ഹിന്ദുത്വത്തെ ചോദ്യംചെയ്തുള്ള ട്വീറ്റ്... നടന്‍ ചേതന്‍ കുമാറിന്റെ ഒസിഐ കാര്‍ഡ് കേന്ദ്രം റദ്ദാക്കി

വലതുപക്ഷ തീവ്ര രാഷ്ട്രീയത്തിന്റെ നിരന്തര വിമര്‍ശകനായിരുന്ന കന്നഡ നടന്‍ ചേതന്‍ കുമാറിന്റെ ഓവര്‍സീസ് സിറ്റിസന്‍ഷിപ് ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് കേന്ദ്രം റദ്ദാക്കി. ചേതനെ ഹിന്ദുത്വത്തെ ചോദ്യംചെയ്തുള്ള ട്വീറ്റുകളുടെ പേരില്‍ മാര്‍ച്ച് 21ന് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെയാണ് 15 ദിവസത്തിനുള്ളില്‍ ഒസിഐ കാര്‍ഡ് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ചേതന് ഫോറിനേഴ്‌സ് റീജിയനല്‍ റജിസ്‌ട്രേഷന്‍ ഓഫിസ് (എഫ്ആര്‍ആര്‍ഒ) കത്തയച്ചത്. കത്ത് അയച്ചിരിക്കുന്ന തീയതി മാര്‍ച്ച് 28 ആണ്.
സംസ്ഥാനത്തെ സ്‌കൂളുകളില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് വരുന്നത് വിലക്കിയതിനെതിരായ ഹര്‍ജികള്‍ പരിഗണിച്ച കര്‍ണാടക ഹൈക്കോടതി ജഡ്ജി കൃഷ്ണ ദീക്ഷിത്തിനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിനെത്തുടര്‍ന്ന് 2022 ഫെബ്രുവരിയില്‍ ചേതനെ അറസ്റ്റ് ചെയ്തിരുന്നു. ഷിക്കോഗോയില്‍ താമസിക്കുന്ന ചേതന് 2018ലാണ് ഒസിഐ കാര്‍ഡ് ലഭിച്ചത്.
ജഡ്ജിമാര്‍ക്കെതിരെ മോശം പ്രയോഗങ്ങള്‍ നടത്തിയെന്നും മറ്റു ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും കാട്ടി ചേതന് 2022 ജൂണില്‍ എഫ്ആര്‍ആര്‍ഒയുടെ കാരണം കാണിക്കല്‍ നോട്ടിസ് ലഭിച്ചിരുന്നു. ഇതിനു നല്‍കിയ മറുപടി തൃപ്തികരമല്ലെന്നാണ് ഇന്നലെ ലഭിച്ച കത്തില്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.
''സര്‍ക്കാരിനെ ചോദ്യംചെയ്യുന്ന ആര്‍ക്കും മുന്നറിയിപ്പ് നല്‍കുന്ന, ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്ന നടപടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. സാമൂഹിക പ്രവര്‍ത്തകരെയും മറ്റും നിശബ്ദരാക്കാനും രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനും സംസ്ഥാനതല ലോബികളുടെ പിന്തുണയോടെയുള്ള കേന്ദ്രത്തിന്റെ നടപടിയാണിത്'' – മാധ്യമങ്ങളോട് ചേതന്‍ പ്രതികരിച്ചു.
ബ്രാഹ്മണിസത്തെക്കുറിച്ചു സംസാരിച്ചതോടെയാണ് തനിക്കെതിരെ വലതുപക്ഷം തിരിയാന്‍ തുടങ്ങിയതെന്നാണ് ചേതന്‍ പറയുന്നത്. ബ്രാഹ്മണ മേധാവിത്തത്തെ തള്ളിപ്പറഞ്ഞ് വിഡിയോ ഇട്ടതിനു പിന്നാലെ 2021 ജൂണില്‍ ചേതനെതിരെ രണ്ടു കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ സമൂഹത്തിലെ തുല്യതയില്ലായ്മയുടെ മൂലകാരണം ബ്രാഹ്മണിസമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ബ്രാഹ്മണര്‍ എന്ന സമുദായത്തെയല്ല വിമര്‍ശിക്കുന്നതെന്നും ബ്രാഹ്മണ മേധാവിത്തത്തെയാണെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. എന്നാല്‍ ചേതന്റെ ഒസിഐ കാര്‍ഡ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി എഫ്ആര്‍ആര്‍ഒയെ സമീപിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























