ബാറ്ററി മോഷ്ടിച്ചെന്ന് ആരോപണം; മൂന്ന് ദളിത് കുട്ടികളെ വിവസ്ത്രരാക്കി ക്രൂരമായി മർദ്ദിച്ച് തെരുവിലൂടെ നടത്തി

കടയിൽ നിന്നും ബാറ്ററികൾ മോഷ്ടിച്ചെന്നാരോപിച്ച് മൂന്ന് ദളിത് കുട്ടികളെ വിവസ്ത്രരാക്കി ക്രൂരമായി മർദ്ദിച്ചു, ബിഹാറിലെ ഗയയിലാണ് നാടിനെ ഞെട്ടിച്ച സംഭവം. കുട്ടികളെ വിവസ്ത്രരാക്കിയ ശേഷം മർദ്ദിക്കുകയും തെരുവിലൂടെ നടത്തിക്കുകയുമായിരുന്നു. ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്.
ഖാപ് പഞ്ചായത്തിന്റെ നിർദ്ദേശപ്രകാരമാണ് കുട്ടികൾക്കെതിരെ മനുഷ്യത്വ രഹിതമായ നടപടി ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്ന് ഞായറാഴ്ചയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
ഇരകളായ കുട്ടികളെക്കൊണ്ട് ഏത്തമിടീക്കുകയും വട്ടത്തിൽ ഓടിക്കുകയും ചെയ്തു. ഈ സമയം മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു ഗ്രാമവാസികൾ. കുട്ടികളെ ആക്രമിച്ചതിന് ശേഷം സമുദായ നേതാക്കൾ തമ്മിൽ സംഘർഷമുണ്ടായെങ്കിലും നിയന്ത്രിക്കപ്പെട്ടു.
സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ആറോളം പേരെ അറസ്റ്റ് ചെയ്തതായും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പ്രതികൾക്കെതിരെ പത്തോളം വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha



























