കൊലക്കേസ് പ്രതിയും മുന്‍ എംപിയുമായ ആത്തിഖ് അഹമ്മദും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു... സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം, ദ്രുത കര്‍മ്മ സേനയെ പ്രയാഗ് രാജില്‍ വിന്യസിച്ചു

കൊലക്കേസ് പ്രതിയും മുന്‍ എംപിയുമായ ആത്തിഖ് അഹമ്മദും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.
സംഭവം അന്വേഷിക്കുന്നത് മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷനാണ്. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം നല്‍കിയെന്ന് യുപി എഡിജിപി അറിയിച്ചു. കാണ്‍പൂരിലും ജാഗ്രത നിര്‍ദ്ദേശം നല്‍കി.
ദ്രുത കര്‍മ്മ സേനയെ പ്രയാഗ് രാജില്‍ വിന്യസിച്ചു. മറ്റു ജില്ലകളില്‍ നിന്ന് പൊലീസ് സേനയെ പ്രയാഗ് രാജിലേക്ക് എത്തിക്കാനും നിര്‍ദ്ദേശം നല്‍കി. സംഭവത്തില്‍ 17 പൊലീസുകാരെ ഇതിനോടകം സസ്‌പെന്‍ഡ് ചെയ്തു കഴിഞ്ഞു. ആത്തിഖ് അഹമ്മദ് കൊലപാതകത്തില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. ഉമേഷ് പാല്‍ വധക്കേസുമായി ബന്ധപ്പെട്ടാണ് ആത്തിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ഇവരെ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോകാനിറങ്ങുമ്പോഴാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. ആത്തിഖ് അഹമ്മദിന്റെ മകന്‍ ആസാദ് അഹമ്മദും കൂട്ടാളി ഗുലാമും ഉത്തര്‍പ്രദേശ് പൊലീസിന്റെ പ്രത്യേക ദൗത്യസേനയുമായുള്ള ഏറ്റുമുട്ടലില്‍ വ്യാഴാഴ്ച കൊല്ലപ്പെട്ടിട്ടുണ്ടായിരുന്നു. സമാജ്‌വാദി പാര്‍ട്ടി മുന്‍ എംപിയായ ആത്തിഖ് അഹമ്മദ് നൂറോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
അതേസമയം 2005ല്‍ ബിഎസ്പി എംഎല്‍എ ആയിരുന്ന രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും പ്രയാഗ് രാജിലുള്ള ധൂമംഗഞ്ചിലെ വീടിനുപുറത്ത് വെടിയേറ്റ് മരിച്ചത് ഫെബ്രുവരി 24നാണ് .
"
https://www.facebook.com/Malayalivartha
























