എസ്തര്‍ അനുഹ്യയുടെ കൊലയാളിക്ക് വധശിക്ഷ

ആന്ധ്ര സ്വദേശിനിയായ സോഫ്ട്‌വെയര്‍ എന്‍ജിനിയര്‍ എസ്തര്‍ അനുഹ്യയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. ടാക്‌സിഡ്രൈവര്‍ ചന്ദ്രഭാന്‍ സനാപിനെയാണ് മുബൈയിലെ പ്രത്യേക വനിതാ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കണ്ടെത്തിയാണ് വിധി.
വിശാഖപട്ടണത്തു നിന്ന് ലോകമാന്യതിലക് സ്‌റ്റേഷനില്‍ 2014 ജനുവരി അഞ്ചിന് വന്നിറങ്ങിയ 23-കാരിയായ അനുഹ്യയെ താമസസ്ഥലത്ത് എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സനാപ് ബൈക്കില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. കഞ്ചുമാര്‍ഗിലെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് അനുഹ്യയെ മാനഭംഗപ്പെടുത്തി കൊല ചെയ്തു. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നുള്ള അന്വേഷണത്തില്‍ കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ലാപ്‌ടോപ്പ് അടക്കമുള്ള സാധനങ്ങളും കവര്‍ച്ച ചെയ്താണ് പ്രതി രക്ഷപ്പെട്ടത്.
സംഭവം നടന്ന് രണ്ടു മാസത്തിനു ശേഷം പിടിയില്‍ ആയ സനാപിനെ കഴിഞ്ഞ ചൊവ്വാഴ്ച കോടതി കുറ്റക്കാരന്‍ എന്ന് വിധിച്ചിരുന്നു. സമൂഹത്തിന് എതിരായ ക്രൂരതയാണ് പ്രതി ചെയ്തതെന്നും ഭാവിയില്‍ സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വധശിക്ഷ തന്നെ നല്‍കണമെന്നും സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ രാജ താക്കറെ വാദിച്ചു. പ്രതിയോട് എന്തെങ്കിലും ദയ കാണിക്കുന്നത് മാനഭംഗപ്പെട്ട പെണ്‍കുട്ടിയോടും കുടുംബത്തോടും കാട്ടുന്ന അനീതിയാകുമെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.
സനാപിനോട് ദയ കാണിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകനായ പ്രകാശ് സല്‍സിങ്കിക്കര്‍ വാദിച്ചു. 28-കാരനായ സനാപ് ഭാര്യയും രണ്ടു കുട്ടികളും വൃദ്ധ മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണെന്നും ജയിലില്‍ മര്യാദക്കാരനായിരുന്നു എന്നത് പരിഗണിക്കണമെന്നും പ്രതിഭാഗം അഭ്യര്‍ത്ഥിച്ചു. എന്നാല്‍ കോടതി പരമാവധി ശിക്ഷ തന്നെ വിധിക്കുകയായിരുന്നു.
അനുഹ്യ യാത്ര ചെയ്തിരുന്ന ട്രെയിന്‍ റെയില്‍വേ സ്‌റ്റേഷനിലെത്തുന്നതിന് അരമണിക്കൂര്‍ മുമ്പ് പ്രതി ഇവിടെയിരുന്നു മദ്യപിക്കുന്നതായി സി.സി ടിവി ദൃശ്യങ്ങളില്‍ തെളിഞ്ഞിരുന്നു. അനുഹ്യയെ വാഹനത്തില്‍ കയറ്റിക്കൊണ്ടു പോയ സമയത്ത് സ്‌റ്റേഷനിലുണ്ടായിരുന്നവരെ ചോദ്യം ചെയ്ത് സമഗ്രാന്വേഷണത്തിന് നേതൃത്വം നല്‍കിയത് അന്ന് കമ്മിഷണറായിരുന്ന രാകേഷ് മരിയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























