സത്യം പറയുന്നത് ഈ കാലത്ത് തെറ്റാണ്; സത്യം പറഞ്ഞതിനുള്ള വിലയാണിത്; ഈ വീട് ഇന്ത്യയിലെ ജനങ്ങള്‍ നല്‍കിയതാണ്; അത് തിരിച്ചെടുത്തു; അപേക്ഷ നൽകി ഇവിടെ തുടരാൻ ആഗ്രഹിക്കുന്നില്ല; കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ദില്ലിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ദില്ലിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു. എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ കോടതി നടപടി വന്നതോടെയാണ് അദ്ദേഹത്തിന് വീട് ഒഴിയേണ്ടി വന്നത്. 19 വർഷമായി താമസിക്കുന്ന 12 തുഗ്ലക് ലൈനിലെ വസതിയിൽ നിന്നുമാണ് അദ്ദേഹം ഇറങ്ങിയത്. സോണിയ ഗാന്ധിയുടെ 10 ജൻപഥിലേക്കാണ്, രാഹുൽ താൽക്കാലികമായി മാറുന്നത്. ജനങ്ങളോട് നന്ദിയെന്ന് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു . സത്യം പറയുന്നത് ഈ കാലത്ത് തെറ്റാണ്.
സത്യം പറഞ്ഞതിനുള്ള വിലയാണിതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഈ വീട് ഇന്ത്യയിലെ ജനങ്ങള്‍ നല്‍കിയതാണ്. അത് തിരിച്ചെടുത്തു. അപേക്ഷ നൽകി ഇവിടെ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും ഉന്നയിച്ച വിഷയങ്ങൾ ഇനിയും ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടയിൽ മോദി പരാമർശവുമായി ബന്ധപ്പെട്ട് പാറ്റ്ന കോടതി അയച്ച സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ബീഹാർ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നിർണായക നിർദേശം, അയോഗ്യനായ സാഹചര്യത്തിൽ വസതി ഇന്നോടെ ഒഴിയണം എന്നായിരുന്നു.
മാർച്ച് 23 നാണ് രാഹുൽ ഗാന്ധിയെ ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയത്. ഒരു മാസത്തിനുള്ളിൽ വീടൊഴിയണമെന്നായിരുന്നു നിർദ്ദേശം കൊടുത്തത് . 2004ൽ ആദ്യം എംപിയായത് മുതൽ രാഹുൽ ഗാന്ധി താമസിക്കുന്നത് തുഗ്ലക് ലൈനിലെ പന്ത്രണ്ടാം നമ്പർ വസതിയിലാണ്.
അതേസമയം അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച അപ്പീൽ സൂറത്ത് സെഷൻസ് കോടതി തള്ളിയതോടെ രാഹുൽ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയിലേക്ക്. വിധി നിരാശാജനകമാണെന്നും ഹൈക്കോടതിയിൽ നിന്നോ സുപ്രീംകോടതിയിൽ നിന്നോ അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും രാഹുലിന്റെ അഭിഭാഷകൻ കിരിത് പൻവാല പറഞ്ഞു.
https://www.facebook.com/Malayalivartha
























