ്പം ഞങ്ങളും വലിയ വിശ്വാസത്തിലാണ്.

കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ 23 നാണ് വി എസിനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എ കെ ശശീന്ദ്രന്‍ കെ കൃഷ്ണന്‍കുട്ടി, മുതിര്‍ന്ന സി പി എം നേതാവ് പി കെ ഗുരുദാസന്‍, ഇ പി ജയരാജന്‍, പി കെ ശ്രീമതി, അടക്കമുള്ളവര്‍ ആശുപത്രിയില്‍ വി എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ചിരുന്നു.

അച്യുതാനന്ദന്‍ കേരളത്തിന്റെ വികാരമാണ്. കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും, ഇന്ത്യന്‍ സ്വാതന്ത്രസമര പോരാളിയുമാണ് വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ അഥവാ വി.എസ്. അച്യുതാനന്ദന്‍ (ജനനം - 1923 ഒക്ടോബര്‍ 20, പുന്നപ്ര, ആലപ്പുഴ ജില്ല.) 2006-2011-ലെ പന്ത്രണ്ടാം കേരള നിയമസഭയില്‍ കേരളത്തിലെ ഇരുപതാമത്തെ മുഖ്യമന്ത്രിയായിരുന്നു വി.എസ്.അച്യുതാനന്ദന്‍.1986 മുതല്‍ 2009 വരെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോയിലും 1964 മുതല്‍ 2015 വരെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയിലും അംഗമായിരുന്ന ഇദ്ദേഹം പതിനൊന്നാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ്, പന്ത്രണ്ടാം കേരള നിയമസഭയിലെ മുഖ്യമന്ത്രി എന്നീ നിലകളില്‍ കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനസമ്മതിയുള്ള നേതാവായാണ് വിലയിരുത്തപ്പെടുന്നത്. 2015 വരെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും അംഗമായിരുന്ന വി.എസ്. അച്യുതാനന്ദന്‍ 2015-ല്‍ ആലപ്പുഴയില്‍ നടന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോന്നത് കേരള രാഷ്ട്രീയത്തില്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചു.

പ്രതിനിധി സമ്മേളനത്തിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വി.എസ്.അച്യുതാനന്ദനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെയായിരുന്നു വിവാദം സൃഷ്ടിച്ച ഇറങ്ങിപ്പോക്ക്. 2019 വരെ ജനകീയ പ്രശ്‌നങ്ങളിലും പൊതു താല്പര്യമുള്ള വിഷയങ്ങളിലും നിര്‍ഭയം പ്രതികരിച്ചിരുന്ന വി എസ് അച്യുതാനന്ദന് ഒരു ബഹുജനനേതാവിന്റെ പ്രതിച്ഛായ ആര്‍ജ്ജിക്കുവാന്‍ കഴിഞ്ഞു.

മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്‌നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ വിഷയങ്ങള്‍ ബഹുജന ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ അച്യുതാനന്ദന്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ പദവി രാജിവച്ച് 2020 ജനുവരിയില്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച വി.എസ്. അച്യുതാനന്ദന്‍ നിലവില്‍ തിരുവനന്തപുരത്തെ വസതിയില്‍ വിശ്രമ ജീവിതത്തിലാണ്. മാധ്യമ പ്രവര്‍ത്തകനായ പി.കെ. പ്രകാശ് എഴുതിയ സമരം തന്നെ ജീവിതം എന്ന പുസ്തകം വി.എസ്.അച്യുതാനന്ദന്റെ ജീവചരിത്രമാണ്. 2005-ലെ മാധ്യമം വാര്‍ഷിക പതിപ്പിലാണ് അച്യുതാനന്ദന്റെ ജീവചരിത്രം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. 2006-ലെ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷമുന്നണിയെ അധികാരത്തിലെത്തിക്കുന്നതില്‍ പതിനൊന്നാം കേരള നിയമസഭയിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള അച്യുതാനന്ദന്റെ 5 വര്‍ഷക്കാലത്തെ തിളക്കമാര്‍ന്ന പ്രവര്‍ത്തനം പ്രയോജനപ്പെട്ടിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20-ന് തുലാമാസത്തിലെ അനിഴം നക്ഷത്രത്തില്‍ അദ്ദേഹം ജനിച്ചു. നാലു വയസ്സുള്ളപ്പോള്‍ അമ്മയും പതിനൊന്നാം വയസ്സില്‍ അച്ഛനും മരിച്ചതിനെത്തുടര്‍ന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളര്‍ത്തിയത്. ഗംഗാധരന്‍, പുരുഷോത്തമന്‍ എന്നിവര്‍ അച്യുതാനന്ദന്റെ ജ്യേഷ്ഠ സഹോദരന്മാരും ആഴിക്കുട്ടി ഇളയ സഹോദരിയുമാണ്. അച്ഛന്‍ മരിച്ചതോടെ ഏഴാം ക്‌ളാസ്സില്‍ വച്ച് പഠനം അവസാനിപ്പിച്ച ഇദ്ദേഹം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജൗളിക്കടയില്‍ ജോലി നോക്കി. തുടര്‍ന്നു കയര്‍ ഫാക്ടറിയിലും ജോലി ചെയ്തു. നിവര്‍ത്തനപ്രക്ഷോഭം നാട്ടില്‍ കൊടുമ്പിരികൊണ്ടിരുന്ന കാലമായിരുന്നു ഇത്. ഇതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട അച്യുതാനന്ദന്‍ 1938-ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായി ചേര്‍ന്നു. തുടര്‍ന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായ ഇദ്ദേഹം 1940-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറായി.

അച്യുതാനന്ദനില്‍ നല്ലൊരു കമ്മ്യൂണിസ്റ്റുകാരനെ കണ്ടെത്തിയത് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പി. കൃഷ്ണപിള്ളയാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ത്താനായി അച്യുതാനന്ദനെ അദ്ദേഹം കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികള്‍ക്കിടയിലേക്ക് വിട്ടു. അവിടെ നിന്നും അച്യുതാനന്ദന്‍ വളര്‍ന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്കായിരുന്നു. പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുക്കവെ അറസ്റ്റ് വാറണ്ടിനെ തുടര്‍ന്ന് പൂഞ്ഞാറിലേയ്ക്ക് ഒളിവില്‍ പോയി. പിന്നീട് പോലീസ് അറസ്റ്റിനെ തുടര്‍ന്ന് ലോക്കപ്പില്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയായി. പിന്നീട് നാലു വര്‍ഷക്കാലം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്നു.

1952-ല്‍ വി.എസ്.അച്യുതാനന്ദന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1954-ല്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റിയില്‍ അംഗമായ വി.എസ് 1956-ല്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയായതോടൊപ്പം തന്നെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 1959-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം. 1964-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അഖിലേന്ത്യാടിസ്ഥാനത്തില്‍ രണ്ടായി പിളര്‍ന്നതോടെ സി.പി.എം. കേന്ദ്രക്കമ്മറ്റിയംഗമായി. 1964 മുതല്‍ 1970 വരെ സി.പി.എം. ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആദ്യ ജില്ലാ സെക്രട്ടറിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന് വഴിവച്ച 1964-ലെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോന്ന് സി.പി.എം രൂപീകരിച്ച കേരളത്തില്‍ നിന്നുള്ള ഏഴുനേതാക്കളില്‍ ഒരാളാണ് വി.എസ്.അച്യുതാനന്ദന്‍.

1980 മുതല്‍ 1991 വരെ മൂന്നു തവണ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി. 1986 മുതല്‍ 2009 വരെ 23 വര്‍ഷം പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോയില്‍ അംഗം. 1965 മുതല്‍ 2016 വരെ പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. ഒടുവില്‍ മത്സരിച്ച 2016-ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിലടക്കം മൊത്തം ഏഴു തവണ വിജയിക്കുകയും ചെയ്തു. 1992-1996, 2001-2006, 2011-2016 എന്നീ കേരള നിയമസഭകളില്‍ അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നു. 1998 മുതല്‍ 2001 വരെ ഇടതുമുന്നണിയുടെ കണ്‍വീനറായും പ്രവര്‍ത്തിച്ചു.

രാഷ്ട്രീയ രംഗത്ത് ഇത്രയേറെക്കാലം പ്രവര്‍ത്തിച്ചിട്ടും മുഖ്യമന്ത്രിയാകുന്നതിന് മുന്‍പ് അച്യുതാനന്ദന്‍ സംസ്ഥാന മന്ത്രിയായിട്ടില്ല. പാര്‍ട്ടി ഭൂരിപക്ഷം നേടുമ്പോള്‍ വി.എസ്. തോല്‍ക്കുകയാ, വി.എസ്. ജയിക്കുമ്പോള്‍ പാര്‍ട്ടി തോല്‍ക്കുകയാ ചെയ്യുന്ന സ്ഥിതിയായിരുന്നു മിക്ക തവണയും. അതിന് മാറ്റം വന്നത് 2006-ലാണ്. 2011-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വി.എസ്. വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോള്‍ പാര്‍ട്ടിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നഷ്ടമായി. കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നിയമസഭക്ക് അകത്തും പുറത്തും മികച്ച പ്രകടനം കാഴ്ചവച്ച അച്യുതാനന്ദന്‍ ഒട്ടേറെ സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും നേതൃത്വം നല്‍കി. വനം കയ്യേറ്റം, മണല്‍ മാഫിയ, അഴിമതി എന്നിവയ്‌ക്കെതിരെ ശക്തമായ നിലപാടുകള്‍ എടുത്തത് ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റി. അതുമൂലം 2006-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 140 സീറ്റില്‍ 98 സീറ്റുകളും നേടി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

ഏറ്റവും കൂടിയ പ്രായത്തില്‍ കേരളത്തിലെ മുഖ്യമന്ത്രിയായ വ്യക്തിയാണ് വി.എസ്.അച്യുതാനന്ദന്‍ 2006 മെയ് 18-ന് കേരളത്തിന്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ വി.എസിന് 83 വയസായിരുന്നു. സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയില്‍ ഒട്ടേറെ ജനക്ഷേമ പരിപാടികള്‍ക്ക് വി.എസ്. തുടക്കമിട്ടു. മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കലിന് പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ച് വി.എസ്. നടത്തിയ ഓപ്പറേഷന്‍ മൂന്നാര്‍ എന്ന പദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു. സ്വന്തം നിലപാടുകളില്‍നിന്ന് അണുവിട മാറാതെ നിന്നു കൊണ്ടുള്ള ഭരണ നിര്‍വഹണം അദ്ദേഹത്തെ കേരളത്തിലെ ഒരു ജനപ്രിയ ഭരണാധികാരിയാക്കി മാറ്റി. വിവാദം സൃഷ്ടിച്ച സ്മാര്‍ട്ട് സിറ്റി കരാര്‍ പരിഷ്‌കരിച്ച് ഒപ്പുവെയ്ക്കാനും വി.എസ്.അച്യുതാനന്ദന് കഴിഞ്ഞു. അഴിമതിക്കാരെയും കുറ്റവാളികളെയും തിരഞ്ഞു പിടിച്ച് നിയമത്തിന് മുന്നിലെത്തിക്കാന്‍ നടത്തിയ പോരാട്ടങ്ങള്‍ കേരളത്തിന് പുറത്തും അദ്ദേഹത്തിന് പ്രശസ്തി നേടിക്കൊടുത്തു.

പ്രധാന പദവികളില്‍

2016-2020 : ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍
2016 : നിയമസഭാംഗം, മലമ്പുഴ(7)
2011-2016 : പ്രതിപക്ഷ നേതാവ്, പതിമൂന്നാം കേരള നിയമസഭ
2011 : നിയമസഭാംഗം, മലമ്പുഴ(6)
2006-2011 : കേരളത്തിന്റെ ഇരുപതാമത് മുഖ്യമന്ത്രി
2006 : നിയമസഭാംഗം, മലമ്പുഴ(5)
2001-2006 : പ്രതിപക്ഷ നേതാവ്, പതിനൊന്നാം കേരള നിയമസഭ
2001 : നിയമസഭാംഗം, മലമ്പുഴ(4)
1998-2001 : ഇടതുമുന്നണി കണ്‍വീനര്‍
1992-1996 : പ്രതിപക്ഷ നേതാവ്, ഒന്‍പതാം കേരള നിയമസഭ
1991 : നിയമസഭാംഗം, മാരാരിക്കുളം(3)
1988-1991, 1985-1988, 1980-1985: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, സംസ്ഥാന സെക്രട്ടറി
1986-2009 : പൊളിറ്റ് ബ്യൂറോ അംഗം, സിപിഎം
1970 : നിയമസഭാംഗം, അമ്പലപ്പുഴ(2)
1964-2015 : കേന്ദ്രകമ്മിറ്റി അംഗം, സിപിഎം
1964-2015 : സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, സിപിഎം
1964-2015 : സംസ്ഥാന കമ്മിറ്റി അംഗം,സിപിഎം
1967 : നിയമസഭാംഗം, അമ്പലപ്പുഴ (1)
1964-1967 : സിപിഎം, ആലപ്പുഴ ജില്ലാ സെക്രട്ടറി
1964 : മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവ്
1959-1964 : കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം
1940 : കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗം

രാഷ്ട്രീയ ജീവിതം
പുന്നപ്ര-വയലാര്‍ സമരം

ജന്മിമാര്‍ക്ക് എതിരെ കര്‍ഷക കുടിയാന്മാരും 1946 -ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത ജീവിച്ചിരിക്കുന്നവരില്‍ പ്രധാനിയാണ് വി.എസ്. രാജവാഴ്ചക്കും ദിവാന്‍ ഭരണത്തിനുമെതിരെ നടന്ന പുന്നപ്രയിലെയും വയലാറിലെയും തൊഴിലാളിവര്‍ഗ്ഗ സമരങ്ങളും അതിനെ നേരിട്ട പട്ടാള വെടിവെപ്പും രക്തരൂഷിതമായ ചരിത്രത്തിന്റെ ഭാഗമാണ്. പാര്‍ട്ടി ചരിത്രത്തിന്റെ ഭാഗമായ അതിനിര്‍ണായകമായ ഈ സമരത്തില്‍ പ്രധാനികളിലൊരാളാണ് വി. എസ്. പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം കോട്ടയത്തും പൂഞ്ഞാറിലും ഒളിവില്‍ കഴിഞ്ഞശേഷം കെ.വി. പത്രോസിന്റെ നിര്‍ദ്ദേശപ്രകാരം ആലപ്പുഴയില്‍ എത്തിയ വി.എസിനെ സായുധപരിശീലനം ലഭിച്ച സമരസഖാക്കള്‍ക്ക് രാഷ്ട്രീയബോധം കൂടി നല്‍കുന്നതിന് പാര്‍ട്ടി ചുമതലപ്പെടുത്തുകയായിരുന്നു.

പുന്നപ്രയില്‍ നിരവധി ക്യാമ്പുകള്‍ക്ക് വി.എസ് അക്കാലത്ത് നേതൃത്വം നല്‍കി. ഒരു വാളണ്ടിയര്‍ ക്യാമ്പില്‍ 300 മുതല്‍ 400 വരെ പ്രവര്‍ത്തകരാണ് ഉണ്ടായിരുന്നത്. അത്തരത്തില്‍ മൂന്ന് ക്യാമ്പുകളുടെ ചുമതലയാണ് വി.എസിന് ഉണ്ടായിരുന്നത്. പുന്നപ്ര വെടിവെപ്പും എസ്.ഐ. അടക്കം നിരവധി പൊലീസുകാര്‍ മരിച്ചതും ദിവാന്‍ സി.പിയുടെ ഉറക്കം കെടുത്തി. അതിനുശേഷമാണ് പൂഞ്ഞാറില്‍ നിന്ന് വി. എസ് അറസ്റ്റിലായത്. പാര്‍ട്ടിയെക്കുറിച്ചും നേതാക്കളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് ശരിയായ മറുപടി നല്‍കാത്തതിന്റെ പേരില്‍ ക്രൂര മര്‍ദ്ദനത്തിനു ഇരയായി. രണ്ടു കാലുകളും ലോക്കപ്പിന്റെ അഴികളിലൂടെ പുറത്തെടുത്തു. തുടര്‍ന്ന് രണ്ടുകാലിലും ലാത്തിവെച്ച് കെട്ടി മര്‍ദ്ദിച്ചു. ഇ.എം.എസും കെ.വി. പത്രോസും എവിടെ ഒളിച്ചിരിക്കുന്നുവെന്ന ചോദ്യത്തിന് മറുപടി തേടിയായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനം ശക്തമായപ്പോള്‍ വി. എസിന്റെ ബോധം നശിക്കുന്ന അവസ്ഥയായി. അവസാനം തോക്കിന്റെ ബയണറ്റ് ഉള്ളംകാലിലേക്ക് ആഞ്ഞുകുത്തി. പാദം തുളഞ്ഞ് അത് അപ്പുറത്തിറങ്ങി. അതോടെ പാലാ ആശുപത്രിയില്‍ പൊലീസുകാര്‍ വി.എസിനെ കൊണ്ട് വന്നു ഉപേക്ഷിച്ചു പോയി.

പാര്‍ട്ടി പ്രവര്‍ത്തനം

1940-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പൊതു രംഗത്തു സജീവമായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ നേതാവായിരുന്ന പി.കൃഷ്ണപിള്ളയാണ് അച്യുതാനന്ദനെ പാര്‍ട്ടി പ്രവര്‍ത്തനരംഗത്തു കൊണ്ടുവന്നത്. പിന്നീടങ്ങോട്ട് പാര്‍ട്ടിക്ക് വേണ്ടി വിപ്ലവ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും ആലപ്പുഴ ജില്ലയിലെ കര്‍ഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങളിലും പങ്കെടുത്തു. സര്‍ സി.പി. രാമസ്വാമി അയ്യരുടെ പൊലീസിനെതിരെ പുന്നപ്രയില്‍ സംഘടിപ്പിച്ച തൊഴിലാളി ക്യാമ്പിന്റെ മുഖ്യ ചുമതലക്കാരനായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വമെന്നത് അത്ര സുരക്ഷിതമല്ലാതിരുന്ന അക്കാലത്ത് കൊടിയ മര്‍ദ്ദനങ്ങളും ജയില്‍ ശിക്ഷയും അനുഭവിച്ചു. അഞ്ചു വര്‍ഷത്തോളം ഒളിവില്‍ക്കഴിഞ്ഞു. ഇന്ത്യ സ്വതന്ത്രമാവുകയും കേരള സംസ്ഥാനം രൂപീകൃതമാവുകയും ചെയ്യും മുന്‍പേ വി.എസ്. പാര്‍ട്ടിയുടെ നേതൃതലങ്ങളിലെത്തിയിരുന്നു. 1957-ല്‍ കേരളത്തില്‍ പാര്‍ട്ടി അധികാരത്തിലെത്തുമ്പോള്‍ സംസ്ഥാന സമിതിയില്‍ അംഗമായിരുന്ന ഒന്‍പതു പേരില്‍ ഒരാളാണ്. ഇവരില്‍ ഇന്നു ജീവിച്ചിരിക്കുന്നതും വി.എസ്. മാത്രം. പി. കൃഷ്ണ പിള്ളയുടെ പാത പിന്‍തുടര്‍ന്ന് പോരാട്ടത്തിന്റെ പുതുവഴികളില്‍ നടന്ന അച്യുതാനന്ദന്‍ ജനകീയനായി. പാര്‍ട്ടിക്കകത്ത് എ.കെ.ജിയുടെ പിന്‍ഗാമിയെന്നറിയപ്പെട്ടു. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനുമായുള്ള അഭിപ്രായ ഭിന്നത പരസ്യമായി പ്രകടിപ്പിച്ചതിന് 2007 മെയ് 26 ന് പോളിറ്റ് ബ്യൂറോയില്‍ നിന്നും പുറത്താക്കി.തുടര്‍ന്നു 2008 ല്‍ നടന്ന പാര്‍ടി കോണ്‍ഗ്രസ്സില്‍ കേന്ദ്രകമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

പാര്‍ലമെന്ററി ജീവിതം

സംഘടനാ രംഗത്ത് പടവുകള്‍ ചവിട്ടിക്കയറുമ്പോഴും അച്യുതാനന്ദന്റെ പാര്‍ലമെന്ററി ജീവിതം ഒട്ടേറെ തിരിച്ചടികള്‍ നേരിട്ടുണ്ട്. 1965-ല്‍ സ്വന്തം വീടുള്‍പ്പെടുന്ന അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് ആദ്യമായി മത്സരിച്ചപ്പോള്‍ തോല്‍വിയായിരുന്നു ഫലം. കോണ്‍ഗ്രസിലെ കെ.എസ്. കൃഷ്ണക്കുറുപ്പിനോട് 2327 വോട്ടുകള്‍ക്കായിരുന്നു തോല്‍വി. 1967-ല്‍ കോണ്‍ഗ്രസിലെ തന്നെ എ.അച്യുതനെ 9515 വോട്ടുകള്‍ക്ക് തോല്‍പിച്ച് ആദ്യമായി നിയമസഭാംഗമായി. 1970ല്‍ ആര്‍.എസ്.പിയിലെ കെ.കെ. കുമാരപിള്ളയെയാണ് വി.എസ്. തോല്‍പ്പിച്ചത്. എന്നാല്‍ 1977-ല്‍ കുമാരപിള്ളയോട് 5585 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. ഈ പരാജയത്തിനു ശേഷം കുറേക്കാലം പാര്‍ട്ടി ഭാരവാഹിത്വത്തില്‍ ഒതുങ്ങിക്കഴിഞ്ഞു.

1991-ല്‍ മാരാരിക്കുളം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്കു മത്സരിച്ചു. കോണ്‍ഗ്രസിലെ ഡി.സുഗതനെ 9980 വോട്ടുകള്‍ക്കു തോല്പിച്ചു. എന്നാല്‍ 1996-ല്‍ കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങളെ അപ്പാടെ അമ്പരിപ്പിച്ചുകൊണ്ട് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ ഉറച്ചകോട്ടയായി കരുതപ്പെട്ടിരുന്ന മാരാരിക്കുളത്ത് അച്യുതാനന്ദന്‍ തോല്‍വിയറിഞ്ഞു. പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗമായിരുന്നു അച്യുതാനന്ദന്റെ തോല്‍വിക്കു പിറകിലെന്ന് പിന്നീടു നടന്ന പാര്‍ട്ടിതല അന്വേഷണങ്ങളില്‍ തെളിഞ്ഞു. ഈ പരാജയം പക്ഷേ, പാര്‍ട്ടിയില്‍ അച്യുതാനന്ദനെ ശക്തനാക്കി.

2001-ല്‍ ആലപ്പുഴ ജില്ല വിട്ട് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ ഉറച്ച സീറ്റായി ഗണിക്കപ്പെടുന്ന പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തില്‍ നിന്നാണ് ജനവിധി നേടിയത്. എന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നു മത്സരിക്കാനെത്തിയ സതീശന്‍ പാചേനി എന്ന ചെറുപ്പക്കാരനുമേല്‍ 4703 വോട്ടിന്റെ ഭൂരിപക്ഷമേ നേടാനായുള്ളൂ. അതുവരെ എല്ലാ തിരഞ്ഞെടുപ്പുകളിലും സി.പി.എം. സ്ഥാനാര്‍ത്ഥികള്‍ ഇരുപതിനായിരത്തിലേറെ വോട്ടുകള്‍ക്ക് ജയിച്ചുകൊണ്ടിരുന്ന മണ്ഡലമാണ് മലമ്പുഴ. 2006-ല്‍ ഇതേ മണ്ഡലത്തില്‍ ഇതേ എതിരാളിയെ 20,017 വോട്ടുകള്‍ക്കു തോല്‍പിച്ച് വി.എസ്. ഭൂരിപക്ഷത്തിലെ കുറവു നികത്തി.

പാര്‍ലമെന്ററി പ്രവര്‍ത്തന രംഗത്ത് ഒട്ടേറെക്കാലമായി ഉണ്ടെങ്കിലും അച്യുതാനന്ദന്‍ ഇതുവരെ അധികാരപദവികളൊന്നും വഹിച്ചിട്ടില്ല. 1967ലും 2006ലുമൊഴികെ അദ്ദേഹം ജയിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം പാര്‍ട്ടി അധികാരത്തിനു പുറത്തായതാണു പ്രധാനകാരണം. 67-ല്‍ കന്നിക്കാരനായിരുന്നതിനാല്‍ മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടില്ല. 1996-ല്‍ സി.പി.എംന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അനൗദ്യോഗികമായി അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും മാരാരിക്കുളത്തെ തോല്‍വിയോടെ അതു നടക്കാതെപോയി. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടങ്ങളില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ നിന്നുതന്നെ ഒഴിവാക്കപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്ന് അദ്ദേഹത്തെ സി.പി.എം. മത്സരരംഗത്തിറക്കുകതന്നെ ചെയ്തു.

2006-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം. ഉള്‍പ്പെടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി വന്‍ഭൂരിപക്ഷം നേടിയതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും സജീവമായി അച്യുതാനന്ദന്റെ പേരുയര്‍ന്നു വന്നു. എന്നാല്‍ പാര്‍ട്ടിയില്‍ ആരോപിക്കപ്പെടുന്ന വിഭാഗീയത മൂലം വി.എസിന് മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെടുമോയെന്ന് ഒരു വിഭാഗം വലതുപക്ഷ മാധ്യമങ്ങള്‍ ആശങ്കയുയര്‍ത്തിയിരുന്നു. 2006 മേയ് 13-നു ഡല്‍ഹിയില്‍ ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗം കേരളത്തിലെ മുഖ്യമന്ത്രിയെ തത്ത്വത്തില്‍ തിരഞ്ഞെടുത്തെങ്കിലും പ്രഖ്യാപനം പിന്നീടേക്കു മാറ്റി. അതേസമയം കേരളത്തിനൊപ്പം തിരഞ്ഞെടുപ്പു നടന്ന പശ്ചിമ ബംഗാളിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയും ചെയ്തു. കേരളത്തിന്റെ കാര്യത്തില്‍ പോളിറ്റ് ബ്യൂറോ തീരുമാനം സി. പി. എം. സംസ്ഥാന സമിതിയെ അറിയിച്ച ശേഷം പ്രഖ്യാപിക്കുവാന്‍ മാറ്റിവയ്ക്കുകയായിരുന്നു. മേയ് 15നു ചേര്‍ന്ന സംസ്ഥാന സമിതിക്കു ശേഷം വി.എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഔദ്യോഗിക പത്രക്കുറിപ്പ് പാര്‍ട്ടി നേതൃത്വം പുറത്തിറക്കി. മുഖ്യമന്ത്രിയായ വി.എസ്.അഴിമതിക്കാരെയും കയ്യേറ്റക്കാരെയും ക്രിമിനലുകളെയും നിര്‍ദ്ദയം അമര്‍ച്ച ചെയ്തു. ഉദ്യോഗസ്ഥ ദുര്‍ഭരണം, കൈക്കൂലി എല്ലാം അവസാനിപ്പിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (5 minutes ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (9 minutes ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (28 minutes ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (50 minutes ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (1 hour ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (1 hour ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (1 hour ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (1 hour ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (2 hours ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (2 hours ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (2 hours ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (2 hours ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (3 hours ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (3 hours ago)

Malayali Vartha Recommends