വ്യവസായികളെ ഇനി ഭീഷണിപ്പെടുത്താന്‍ സാധിക്കില്ലെന്ന് യോഗി ആദിത്യനാഥ്...

ഉത്തര്‍പ്രദേശില്‍ വ്യവസായികളെ ഇനി ഭീഷണിപ്പെടുത്താന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാഫിയാ നേതാവായിരുന്ന അതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തിന് പിന്നാലെയായിരുന്നു യോഗിയുടെ പരാമര്‍ശം.
ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില തകര്‍ന്നുവെന്ന് വ്യാപക ആക്ഷേപം ഉയരുന്നതിനിടെയാണ് ചൊവ്വാഴ്ച യോഗി ഈ പ്രസ്താവന നടത്തിയത്. ലക്‌നൗവിലും ഹര്‍ദോയിയിലും ടെക്‌സ്‌റ്റൈല്‍സ് പാര്‍ക്ക് തുടങ്ങുന്നതുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിഎം മിത്ര പദ്ധതിയുടെ കീഴിലാണ് പാര്‍ക്ക് ആരംഭിക്കുന്നത്. യോഗിയുടെ വാക്കുകള്‍ വന്‍ കയ്യടിയോടെയാണ് ജനം സ്വീകരിച്ചത്.
''ഇപ്പോള്‍ കുറ്റവാളികള്‍ക്കോ മാഫിയകള്‍ക്കോ ഫോണ്‍ കോളിലൂടെ വ്യവസായികളെ ഭീഷണിപ്പെടുത്താന്‍ സാധിക്കില്ല. കലാപങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ നാടായിരുന്നു ഉത്തര്‍പ്രദേശ്. പല ജില്ലകളുടെയും പേര് പറഞ്ഞാല്‍ തന്നെ ആളുകള്‍ ഭീതിയിലാകും. ഇപ്പോള്‍ ഭയക്കേണ്ട സാഹചര്യമില്ല. 2012 മുതല്‍ 2017 വരെ 700 കലാപങ്ങളാണുണ്ടായത്. 2017 മുതല്‍ 2023 വരെ ഒറ്റ കലാപം പോലും ഉത്തര്‍പ്രദേശില്‍ ഉണ്ടായിട്ടില്ല. നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടി വന്നിട്ടില്ല. അങ്ങനെ ഒരു സാഹചര്യം പോലും ഉണ്ടായിട്ടില്ല. മുതല്‍ മുടക്കുന്നതിനും വ്യവസായം തുടങ്ങുന്നതിനും ഏറ്റവും അനുയോജ്യമായ സമയം ഇതാണ്. സുശക്തമായ നിയമവാഴ്ചയാണ് ഉറപ്പു വരുത്തിയിരിക്കുന്നത്''.– യോഗി പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ കുറ്റകൃത്യങ്ങള്‍ ഏറ്റവും ഉയര്‍ന്ന തലത്തിലെത്തിയിരിക്കുകയാണെന്ന് സമാജ്‌വാദി പാര്‍ട്ടി കുറ്റപ്പെടുത്തി. പൊലീസ് അകമ്പടിയോടെ സഞ്ചരിക്കുന്ന ആളെ പൊതുസ്ഥലത്ത് വച്ച് വെടിവച്ചു കൊല്ലുന്ന സ്ഥിതിയാണ്. അപ്പോള്‍ സാധാരണക്കാരുടെ അവസ്ഥ ചിന്തിക്കാവുന്നതേയുള്ളൂ. അതീഖിനെ വെടിവച്ചു കൊന്നതോടെ ജനം ഭീതിയിലാണ്. ചിലര്‍ മനപ്പൂര്‍വം ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും സമാജ്‌വാദി പാര്‍ട്ടി കുറ്റപ്പെടുത്തി.
വിമര്‍ശനം രൂക്ഷമായതിനിടെ യുപി സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. പൊലീസും മൂന്നംഗ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചു. കൊലപാതകങ്ങളില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഉത്തര്‍പ്രദേശില്‍ വ്യാപകമാകുന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ സുപ്രീം കോടതി ഇടപെടണമെന്നാണു ഹര്‍ജിക്കാരന്റെ ആവശ്യം.
ശനിയാഴ്ച രാത്രിയാണ് പ്രയാഗ്‌രാജില്‍ മുന്‍ എംപിയും മാഫിയ തലവനുമായ അതീഖ് അഹമ്മദിനെയും സഹോദരനെയും വെടിവച്ചു കൊന്നത്. ഉമേഷ് പാല്‍ കൊലപാതക കേസില്‍ പ്രതികളായിരുന്ന ഇവരെ പ്രയാഗ്‌രാജിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മൂന്ന് പേര്‍ ചേര്‍ന്ന് പൊലീസ് നോക്കി നില്‍ക്കെ വെടിവച്ചുകൊന്നത്. ഇതോടെ സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നുവെന്ന് രൂക്ഷവിമര്‍ശനം ഉയര്‍ന്നു.
https://www.facebook.com/Malayalivartha
























