അടുത്ത വില്ലന്‍ ടൗട്ടെ ആണോ ? 3 വര്‍ഷം കൊണ്ട് 20ലധികം ചുഴലിക്കാറ്റുകള്‍, അറബിക്കടൽ ന്യൂനമർദ്ദങ്ങളുടെയും ചുഴലിയുടെയും പ്രധാനകേന്ദ്രമായി മാറ്റുന്നുവന്നാണ് നിഗമനം, കേരളത്തെ നേരിട്ട് ബാധിക്കുന്ന അറബിക്കടലിലെ ചുഴലിക്കാറ്റുകളുടെ എണ്ണത്തിൽ വന്‍ വര്‍ധനവ്...

3 വര്‍ഷം കൊണ്ട് 20ലധികം ചുഴലിക്കാറ്റുകള്‍. അറബിക്കടലിൽ രൂപം കൊള്ളുന്ന ചുഴലികൾ നേരത്തെ കേരളത്തിനു ഭീഷണിയല്ലായിരുന്നു. എന്നാല്‍ കാലാവസ്ഥ വ്യതിയാനവും അറബിക്കടലിന്റെ ഉപരിതല ചൂടു കൂടുന്നതും ചുഴലിക്കാറ്റിന്റെ എണ്ണം കൂടാൻ ഇടയാക്കിയിട്ടുണ്ട്. ഇനിയുള്ള കാലത്ത് കേരളം ചുഴലിക്കാറ്റ് ഭീഷണിയിൽനിന്ന് മുക്തമാകില്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ശക്തമായ ചുഴലിക്കാറ്റാണ് ടൗട്ടെ. നിലവിൽ,ഈ ചുഴലിക്കാറ്റ് ഗോവ–കർണാടക തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഈ ചുഴലിക്കാറ്റിന്‍റെ പരമാവധി വേഗതയെന്നത് 118 കി.മീ മുതല്‍ 166 കി.മീ ആകുന്ന ഘട്ടമാണ്. വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഗുജറാത്തിലെ പോർബന്ദർ, നലിയ തീരങ്ങൾക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ അന്തരീക്ഷത്തിലെ സമ്മർദ്ദങ്ങളാണ് ഒരോ സെക്കൻഡിലും ചുഴലിയുടെ ഗതിയും വഴിയും നിർണയിക്കുകയെന്നതിനാൽ അപ്രതീക്ഷിതമായ മാറ്റവും പ്രതീക്ഷിക്കുന്നുണ്ട്. കടൽ ചൂടായി തുടരുന്നത് ചുഴലി ശക്തിപ്പെടുത്തുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ്.
ടൗട്ടെ ചുഴലിക്കാറ്റ് അറബിക്കടലിന് ശക്തമായ മുന്നറിയിപ്പാണ് കാലാവസ്ഥാ ഗവേഷകർ നല്‍കുന്നത് . ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കാലാവസ്ഥയില്‍ വൻമാറ്റങ്ങളാണ്. അറബിക്കടൽ ന്യൂനമർദ്ദങ്ങളുടെയും ചുഴലിയുടെയും പ്രധാനകേന്ദ്രമായി മാറ്റുന്നുവന്നാണ് നിഗമനം. അമേരിക്കയിലെ പ്രമുഖ കാലാവസ്ഥ, സമുദ്ര ഗവേഷണ ഏജൻസിയായ നോവ ആണ് ഇതുസംബന്ധിച്ച സൂചന നൽകുന്നത്. മറ്റുപല ഏജൻസികളും ഗവേഷകരും ഇക്കാര്യം ശരിവയ്ക്കുന്നു. ടൗട്ടെക്കു പിന്നാലെ ഇനിയും ന്യൂനമർദ്ദവും ചുഴലിയും തുടർച്ചയായി അറബിക്കടലിൽ നിന്നു ഉണ്ടാകുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ് .
കടലിന്റെ ഉപരിതല ചൂടിനെക്കുറിച്ചു വർഷങ്ങളായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞവർഷം അവസാനം അറബിക്കടലിന്റെ ഭാവമാറ്റത്തെക്കുറിച്ചു നോവ മുന്നറിയിപ്പു നൽകിയത്. പൊതുവായ അന്തരീക്ഷമാറ്റങ്ങൾക്കൊപ്പം കടലിലെ മലീനീകരണം ഈ അവസ്ഥക്ക് ഒരു പ്രധാന കാരണമാണെന്നും ശാസ്ത്രജ്ഞമാര്‍ ചൂണ്ടിക്കാണിക്കുന്നു. മാലിന്യം അടിഞ്ഞുകൂടുന്നത് കടലിലെ വായുസഞ്ചാരം കുറക്കുന്നു. ഇത് അറബിക്കടൽ ചുഴലിക്കാറ്റിന്റെ പ്രഭവകേന്ദ്രമായി മാറുന്നത് മേഖലയിൽ വൻപ്രത്യാഘാതമാണ് ഉണ്ടാക്കുന്നത്.
ഏതാണ്ട് 2010 വരെ ബംഗാൾ ഉൾക്കടലിലാണ് ചുഴലികളുടെയും വൻന്യൂനമർദ്ദങ്ങളുടെയും പ്രഭവകേന്ദ്രമായി ശാസ്ത്രജ്ഞർ കണ്ടിരുന്നത്. അതുണ്ടാക്കുന്ന സ്വാധീനവും പ്രഭാവവും കാരണം കേരളത്തിൽ അടക്കം രാജ്യത്തിന്റെ ദക്ഷിണ മേഖലയിൽ തീവ്രമഴയും ചുഴലിക്കാറ്റും ഉണ്ടാകാറുണ്ട്. ശാന്തസമുദ്രത്തിലും ജപ്പാൻ കടലിലും ഈ പ്രതിഭാസം സര്‍വ്വസാധാരണമാണ്. എപ്പോഴും പ്രക്ഷുബ്ധമാകുന്ന ചൈനീസ് കടലിന്റെ സ്വാധീനമാണ് ബംഗാൾ ഉൾക്കടലിനെ സദാ അസ്വസ്ഥമാക്കാൻ പ്രധാന കാരണം. ഏതാണ്ട് 10 വർഷത്തിലധികമായി അറബിക്കടലിൽ നടക്കുന്ന വലിയ മാറ്റം നാലു വർഷമായി ഏറെ പ്രകടമാണ്. മാറ്റത്തിന്റെ പ്രത്യാഘാതം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയാണു വലിയതോതിൽ ബാധിക്കുന്നത്. ജനസംഖ്യയും കൃഷിയും മറ്റും കൂടുതൽ ഈ മേഖലയിലാണ്. ടൗട്ടെയുടെ പ്രഭാവം കാരണം മഴയിലും കാറ്റിലും വലഞ്ഞിരിക്കുകയാണ് കേരളം.
എന്നാല്‍ 130 വർഷത്തിനിടെ 91 ചുഴലിക്കാറ്റുകളാണ് മേയ് മാസത്തിൽ അറബിക്കടലിലും ബംഗാൾ ഉൾക്കടലുമായി രൂപപ്പെട്ടത്. 63 ചുഴലിക്കാറ്റുകൾ ബംഗാൾ ഉൾക്കടലിലും 28 ചുഴലിക്കാറ്റുകൾ അറബിക്കടലിലും മേയ് മാസത്തിൽ രൂപപെട്ടു. വേനൽക്കാലമായ മാർച്ച് – മേയ് മാസങ്ങളിലും തുലാവർഷ സീസണിലും (ഒക്ടോബർ – ഡിസംബർ) ആണ് സാധാരണ ചുഴലിക്കാറ്റുകൾ രണ്ടു സമുദ്രങ്ങളിലും രൂപപ്പെടുന്നത്.
1990നുശേഷം അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി ആകെ 22 ചുഴലിക്കാറ്റുകൾ രൂപപ്പെട്ടു. ബംഗാൾ ഉൾക്കടലിൽ മേയ് മാസത്തിൽ അവസാനമായി ചുഴലിക്കാറ്റ് രൂപപ്പെട്ടത് സൂപ്പർ സൈക്ലോൺ ആംഫന്റെ രൂപത്തിലായിരുന്നു, കഴിഞ്ഞ വർഷം മേയ് 16-21 വരെ. അറബിക്കടലിൽ അവസാനമായി ചുഴലിക്കാറ്റു രൂപപ്പെട്ടത് 2018ൽ. സാഗർ ചുഴലിക്കാറ്റ് മേയ് 16 മുതൽ 20വരെയും മേക്നു ചുഴലിക്കാറ്റ് മേയ് 21-27 വരെയും ആയിരുന്നു.
കഴിഞ്ഞ 3 വര്‍ഷത്തിനിടെ 20 ചുഴലിക്കാറ്റുകളാണ് ഉണ്ടായിരിക്കുന്നത്. അതില്‍ 10 എണ്ണം അറബിക്കടലിലും 10 എണ്ണം ബംഗാള്‍ ഉള്‍ക്കടലിലും കേരളത്തെ നേരിട്ട് ബാധിക്കുന്ന അറബിക്കടലിലെ ചുഴലിക്കാറ്റുകളുടെ എണ്ണത്തിലാണ് വന്‍ വര്‍ധനവ്.. പ്രതിവര്‍ഷം ഒന്നല്ലെങ്കില്‍ രണ്ട് ചുഴലിക്കാറ്റുകള്‍ മാത്രമായിരുന്നു നേരത്തെ അറബിക്കടലില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചുഴലിക്കാറ്റുകളുടെ എണ്ണവും അതോടപ്പം തീവ്രതയും സമീപക്കാലത്തായി വര്‍ധിച്ചിരിക്കുകയാണ്. ഇതിനിടയില്‍ ഭീതി വിതച്ച നിരവധി ചുഴലിക്കാറ്റുകള്‍ ഉണ്ട്. കാലാവസ്ഥ വ്യതിയാനവും ആഗോള താപനവും കാരണം സമുദ്ര താപനിലയില്‍ ഉണ്ടാകുന്ന വര്‍ധവാണ് പ്രധാനമായും ചുഴലിക്കാറ്റിന് കാരണമാകുന്നത്....
https://www.facebook.com/Malayalivartha



























