യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി

യുകെയില്‍ പോര്‍ട്‌സ്‌വുഡില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. 32 വയസ്സുകാരനായ മലയാളിയെയാണ് കൊലപാതകശ്രമം സംശയിച്ച് ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
ചൊവ്വാഴ്ച രാത്രി പത്ത് മണിക്ക് ശേഷമാണ് ബ്രൂക്ക്‌വെയില്‍ റോഡിലെ ഒരു ഫ്‌ലാറ്റില്‍ 36 വയസ്സുകാരനായ യുവാവിന് വയറിന് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ പാരാമെഡിക്കുകള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇയാള്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. സംഭവസ്ഥലത്തുനിന്ന് ഒരു കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ് തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം. കുത്തിയ ആളും കുത്തേറ്റ യുവാവും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും ഇരുവരുടെയും കുടുംബങ്ങള്‍ ഒരുമിച്ച് ഒരേ വീട്ടില്‍ മുമ്പ് താമസിച്ചിരുന്നതായും പ്രാഥമിക വിവരമുണ്ട്. ഇരുവരും ഒരേ സ്ഥാപനത്തില്‍ കെയര്‍ വര്‍ക്കര്‍മാരായി ജോലി ചെയ്തിരുന്നവരാണ്. പിന്നീട് ജോലി സ്ഥാപനം മാറിയതോടെയാണ് ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയതെന്നും വിവരമുണ്ട്. കുത്തിയ ആള്‍ എറണാകുളം സ്വദേശിയാണെന്നും പ്രാഥമിക വിവരമുണ്ട്.
കുത്തിയ ആളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും പ്രചരിച്ച ചില കാര്യങ്ങളെക്കുറിച്ച് ചോദിക്കാനാണ് കുത്തിയ ആളും ഭാര്യയും ഫ്‌ലാറ്റിലെത്തിയതെന്നാണ് പ്രാദേശികമായി ലഭിക്കുന്ന വിവരം. വാതില്‍ തുറന്നതിന് പിന്നാലെയാണ് കുത്തേറ്റതെന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളില്‍ പൊലീസ് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.
സംഭവത്തില്‍ നേരത്തെ ദമ്പതികളായ 38 വയസ്സുകാരനായ ഒരാളെ കൊലപാതകശ്രമം സംശയിച്ചും 29 വയസ്സുകാരിയായ സ്ത്രീയെ കുറ്റവാളിയെ സഹായിച്ചതായുള്ള സംശയത്തിലുമാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 32 വയസ്സുകാരനായ മറ്റൊരാളെയും കൊലപാതകശ്രമം സംശയിച്ച് അറസ്റ്റ് ചെയ്തു. ഏറ്റവും പുതിയ പൊലീസ് വിവരമനുസരിച്ച് നേരത്തെ അറസ്റ്റിലായ പുരുഷനും സ്ത്രീക്കും കസ്റ്റഡി കാലാവധി നീട്ടിയിരുന്നു. മൂന്നാമതായി അറസ്റ്റിലായ 32 വയസ്സുകാരനും പൊലീസ് കസ്റ്റഡിയിലാണെന്നാണ് ഔദ്യോഗിക വിവരം.
https://www.facebook.com/Malayalivartha



























