നിര്‍ഭയ കേസ്: മോചിതനാകുന്ന കുട്ടിക്കുറ്റവാളിയെ നിരീക്ഷിക്കുമെന്ന് മനേക ഗാന്ധി

2012 ഡിസംബര്‍ 16-നു രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടമാനഭംഗ കേസിലെ ജുവനൈല്‍ പ്രതി മൂന്നു വര്‍ഷത്തെ നല്ലനടപ്പ്ശിക്ഷ പൂര്‍ത്തിയായി പുറത്തുവരുന്നതില്‍ കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി മനേക ഗാന്ധി അതൃപ്തി വ്യക്തമാക്കി. അതിദാരുണമായ നിര്‍ഭയ സംഭവത്തില്‍ നിയമം അനുശാസിക്കുന്ന വിധം നീതി നടപ്പിലായോ എന്ന് സംശയമുണ്ടെന്നും അവര്‍ പറഞ്ഞു.
പുറത്തിറങ്ങിയാല്‍ പ്രതിയെ സസൂക്ഷ്മം നിരീക്ഷിക്കേണ്ടതുണ്ടെന്നും ഇതിനായി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും മനേക സൂചിപ്പിച്ചു. നീതിയും നിയമവും തമ്മില്‍ ജനങ്ങള്‍ക്ക് ആശയക്കുഴപ്പമുണ്ടാവരുത്. പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാത്രമേ അയയ്ക്കാനാകുകയുള്ളുവെന്ന് നിയമം കല്പിച്ചു. ഈ അസ്വാഭാവിതയാണ് സര്‍ക്കാര്‍ തിരുത്താന്‍ ശ്രമിക്കുന്നത്. ശിക്ഷ അനുഭവിച്ചു പൂര്‍ത്തിയാക്കി നിയമപ്രകാരമാണ് അയാള്‍ പുറത്തേയ്ക്കു വരുന്നത്. മറ്റൊരു കുറ്റം ചെയ്യുന്നതുവരെ അയാളെ സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ലെന്നും മേനക കൂട്ടിച്ചേര്‍ത്തു.
അതേസമയം, പ്രതി അടുത്ത കുറ്റം ചെയ്യുന്നതുവരെ എന്ന മേനകയുടെ പ്രസ്താവന രാജ്യത്ത് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാണ് സൂചിപ്പിക്കുന്നതെന്ന് നിര്‍ഭയയുടെ മാതാപിതാക്കള്‍ അഭിപ്രായപ്പെട്ടു. പ്രായപൂര്‍ത്തിയായിട്ടില്ലെന്ന കാരണത്താല്‍ ജുവനൈല്‍ ഹോമിലേക്ക് അയച്ചിട്ട് പ്രതിയുടെ സ്വഭാവത്തില്‍ മാററമുണ്ടായോ എന്ന് നിര്‍ഭയയുടെ പിതാവ് ചോദിച്ചു.
2012 ഡിസംബര്‍ 16-നു നടന്ന സംഭവത്തില്‍ അറസ്റ്റിലായ കുട്ടിക്കുറ്റവാളിയ്ക്ക് പരമാവധി ശിക്ഷയായ മൂന്നു വര്‍ഷത്തെ നല്ലനടപ്പാണ് ലഭിച്ചത്. അടുത്ത മാസം 15-നാണ് ശിക്ഷ കാലാവധി പൂര്‍ത്തിയാകുന്നത്. ഇയാള്‍ക്ക് ഇപ്പോള്‍ ഇരുപത്തിയൊന്നു വയസായി.
അതേസമയം, പുറത്തിറങ്ങിയാല്‍ ആക്രമിക്കപ്പെടാന്‍ ഇടയുണ്ടെന്നു കണ്ട് പ്രതിയെ നേരത്തെ വിട്ടയയ്ക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതിനു ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന്റെ പ്രത്യേക അനുമതി നേടണം.
കുട്ടിക്കുറ്റവാളിയെ കൂടാതെ കേസില്‍ അഞ്ചു പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ ഒന്നാം പ്രതി രാം സിംഗിനെ 2014 മാര്‍ച്ചില്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാലു പ്രതികള്‍ക്ക് വിചാരണ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതിയും ശരിവച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























