മോദി തമിഴ് നാട്ടില്‍ മത്സരിക്കും? വാരാണസിക്ക് പുറമെ ഇത്തവണ തമിഴ്‌നാട്ടിലെ മണ്ഡലത്തിലും, കോയമ്പത്തൂരിലൊ കന്യാകുമാരിയിലൊ മത്സരിച്ച് കാവിക്കൊടി തെക്ക് നാട്ടാനുറച്ചു തന്നെ...!

ബലേ ഭേഷ്. നരേന്ദ്ര മോദി ഇതാ മത്സരിക്കാന്‍ സീറ്റ് തേടി തമിഴ് നാട്ടിലേക്ക് വരുന്നു. കോയമ്പത്തൂരിലോ കന്യാകുമാരിയിലെ മത്സരിച്ച കാവിക്കൊടി തെക്കു നാട്ടാനുറച്ചാണ് മോദിയുടെ പുതിയ ഉന്നതമത്രെ. ഉത്തര്‍ പ്രദേശിലെ വാരണാസിക്കു പുറമെ ദക്ഷിണേന്ത്യയില്‍ ഒരു സീറ്റില്‍കൂടി പോരാടിയേക്കാമെന്നാണ് മോദിയുടെ ഉള്ളിലിരിപ്പെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. തമിഴകം അപ്പാടെ കലൈഞ്ജര്‍ കരുണാനിധിയുടെ മകന്‍ എംകെ സ്റ്റാലിന്റെ കണ്‍ട്രോലാണെന്നും തമിഴ് നാട്ടില്‍ മുപ്പതിലേറെ സീറ്റുകള്‍ ഡിഎംകെ നേടുമെന്നും തീര്‍ച്ചയായിരിക്കെ എന്തിനാണ് പാണ്ടിപ്പടയെ ഉന്നമിട്ട് മോദി തമിഴ് നാട് കയറുന്നു എന്നതാണ് ചോദ്യം.
തമിഴ് നാട്ടില്‍ ബിജെപിക്കും ആര്‍എസ്എസിനും അല്‍പം വേരുള്ള പ്രദേശമാണ് വിവേകാനന്ദപ്പാറ ഉള്‍പ്പെടെ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന കന്യാകുമാരി. അതേ സമയം കോയമ്പത്തൂരില്‍ നിലവിലെ സാഹചര്യത്തില്‍ ബിജെപിക്ക് കാര്യമായ നേട്ടമൊന്നും നേടിയെടുക്കാന്‍ സാധ്യതയുമില്ല. എഡിഎംകെയുടെ കൈ അയച്ച പിന്‍തുണ വാങ്ങിച്ചെടുത്താന്‍ പോലും തമിഴ് നാട്ടില്‍ ബിജെപി നിലവിലെ സാഹചര്യത്തില്‍ പച്ചതൊടില്ലെന്നിരിക്കെയാണ് മോദി തമിഴ് നാട്ടില്‍കൂടി മത്സരിക്കാന്‍ മോഹിക്കുന്നത്.
കര്‍ണാടകത്തിലെ ഒരു സീറ്റില്‍ മത്സരിക്കാനാണ് ആദ്യം കവടി നിരത്തിയ ഉപദേശക്കാര്‍ മോദിയോട് പറഞ്ഞിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കര്‍ണാടകം അപ്പാടെ കോണ്‍ഗ്രസ് വിഴുങ്ങുമെന്ന് ഏറെക്കുറെ തീര്‍ച്ചയാണ്. മുന്‍പ് കര്‍ണാടത്തില്‍ ഇന്ദിരാഗാന്ധി ചിക്കമംഗല്ലൂരിലും സോണിയാ ഗാന്ധി മേഡക്കിലും മത്സരിച്ച് വിജയിച്ച പാരമ്പര്യമുണ്ട്. സോണിയാ ഗാന്ധിയെ നേരിടാന്‍ ബിജെപി അക്കാലത്ത് അവരുടെ തീപ്പൊരി നേതാവ് സുഷമ സ്വരാജിനെ കളത്തിലിറക്കിയെങ്കിലും എട്ടുനിലയില്‍ പൊട്ടിപ്പോയി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അമേഠിക്കു പുറമെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ക്കൂടി മത്സരിച്ചു വിജയിച്ച അനുഭവവും മോദിയുടെ മനസിലുണ്ട്.
കേരളത്തില്‍ തിരുവനന്തപുരം സീറ്റില്‍ ഒന്ന് പരീക്ഷണം നടത്തിയാലോ എന്ന് മുന്‍പ് മോദി ആലോചിച്ചിരുന്നതായി കഥകളുണ്ട്. നിലവിലെ സാഹചര്യത്തില്‍ മോദി കേരളത്തിലേക്കൊന്നും വരാനിടയില്ല. കഴിഞ്ഞ തവണ മത്സരിച്ച ഉത്തര്‍പ്രദേശിലെ വാരാണസിക്കു പുറമെയാണ് ഇത്തവണ തമിഴ്‌നാട്ടിലെ മണ്ഡലത്തിലും മത്സരിക്കാനുള്ള മോദിയുടെ കടുത്ത ആലോചന. ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് മോദിയുടെ തമിഴ്‌നാട്ടിലേക്കുള്ള വരവ്. മോദി കന്യാകുമാരില്‍ നിന്ന് മത്സരിക്കാനാണ് മുന്തിയ പരിഗണനയെന്നു പറയുന്നു.
തമിഴ് നാട്ടിലെ ജയസാധ്യതയെക്കുറിച്ച് ഇതിനു മുന്‍പുതന്നെ വിവിധ ഏജന്‍സികള്‍ അന്വേഷണം നടത്തിയിരുന്നു. പാര്‍ട്ടി തലത്തിലും വിശദമായ നീരീക്ഷണം നടത്തിയ ശേഷമാണ് കന്യാകുമാരിയില്‍ ഒരു പരീക്ഷണമാകാം എന്ന ചിന്ത മോദിയുടെയും അമിത് ഷായുടെയും മനസില്‍ അങ്കുരിച്ചിരിക്കുന്നത്. മോദിക്കു പിന്നാലെ അമിത് ഷായെ കേരളത്തില്‍ മത്സരിപ്പിക്കാൻ ചില ബിജെപിക്കാര്‍ കേന്ദ്രത്തില്‍ ഉപദേശിച്ചുകൊടുത്തിരുന്നു. എന്നാല്‍ അമിത് ഷാ അത്തരമൊരു ഭാഗ്യപരീക്ഷണത്തില്‍ നേരിയ താല്‍പര്യം പോലും കാണിച്ചില്ല.
തമിഴ്നാട്ടില്‍ മത്സരിക്കാന്‍ മോദി കുറെ മാസങ്ങളായി കോപ്പുകൂട്ടിവരികയാണ്. കാശി തമിഴ് സംഗമവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ നടപടികള്‍ ഈ നീക്കം മുന്നില്‍ കണ്ടായിരുന്നു. കന്യാകുമാരി ബിജെപിക്ക് താരതമ്യേന ശക്തിയുള്ള മണ്ഡലമാണ്. 2021ല്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പൊന്‍ രാധാകൃഷ്ണനും കോണ്‍ഗ്രസിന്റെ വിജയകുമാറും തമ്മിലാണ് ഇവിടെ ഏറ്റുമുട്ടിയത്. ബിജെപി 4,38,087 വോട്ടും കോണ്‍ഗ്രസ് 5,76,037 വോട്ടുകളുമാണ് നേടിയത്. അതേസമയം, കോയമ്പത്തൂര്‍ മേഖലയില്‍ ഒരു എംഎല്‍എയുണ്ട് എന്ന ആത്മവിശ്വാസം ബിജെപിക്കുണ്ട്.
കോയമ്പത്തൂര്‍ സൗത്തില്‍ നിന്നുള്ള വനതി ശ്രീനിവാസനാണ് ബിജെപി എംഎല്‍എ. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂരില്‍ ബിജെപിയുടെ സി.പി. രാധാകൃഷ്ണന്‍ 3,92,007 വോട്ടാണ് നേടിയത്. സിപിഎമ്മിലെ പി.ആര്‍.നടരാജന്‍ 5,71,150 വോട്ടും നേടി. തമിഴ് നാട്ടില്‍ മോദിക്കായി പരിഗണിക്കുന്ന മറ്റൊരു മണ്ഡലമാണ് രാമനാഥപുരം. രാമേശ്വരം വെള്ളച്ചാട്ടമുള്ള പ്രമുഖ ഹൈന്ദവതീര്‍ഥാടന കേന്ദ്രം കൂടിയാണ് രാമനാഥപുരം. ദക്ഷിണകാശി എന്നാണ് മോദി അടുത്തയിടെ തമിഴ് നാടിനെ വിശേഷിപ്പിച്ചത്.
അതേസമയം തമിഴ് നാട്ടില്‍ സ്റ്റാലിന്റെ ജനകീയ ഭരണത്തെ ചെറുത്തു തോല്‍പ്പിക്കാനുള്ള കരുത്ത് നിലവില്‍ ബിജെപിക്കുണ്ടോ എന്നതിലാണ് സംശയം. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കന്യാകുമാരിയില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നതും ബിജെപ പ്രതീക്ഷയുടെ സാധ്യതയായി ചൂണ്ടിക്കാട്ടുന്നു. ഇതിനൊക്കെ മുന്നോടിയായി ആഭ്യന്തര മന്ത്രി അമിത് ഷാം കഴിഞ്ഞയാഴ്ച ചെന്നൈയില്‍ എത്തിയിരുന്നു. വീടു സന്ദര്‍ശനത്തിലൂടെ പാര്‍ട്ടിയുടെ ജനസമ്പര്‍ക്കം ശക്തിപ്പെടുത്താനും ഒരു തമിഴന്‍ വൈകാതെ പ്രധാനമന്ത്രിയാകുന്നതിനെ സ്വപ്‌നം കാണാനുമൊക്കെ അമിത് ഷാ തമിഴരെ ആവേശംകൊള്ളിക്കാന്‍ പറഞ്ഞുവച്ചിരുന്നു.
തമിഴ് നാട്ടില്‍ മോദി ജയിച്ചാല്‍ അദ്ദേഹവും ഒരു തമിഴനായി മാറുമെന്നും വാരണാസിയില്‍ ജയിച്ചാല്‍ കാശിവാലയായി മാറുമെന്നുമൊക്കെയുള്ള ഗീര്‍വാണങ്ങള്‍ അമിത് ഷാ ചെന്നൈയില്‍ വിളമ്പിയശേഷമാണ് മടങ്ങിയത്.
2010ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി തമിഴ്- ഗുജറാത്തി സാംസ്‌കാരികോത്സവത്തില്‍ മോദി മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. കാശി-തമിഴ് സംഗമം ഇത്തരത്തില്‍ മറ്റൊരു മുന്നേറ്റത്തിന്റെ തുടക്കമാമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടിരുന്നു. ചെന്നൈ വെല്ലൂരില്‍ നടന്ന പാര്‍ട്ടി റാലിയില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ തമിഴ് നാട്ടില്‍ ലക്ഷ്യം വയ്ക്കുന്നത് 25 സീറ്റുകളാണെന്നും അമിത് ഷാ പരഞ്ഞു. മാത്രവുമല്ല മോദിയുടെ പടുകൂറ്റന്‍ ബോര്‍ഡ് അമിത് ഷാ അനാച്ഛാദനം ചെയ്യുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























