മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു... വെസ്റ്റ് ഇംഫാലിലെ സ്‌കൂളിന് മുന്നില്‍ ഇന്ന് നടന്ന സംഘര്‍ഷത്തില്‍ സ്ത്രീവെടിയേറ്റ് മരിച്ചു

മണിപ്പൂരില്‍ ഇന്ന് നടന്ന സംഘര്‍ഷത്തില്‍ സ്ത്രീവെടിയേറ്റ് മരിച്ചു. വെസ്റ്റ് ഇംഫാലിലെ സ്‌കൂളിന് മുന്നില്‍ ഇന്ന് നടന്ന സംഘര്‍ഷത്തിലാണ് വെടിയേറ്റ് സ്ത്രീ മരിച്ചത്. മൃതദേഹം തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഒരു മാസത്തിലേറെയായി നടക്കുന്ന സംഘര്‍ഷത്തിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് മണിപ്പൂരില്‍ സ്‌കൂളുകള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്. ഈ സംഭവത്തിന് ഒരു ദിവസം മുന്‍പ് മാപാവോ, അവാംഗ് എന്നീ പ്രദേശങ്ങളില്‍ രണ്ട് സായുധസംഘങ്ങളുടെ ഏറ്റുമുട്ടല്‍ പൊലീസ് തടഞ്ഞിരുന്നു.
സംഭവത്തെ തുടര്‍ന്ന് പ്രദേശം വീണ്ടും സംഘര്‍ഷഭരിതമായി. തൗബല്‍ ജില്ലയില്‍ ഇന്ത്യന്‍ റിസര്‍വ് ബെറ്റാലിയന്‍ ഉദ്യോഗസ്ഥന്റെ വീട് ആക്രമികള്‍ തീവെച്ച് നശിപ്പിച്ചു. കഴിഞ്ഞ ദിവസം മണിപ്പൂരിലെ സുരക്ഷാ ക്യാമ്പില്‍ നിന്നും ആയുധങ്ങള്‍ കൊള്ളയടിക്കാന്‍ നടന്ന ശ്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സുരക്ഷാ സേനയുമായുണ്ടായ സംഘര്‍ഷത്തില്‍ 27കാരനായ റൊണാള്‍ഡ് ആണ് കൊല്ലപ്പെട്ടത്.
ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ഇംഫാലിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്പോഴാണ് മരിച്ചത്.ക്യാമ്പിലേക്ക് ഇരച്ചു കയറിയവരെ നിയന്ത്രിക്കാന്‍ സൈന്യം ആദ്യം കണ്ണീര്‍ വാതകഷെല്ലുകളും റബര്‍ ബുള്ളറ്റുകളും ഉപയോഗിക്കുകയായിരുന്നു. പിന്നീട് ക്യാമ്പിലേക്ക് ഇരച്ചു കയറിയവര്‍ വെടിയുതിര്‍ത്തപ്പോഴാണ് തിരിച്ച് വെടിയുതിര്‍ത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























