ബംഗാളില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ വ്യാപക ആക്രമണം... വെടിവെയ്പും കല്ലേറും ബൂത്ത് കയ്യേറലുമടക്കമുള്ള സംഭവങ്ങളാണ് നടക്കുന്നത്; അക്രമസംഭവങ്ങളില്‍ ഇതുവരെ 11 പേര്‍ കൊല്ലപ്പെട്ടു

ബംഗാളില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ നടന്ന അക്രമസംഭവങ്ങളില്‍ ഇതുവരെ 11 പേര്‍ കൊല്ലപ്പെട്ടു. ആറ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒരു ബിജെപി പോളിംഗ് ഏജന്റും ഒരു സിപിഎം പ്രവര്‍ത്തകനും തിരഞ്ഞെടുപ്പ് ദിനത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുന്നേ ആരംഭിച്ച സംഘര്‍ഷം നിയന്ത്രിക്കാനായി കേന്ദ്രസേനയെ അടക്കം സംസ്ഥാനത്ത് വിന്യസിച്ചിരുന്നു.
എന്നാല്‍ വെടിവെയ്പും കല്ലേറും ബൂത്ത് കയ്യേറലുമടക്കം വ്യാപകമായി തന്നെ തുടരുകയാണ്. മുര്‍ഷിദാബാദില്‍ കോണ്‍ഗ്രസ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു.കുച്ച്ബിഹാറിലെ പോളിംഗ് ബൂത്തില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ബാലറ്റ് പേപ്പറുകള്‍ കത്തിച്ചു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് തദ്ദേശ തിരഞ്ഞെടുപ്പിന് കേന്ദ്ര സേനയെ വിന്യസിക്കുന്നത്.
സംഘര്‍ഷത്തിന് പിന്നില്‍ സിപിഎംകോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥികള്‍ തന്നെ തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ടിഎംസി ആരോപിച്ചു. അക്രമം നടക്കുമ്പോള്‍ കേന്ദ്രസേന എവിടെയായിരുന്നുവെന്നും പക്ഷപാതപരമായാണ് സേന പെരുമാറുന്നതെന്നും ടിഎംസി കുറ്റപ്പെടുത്തി.
73,887 സീറ്റുകളിലേയ്ക്കായി രണ്ട് ലക്ഷത്തിലേറെ സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസും ബി ജെ പിയും തമ്മിലാണ് പ്രധാന മത്സരം. ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ഉണ്ടായ സംഘര്‍ഷങ്ങളില്‍ നിരവധി പേര്‍ മുന്‍പും കൊല്ലപ്പെട്ടിരുന്നു. ഇന്നലെ കുച്ച്ബിഹാറില്‍ തൃണമൂല്‍ ബി ജെ പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ബി ജെ പി പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റു.
https://www.facebook.com/Malayalivartha



























