വന്ദേഭാരതിന്റെ വരവോടെ നിരവധി മാറ്റങ്ങൾ; സംസ്ഥാനത്ത് വേഗമേറിയ തീവണ്ടികളുടെ വരവിന് വേണ്ടിയുള്ള മൂന്ന് വികസന പദ്ധതികളുമായി ഇന്ത്യൻ റെയിൽ വേ

വന്ദേഭാരതിന്റെ വരവോടെ നിരവധി മാറ്റങ്ങൾ വരാൻ പോകുകയാണ്. സംസ്ഥാനത്ത് വേഗമേറിയ തീവണ്ടികളുടെ വരവിന് വേണ്ടിയുള്ള മൂന്ന് വികസന പദ്ധതികളാണ് റെയിൽവേക്ക് മുന്നിലുള്ളത്. ആദ്യത്തേത് എറണാകുളം - വള്ളത്തോൾ നഗർ റൂട്ടിൽ ഓട്ടോമാറ്റിക് സിഗ്നലിംഗാണ്. 508 കോടി രൂപയുടെ പ്രവൃത്തികൾക്കുള്ള നിർദേശം ദക്ഷിണറെയിൽവേ തയ്യാറാക്കി റെയിൽവേ ബോർഡിന് നൽകി.ഒരു നിർണായക തീരുമാനത്തിനായി കാത്തിരിക്കുകയാണ്.
ഓട്ടോമാറ്റിക് സിഗ്നൽ വന്നാൽ അതിവേഗവണ്ടികളുടെ യാത്ര വേഗത്തിലാകുമെന്നതും നേട്ടമാണ്. രണ്ടാമത്തേത്, എറണാകുളം - ഷൊർണൂർ മൂന്ന്, നാല് പാതകൾക്കുള്ള സർവേയാണ്. ഈ പദ്ധതി തുടങ്ങിയെങ്കിലും പകുതിയിൽ അവസാനിച്ചത് പോലെയാണ്. സർവേ തുടങ്ങിക്കഴിഞ്ഞ ശേഷമായിരുന്നു 160 കിലോമീറ്ററിലധികം വേഗം പ്രതീക്ഷിക്കുന്ന വിധം പാത തയ്യാറാക്കാനുള്ള മാർഗനിർദേശം സർവേ ടീമിനോട് ആവശ്യപ്പെടുകയുണ്ടായി . നിർദ്ദേശം സമർപ്പിക്കാനുള്ള നീക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ട്.
മൂന്നാമത്തേത് , തിരുവനന്തപുരം - കാസർകോട് പാതയിൽ അതിവേഗ തീവണ്ടികൾക്കുവേണ്ട മാറ്റങ്ങൾ പഠിക്കാനുള്ള ലിഡാർ സർവേ . ഹൈദരാബാദ് ആസ്ഥാനമായ കമ്പനിക്കാണ് ചുമതലയുള്ളത് . ഇത് മേയ് ആദ്യം തുടങ്ങുകയാണ്. വളവുകൾ ഒഴിവാക്കുക, അധികഭൂമി വേണ്ടിടങ്ങൾ കണ്ടെത്തുക, പാലം, മേൽപ്പാലം എന്നിവ എത്രവേണം എന്നു കണ്ടെത്തുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. വന്ദേഭാരതിന്റെ വരവ് കേരളത്തിന്റെ റെയിൽവേ അടിസ്ഥാന സൗകര്യവികസനം വേഗത്തിലാക്കുമെന്നാണ് ഇപ്പോഴത്തെ നിഗമനം.
പക്ഷേ, കാലങ്ങളായി റെയിൽവേ പാലക്കാട് ഡിവിഷനോടും ഷൊർണൂർ ജംഗ്ഷനോട് കാണിക്കുന്ന അവഗണന ചർച്ചചെയ്യാതെ പോകുന്നത് എങ്ങിനെ?. കൊവിഡും തുടർന്നെത്തിയ ലോക്ഡൗണും യാത്രകളെയും ട്രെയിൻ സർവീസുകളെയും പരിമിതപ്പെടുത്തിയതോടെയാണ് റെയിൽവേയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച പല പദ്ധതികളെക്കുറിച്ചുമുള്ള ചർച്ചകൾ നിലയ്ക്കാൻ കാരണം.പാലക്കാടാണ് കേരളത്തിൽ റെയിൽവേ വികസനത്തിന് ഏറ്റവും കൂടുതൽ സാദ്ധ്യതയുള്ളത് .
മറ്റിടങ്ങളിലെല്ലാം കോടികളുടെ വികസനപദ്ധതികൾ നടപ്പാക്കുകയാണ്. അപ്പോൾ പാലക്കാടിനോട് കാണിക്കുന്ന അവഗണന അംഗീകരിയ്ക്കാനാകില്ല . കോച്ച് ഫാക്ടറിയുടേതുൾപ്പെടെ പാലക്കാട് റെയിൽവേയ്ക്ക് ധാരാളം ഭൂമിയുണ്ട്. റെയിൽവേ മന്ത്രി പറയുന്നത് , കോച്ച് ഫാക്ടറി പദ്ധതി ഇപ്പോൾ ആലോചനയിൽ ഇല്ലെന്നാണ്. ഈ സ്ഥലം റെയിൽവേയുടെ അനുബന്ധ വ്യവസായങ്ങൾക്കും വികസനത്തിനും ഉപകാരപ്രദമാകണം.
യുവാക്കൾക്ക് തൊഴിൽ കിട്ടാൻ വഴിയൊരുങ്ങും. . വന്ദേഭാരത് എക്സ്പ്രസിന് ഷൊർണൂർ ജംഗ്ഷനിൽ സ്റ്റോപ്പ് അനുവദിച്ചതും പാലക്കാട് പിറ്റ് ലൈൻ അംഗീകരിച്ചത് അടക്കമുള്ള വികസനപദ്ധതികളും പ്രതീക്ഷ നൽകുന്നുണ്ട് . പാലക്കാട് പൊള്ളാച്ചി റൂട്ടിൽ മുമ്പുണ്ടായിരുന്ന തീവണ്ടികൾ പുനഃസ്ഥാപിക്കേണ്ടതായിട്ടുണ്ട് . ഷൊർണൂർ, ഒറ്റപ്പാലം സ്റ്റേഷനുകളെപ്പോലെ, അടുത്തഘട്ടത്തിൽ പാലക്കാട് ടൗൺ, പട്ടാമ്പി റെയിൽവേ സ്റ്റേഷനുകളെയും നവീകരണത്തിന്റെ പട്ടികയിലുൾപ്പെടുത്തണം എന്നതാണ് പാലക്കാട് ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ.
https://www.facebook.com/Malayalivartha
























