വന്ദേഭാരത് പശുവിനെ ഇടിച്ച് തെറിപ്പിച്ചു! ദേഹത്തുവീണ് ട്രാക്കിൽ മൂത്രമൊഴിച്ചയാൾ മരിച്ചു... മുൻ റെയിൽവേ ജീവനക്കാരന് ദാരുണാന്ത്യം

വന്ദേഭാരത് ട്രെയിൻ ഇടിച്ച് തെറിപ്പിച്ച പശു ദേഹത്തുവീണ് മുൻ റെയിൽവേ ജീവനക്കാരന് ദാരുണാന്ത്യം. രാജസ്ഥാനിലെ അൽവറിലാണ് സംഭവം. റെയിൽവെ ട്രാക്കിനു സമീപം മൂത്രമൊഴിക്കുകയായിരുന്ന ശിവദയാൽ ശർമ്മ എന്നയാളാണ് മരിച്ചത്. ഇന്ത്യൻ റെയിൽവേയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്ത് വിരമിച്ചയാളാണ് മരിച്ച ശിവദയാൽ ശർമ. രാജസ്ഥാനിലെ അൽവാറിലെ ആരവല്ലി വിഹാർ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം.
കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. സംഭവ സ്ഥലത്തുവച്ചു തന്നെ ഇയാൾ മരിച്ചുവെന്നാണ് പൊലീസ് പറയുന്നത്. കാളിമോറയിലെ റെയിൽവേ ഗേറ്റിൽ ട്രാക്കിന് സമീപത്ത് മൂത്രമൊഴിക്കുകയായിരുന്നു ശിവദയാൽ ശർമ. ഈ സമയം വന്ദേഭാരത് എക്സ്പ്രസ് വരുന്നതിനിടെ പശു റെയിൽവേ ട്രാക്കിലേക്ക് പ്രവേശിക്കുകയും പശുവിൻറെ മേൽ ട്രെയിൻ ഇടിക്കുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയ പശുവിന്റെ ശരീര ഭാഗങ്ങൾ ദൂരേയ്ക്ക് വീണു. ഇതിലൊരു ഭാഗം വീണത് 30 മീറ്ററോളം അകലെ നിൽക്കുകയായിരുന്ന ശിവദയാലിൻറെ മേലെയാണ്. ഇടിയുടെ ആഘാതത്തിൽ പശു, ട്രാക്കിൽ മൂത്രമൊഴിക്കുകയായിരുന്ന ശിവദയാൽ ശർമയുടെ ദേഹത്തേയ്ക്കു വീണു. സംഭവം കണ്ട് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തുമ്പാേഴേക്കും അദ്ദേഹം മരിച്ചിരുന്നു.
സംഭവ സ്ഥലത്തു വച്ചുതന്നെ ശിവദയാൽ മരിച്ചതായി ബന്ധുക്കൾ പറയുന്നു. മുംബൈ-ഗുജറാത്ത് ഉൾപ്പെടെയുള്ള റെയിൽ പാതകളിൽ കന്നുകാലികൾ വിഹരിക്കുന്നത് വ്യാപകമായതിനാൽ ഈ റൂട്ടുകളിലൂടെയുള്ള ട്രെയിനുകളുടെ സഞ്ചാരം അത്യന്തം ദുഷ്‌കരമാണ്. ഇതിനകം തന്നെ വന്ദേഭാരത് തട്ടി നിരവധി കന്നുകാലികൾ ചത്തിട്ടുണ്ട്.
മണിക്കൂറിൽ 130 മുതൽ 160 കിലോമീറ്റർ വേഗതയിൽ എത്തുന്ന വന്ദേഭാരത് ട്രെയിനുകൾ ട്രാക്കുകളിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ ഇടിച്ചിടുന്ന സംഭവങ്ങൾ നേരത്തേയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നേരത്തേ മുംബൈ-ഗാന്ധിനഗർ വന്ദേഭാരത് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിന് കന്നുകാലികളെ ഇടിച്ച് ചെറിയ കേടുപാടുകൾ സംഭവിച്ചിരുന്നു.
ഇതിനെ തുടർന്ന് ട്രെയിനിനും കേടുപാടുകളുണ്ടായിട്ടുണ്ട്. വേലിയോ സംരക്ഷണ ഭിത്തിയോ ഇല്ലാത്തതിനാലാണ് കന്നുകാലികൾ ട്രാക്കിലേക്ക് കയറുന്നത്. ഇവയെ രക്ഷിക്കാൻ നിലവിൽ ഒരു നിർവാഹവുമില്ലെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha
























