കൃഷ്ണഗിരിയില്‍ മൂന്നു പേരെ കൊലപ്പെടുത്തിയ കാട്ടാനയെ പിടികൂടി നീലഗിരി വനത്തില്‍ തുറന്നു വിട്ടു

കൃഷ്ണഗിരിയില്‍ 6 മാസമായി കൃഷിയിടത്തിലിറങ്ങി വന്‍തോതില്‍ വിളകള്‍ നശിപ്പിക്കുകയും മൂന്നു പേരെ കൊലപ്പെടുത്തുകയും ചെയ്ത കാട്ടാനയെ മയക്കു വെടിവച്ചു പിടികൂടി നീലഗിരി ജില്ലയിലെ തെങ്ങുമാഹാറാഡ വനത്തില്‍ തുറന്നു വിട്ടു. വനത്തില്‍ കയറാന്‍ കൂട്ടാക്കാതെ നാട്ടില്‍ തന്നെയാണു മേഞ്ഞിരുന്നത്. കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടവരും ഒട്ടേറെയാണ്.
കോയമ്പത്തൂര്‍ ഭാഗത്ത് നാട്ടിലിറങ്ങി ആക്രമണം നടത്തിയ രണ്ട് ആനകളെ മുതുമല വനത്തില്‍ തുറന്നു വിട്ടിരുന്നു. ഇതില്‍ ഒരാന വനാതിര്‍ത്തികളിലെ ബോസ്പുര, മണ്ണുവയല്‍ പ്രദേശങ്ങളിലാണ് മേയുന്നത്. ഈ ആനയുടെ ആക്രമണത്തില്‍ ഇവിടെയും രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. കോയമ്പത്തൂര്‍ തടാകം ഭാഗത്ത് നിന്നും പിടികൂടിയ ആന കര്‍ണാടകയിലെ ബേഗൂരില്‍ നാട്ടിലിറങ്ങി തുടങ്ങി. നാല് മാസങ്ങള്‍ക്ക് മുന്‍പ് ഈ ആനയുടെ ആക്രമണത്തില്‍ ബേഗൂരില്‍ ഒരാള്‍ മരിച്ചിരുന്നു. അതിനാല്‍ സമതലങ്ങളില്‍ നിന്നും പിടികൂടുന്ന ആനകളെ നീലഗിരി വനങ്ങളിലാണ് ഇപ്പോള്‍ തുറന്നു വിടുന്നത്.
തെങ്ങും മഹാറാഡ വനം നീലഗിരി ജില്ലയിലാണെങ്കിലും സത്യമംഗലം വനത്തിനോട് ചേര്‍ന്നുകിടക്കുന്ന സമതല പ്രദേശമാണിത്. കൃഷ്ണഗിരിയില്‍ നിന്നുള്ള ആനയെ ഇന്നലെ വൈകുന്നേരത്തോടെ തെങ്ങുംമഹാറാഡ വനത്തില്‍ തുറന്നു വിട്ടു. കാട്ടാനയെ വനത്തില്‍ തുറന്നു വിടുന്നതില്‍ പ്രതിഷേധിച്ചു സത്യമംഗലത്ത് നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. ആക്രമണകാരികളായ കാട്ടാനകളെ പിടികൂടി വനത്തിലേക്കു തുറന്നു വിടുമ്പോള്‍ വനതിര്‍ത്തിയിലുള്ള ഗ്രാമങ്ങളെയാണ് ബാധിക്കുന്നത്.
https://www.facebook.com/Malayalivartha























