അമേരിക്കയിലെ ജോലി ഉപേക്ഷിച്ച് പശുക്കളെ വളര്‍ത്തി ഐ ഐ ടി ബിരുദധാരി; ഇപ്പോള്‍ 44 കോടിയുടെ ബിസിനസ് സംരംഭത്തിന്റെ ഉടമ

വലിയ ശമ്പളം ലഭിക്കുന്ന ജോലിയും ആഡംബര ജീവിതവും വലിച്ചെറിഞ്ഞ് ഇഷ്ടപ്പെടുന്ന ജോലിയും ജീവിതവും തെരഞ്ഞെടുക്കുന്നവര്‍ ഒരു പക്ഷേ നന്നേ കുറവായിരിക്കും. ഇത്തരം ധീരമായ തീരുമാനങ്ങള്‍ ജീവിതത്തില്‍ എടുക്കുന്നവര്‍ക്ക് അതിന് തക്കതായ പ്രതിഫലവും ലഭിക്കാറുണ്ട്.
കര്‍ണാടക സ്വദേശിയായ കിഷോര്‍ ഇന്ദുകുരി എന്ന യുവാവ് അത്തരം ഒരാളാണ്. അമേരിക്കയിലെ വലിയ ശമ്പളം ലഭിക്കുന്ന ജോലി വലിച്ചെറിഞ്ഞ് നാട്ടില്‍ പശു വളര്‍ത്തല്‍ തുടങ്ങിയ കിഷോറിന്റെ പാലുല്‍പ്പന്ന കമ്പനിയുടെ മൂല്യം ഇന്ന് 44 കോടിയാണ്.
പശ്ചിമ ബംഗാളിലുള്ള ഐഐടി ഖരഗ്പൂറില്‍ നിന്ന് എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ കിഷോര്‍ ബിരുദാനന്തര ബിരുദവും പിഎച്ച്‌ഡിയും അമേരിക്കയിലെ മസാച്ചുസെറ്റ്സ് സര്‍വ്വകലാശാലയില്‍ നിന്നാണ് സ്വന്തമാക്കിയത്. പഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഇന്റല്‍ എന്ന ഏറ്റവും വലിയ ടെക്നോളജി കമ്പനികളിൽ ഒന്നില്‍ ജോലിയും ലഭിച്ചു.
വലിയ ശമ്പളമുള്ള ജോലിയായിരുന്നു എങ്കിലും മാനസികമായി യാതൊരു സന്തോഷവും ഇത് കിഷോറിന് നല്‍കിയിരുന്നില്ല. ഗ്രാമത്തിലേക്ക് തിരിച്ചുവന്ന് മറ്റ് ജോലികള്‍ ചെയ്യണം എന്നായിരുന്നു അദ്ദേഹത്തിന്റെ മനസ് മുഴുവന്‍.
ആറു വര്‍ഷത്തിന് ശേഷം അമേരിക്കയിലെ ഇന്റല്‍ കമ്പനിയിലെ ജോലി ഉപേക്ഷിച്ച അദ്ദേഹം നാട്ടില്‍ തിരിച്ചെത്തി. ഹൈദരാബാദ് നഗരത്തില്‍ ശുദ്ധവും വൃത്തിയുമുള്ള പാലിന്റെ ലഭ്യത കുറവാണെന്ന് മനസിലാക്കിയ അദ്ദേഹം സ്വന്തമായി ഫാം തുടങ്ങണം എന്ന കാര്യം ഉറപ്പിച്ചിരുന്നു. 2012ല്‍ 20 പശുക്കളുമായാണ് ഫാം തുടങ്ങിയത്.
പാല്‍ കറന്നെടുത്ത് വീടുകളില്‍ നേരിട്ട് എത്തിച്ച് കൊടുത്താണ് സംരംഭം തുടങ്ങിയത്. അദ്യ നിക്ഷേപം എന്ന നിലയില്‍ കറന്ന് എടുക്കുന്ന പാല്‍ കൂടുതല്‍ സമയം സൂക്ഷിക്കുന്നതിനായി ഫ്രീസറും മറ്റും ഒരുക്കുകയാണ് ചെയ്തത്. പിന്നീടങ്ങോട് കിഷോറിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
2018ല്‍ മകന്‍ സിദ്ധാര്‍ത്ഥിന്റെ പേര് ചേര്‍ത്ത് സിദ്ധ് ഫാം എന്ന് സംരംഭത്തിനെ നാമകരണം ചെയ്തു. 6000ത്തോളം ഉപഭോക്താക്കളാണ് അന്ന് സിദ്ധ് ഫാമിന് ഉണ്ടായിരുന്നത്. ഇന്ന് കൂടുതല്‍ മേഖലയിലേക്ക് വ്യപിപ്പിക്കുകയും 120ഓളം ജോലിക്കാരുള്ളതുമായ ഫാമിന് 40 കോടി രൂപയാണ് വാര്‍ഷിക വരുമാനം. ഓരോ ദിവസവും 10,000ത്തോളം ഉപഭോക്താക്കള്‍ക്ക് സിദ്ധ് ഫാം പാല്‍ നല്‍കുന്നു.
സംരഭം തുടങ്ങിയ ആദ്യഘട്ടങ്ങളില്‍ ധാരാളം കഠിനാധ്വാനവും ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു എന്ന് കിഷോര്‍ പറയുന്നു. താനും കുടുംബവും ഒന്നിച്ചാണ് വീടുകളില്‍ പാല്‍ നേരിട്ട് എത്തിക്കുന്ന പ്രവര്‍ത്തനം തുടങ്ങിയത്. ഡയറി തുടങ്ങുന്നതിനായി തന്റെ മൊത്തം സമ്പാദ്യം ഉപയോഗിക്കുകയും പിന്നീട് കുടുംബത്തിന്റെ സഹായം തേടുകയും ചെയ്തു.
ആദ്യഘട്ടത്തില്‍ ഒരു കോടിയും പിന്നീട് വീണ്ടും രണ്ട് കോടിയും സംരംഭത്തില്‍ നിക്ഷേപിച്ച കിഷോര്‍ ഇന്ന് സ്ഥാപനത്തെ മികച്ച വരുമാനം ലഭിക്കുന്ന ഒന്നാക്കി മാറ്റി.
പശുവില്‍ പാലും എരുമ പാലും മാത്രമായി തുടങ്ങിയ ഫാമില്‍ ഇന്ന് പശുവിന്‍ നെയ്യ്, എരുമ പാലിന്റെ നെയ്യ്, ബട്ടര്‍, തൈര്, പനീര്‍ തുടങ്ങി നിരവധി പാലുല്‍പ്പനങ്ങളും ലഭ്യമാക്കുന്നു.
ഉത്പാദിപ്പിക്കുന്ന പാലിന്റെ ഗുണമേന്മ ഉറപ്പാക്കാന്‍ ആധുനിക സാങ്കേതിക വിദ്യയും ഫാമില്‍ ഉപയോഗപ്പെടുത്തുന്നു. കൊവിഡ് വൈറസ് വ്യാപനം കിഷോറിന്റെ ബിസിനസിനെയും ബാധിച്ചിട്ടുണ്ട്. എങ്കിലും ഉത്പാദനം കൂട്ടി മറ്റ് സ്ഥലങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് കിഷോര്‍ തയ്യാറെടുക്കുന്നത്.
https://www.facebook.com/Malayalivartha



























