കോവിഡിന് പിന്നാലെ ആശങ്ക ഇരട്ടിയാക്കി ബ്ലാക്ക് ഫംഗസ്, മഹാരാഷ്ട്രയില്‍ 90 പേര്‍ മരിച്ചു; കേന്ദ്രത്തോട് സഹായം അഭ്യര്‍ത്ഥിച്ച് സര്‍ക്കാര്‍

മഹാരാഷ്ട്രയില്‍ ആശങ്ക ഇരട്ടിയാക്കി ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഉയരുന്നു. ഇതുവരെ 90 പേര്‍ മ്യൂക്കര്‍മൈക്കോസിസ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രി രാജേഷ് തോപ്പ് അറിയിച്ചു.
ഒരാഴ്ചക്കിടെ മഹാരാഷ്ട്രയില്‍ 200 ലധികം പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരെ ചികിത്സിക്കുന്നതിന് അടിയന്തരമായി മരുന്ന് ലഭ്യമാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
നിലവില്‍ മരുന്ന് ക്ഷാമം നേരിടുന്നുണ്ട്. ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആഫോടെറിസിന്‍-ബി ഇഞ്ചക്ഷന്‍ കൂടുതലായി ലഭ്യമാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. അടിയന്തരമായി 1.90 ലക്ഷം ഇഞ്ചക്ഷനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ 16000 ഇഞ്ചക്ഷന്‍ മാത്രമാണ് ലഭിച്ചതെന്ന് ആരോഗ്യമന്ത്രി പറയുന്നു.
കോവിഡ് രണ്ടാം തരംഗത്തിന്റെ അതിതീവ്രവ്യാപനം നേരിടുന്ന സംസ്ഥാനങ്ങളില്‍ മുന്‍നിരയിലാണ് മഹാരാഷ്ട്ര. കോവിഡിനെതിരെയുള്ള പോരാട്ടത്തിനിടെ ബ്ലാക്ക് ഫംഗസ് ബാധ പടരുന്നത് സംസ്ഥാനത്ത് ആശങ്ക പരത്തുന്നുണ്ട്. നിലവില്‍ സംസ്ഥാനത്ത് 800 ഓളം പേര്‍ ഫംഗസ് ബാധയേറ്റ് ചികിത്സയിലുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
കേരളത്തില്‍ ബ്ലാക്ക് ഫംഗസുമായി ബന്ധപ്പെട്ട 15 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബ്ലാക്ക് ഫംഗസ് പകരുന്ന രോഗമല്ലെന്നും അതിനാല്‍ രോഗികളെ ചികില്‍സിക്കുന്നതില്‍ വിമുക്തകാട്ടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ബ്ലാക്ക് ഫംഗസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട കേരളത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്. ബ്ലാക്ക് ഫംഗസ് പുതിയതായി കണ്ടെത്തിയ രോഗമല്ലെന്നും അദ്ദേഹം പറഞ്ഞു.ഈ രോഗത്തിന്റെ 40 ശതമാനവും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പ്രമേഹം നിയന്ത്രണ വിധേയമല്ലാത്തവരിലാണ് രോഗം കൂടുതല്‍ ഗുരുതരമാകുന്നത്. പ്രതിരോധ ശേഷി കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നത് രോഗത്തിന് കരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha



























